Enter your Email Address to subscribe to our newsletters

Kochi, 23 ഡിസംബര്‍ (H.S.)
എറണാകുളം ജനറൽ ആശുപത്രിയിൽ ഹൃദയം മാറ്റിവെച്ച നേപ്പാൾ സ്വദേശിനി ദുർഗ കാമിയുടെ ആരോഗ്യനിലയിൽ ആശങ്കയില്ലെന്ന് ഹോസ്പിറ്റൽ സൂപ്രണ്ട് ആർ. ഷാഹിർഷാ. 72 മണിക്കൂർ എങ്കിലും വെൻ്റിലേറ്ററിൽ തുടരും. പുതിയ ഹൃദയം ശരീരം തിരസ്കരിക്കരിക്കാനുള്ള ലക്ഷണങ്ങൾ ഒന്നും ഇല്ലെന്നും രോഗിക്ക് ബോധം ഉണ്ടെന്നും സൂപ്രണ്ട് പറഞ്ഞു. ആഹ്ലാദിക്കാനും, അഹങ്കരിക്കാനുമുള്ള സമയമല്ല. പൂർണ വിജയത്തിനായി എല്ലാവരും ഒത്തൊരുമിച്ച് പരിശ്രമിക്കുകയാണ്. എല്ലാം ചെയ്യുന്നത് സർക്കാരാണ്. സർക്കാരിന് വേണ്ടി നടപടികൾ പൂർത്തിയാക്കേണ്ടതും പ്രവർത്തിപ്പിക്കേണ്ടതും ഉദ്യോഗസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ആദ്യമായി സർക്കാർ ആശുപത്രിയിൽ നടത്തിയ ഹൃദയ ശസ്ത്രക്രിയയാണ് ദുർഗ കാമിയുടേത്. കഴിഞ്ഞ ദിവസം വൈകിട്ട് 6.46 ഓട് കൂടിയാണ് ശസ്ത്രക്രിയ പൂർത്തിയായത്. വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം സ്വദേശി ഷിബുവിൻ്റെ ഹൃദയമാണ് നേപ്പാൾ സ്വദേശി ദുർഗ കാമിക്ക് നൽകിയത്. തിരുവനന്തപുരത്ത് നിന്ന് സർക്കാരിന്റെ എയർ ആംബുലൻസ് വഴിയാണ് കൊച്ചിയിൽ എത്തിച്ചത്. നിലവിൽ ദുർഗ ഐസിയുവിൽ നിരീക്ഷണത്തിൽ തുടരുകയാണ്.
ഷിബുവിൻ്റെ ഇരു വൃക്കകളും കരളും നേത്ര പടലവും ചർമവും കുടുംബം ദാനം ചെയ്തിട്ടുണ്ട്. ഷിബുവിൻ്റെ അവയവങ്ങൾ ദാനം ചെയ്യാൻ സമ്മതമറിയിച്ച കുടുംബത്തിന് ആരോഗ്യമന്ത്രി വീണാ ജോർജ് നന്ദി അറിയിച്ചു. രാജ്യത്ത് ആദ്യമായാണ് ഒരു സർക്കാർ ജനറൽ ആശുപത്രിയിൽ ഓപ്പൺ ഹാർട്ട് സർജറി നടക്കുന്നത്. കഴിഞ്ഞ വർഷം ഡിസംബറിലാണ് 21 വയസ്സുകാരി ദുർഗ കാമി ഹൃദയ ചികിത്സക്കായി ആശുപത്രിയിലെത്തിയത്. ദുർഗയ്ക്ക് ഒരു സഹോദരൻ മാത്രമാണുള്ളത്. അമ്മയും സഹോദരിയും ഇതേ രോഗം വന്നാണ് മരിച്ചത്. ഇനി ദുർഗയിൽ തുടിക്കട്ടെ കേരളം സ്നേഹം പകുത്ത് നൽകിയ ഈ ഹൃദയം.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR