ഏറ്റവും ഭാരമേറിയ ഉപഗ്രഹവുമായി എൽവിഎം-3 നാളെ കുതിച്ചുയരും
New delhi, 23 ഡിസംബര്‍ (H.S.) ഐഎസ്ആർഒയുടെ ഏറ്റവും കരുത്തുറ്റ റോക്കറ്റായ എൽവിഎം-3 (LVM3) തന്റെ എട്ടാമത്തെ ദൗത്യത്തിനായി നാളെ രാവിലെ കുതിച്ചുയരും. അമേരിക്കൻ കമ്പനിയായ എഎസ്ടി സ്പേസ് മൊബൈലിന്റെ (AST SpaceMobile) ''ബ്ലൂബേർഡ് 6'' (BlueBird 6) എന്ന അത്
lv3


New delhi, 23 ഡിസംബര്‍ (H.S.)

ഐഎസ്ആർഒയുടെ ഏറ്റവും കരുത്തുറ്റ റോക്കറ്റായ എൽവിഎം-3 (LVM3) തന്റെ എട്ടാമത്തെ ദൗത്യത്തിനായി നാളെ രാവിലെ കുതിച്ചുയരും. അമേരിക്കൻ കമ്പനിയായ എഎസ്ടി സ്പേസ് മൊബൈലിന്റെ (AST SpaceMobile) 'ബ്ലൂബേർഡ് 6' (BlueBird 6) എന്ന അത്യാധുനിക വാർത്താവിനിമയ ഉപഗ്രഹത്തെയാണ് ഇന്ത്യൻ റോക്കറ്റ് ബഹിരാകാശത്ത് എത്തിക്കുന്നത്.

റെക്കോർഡ് ഭാരമായ 6,100 കിലോ വഹിച്ചാണ് ബാഹുബലി നാളെ കുതിച്ചുയരുക. ഇതുവരെ ഒരു ഇന്ത്യൻ റോക്കറ്റും ഇത്രയും ഭാരം വഹിച്ചിട്ടില്ല.നാളെ രാവിലെ 8:54നാണ് വിക്ഷേപണം നിശ്ചയിച്ചിരിക്കുന്നത്. 43.5 മീറ്റർ ഉയരവും 640 ടൺ ഭാരവുമാണ് ഈ റോക്കറ്റിന് ഉള്ളത്. ഉയരത്തിലും കരുത്തിലും മുന്നിലായതുകൊണ്ട് തന്നെയാണ് ഈ റോക്കറ്റിനെ 'ബാഹുബലി' എന്ന് വിളിക്കുന്നതും. ഇതുവരെ നടത്തിയ ഏഴ് ദൗത്യങ്ങളിലും 100% വിജയം കൈവരിച്ച റോക്കറ്റാണ് എൽവിഎം-3. ചന്ദ്രയാൻ-3 ദൗത്യം വിജയിപ്പിച്ചതും ഇതേ റോക്കറ്റാണ്.

സാധാരണ സ്മാർട്ട്‌ഫോണുകളിലേക്ക് നേരിട്ട് ബ്രോഡ്‌ബാൻഡ് ഇന്റർനെറ്റ് എത്തിക്കുക എന്നതാണ് ഈ ഉപഗ്രഹത്തിന്റെ ലക്ഷ്യം. ഇതിനായി പ്രത്യേക ആന്റിനകളോ ഉപകരണങ്ങളോ ആവശ്യമില്ല. ഈ ഉപഗ്രഹത്തിന് 2,200 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള കൂറ്റൻ ആന്റിനയുണ്ട്. ലോ എർത്ത് ഓർബിറ്റിൽ (LEO) വിന്യസിക്കുന്ന ഏറ്റവും വലിയ ആന്റിനയാണിത്.

ഐഎസ്ആർഒയുടെ വലിയൊരു കച്ചവട ദൗത്യമായി തന്നെ ഇതിനെ വിശേഷിപ്പിക്കാം. ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ വിക്ഷേപണ കരുത്ത് തെളിയിക്കാൻ ഇതിലൂടെ സാധിക്കും. എലോൺ മസ്കിന്റെ സ്പേസ് എക്സ് (SpaceX) പോലുള്ള വലിയ കമ്പനികൾക്ക് കടുത്ത മത്സരം നൽകാൻ ഈ വിജയത്തിലൂടെ ഇന്ത്യക്ക് കഴിയും.

റേഞ്ച് ഇല്ലാത്ത ഉൾനാടൻ ഗ്രാമങ്ങളിലും കടലിലും കാട്ടിലും വരെ ഇനി നേരിട്ട് ഫോണിൽ ഇന്റർനെറ്റ് കിട്ടാൻ ഇതുവഴി സാധിക്കും. ഉപഗ്രഹം വഴിയുള്ള ഇന്റർനെറ്റ് സേവനത്തിന് ഇന്ത്യയിൽ നിലവിൽ ലൈസൻസ് ഇല്ല. എന്നാലും, ഈ വിക്ഷേപണത്തോടെ ആ നിയമങ്ങൾ സർക്കാർ മാറ്റാൻ സാധ്യതയുണ്ട്.

---------------

Hindusthan Samachar / Sreejith S


Latest News