Enter your Email Address to subscribe to our newsletters

Thiruvanathapuram, 23 ഡിസംബര്‍ (H.S.)
ശബരിമലയിലെ സ്വര്‍ണക്കൊള്ളയിലെ അന്വേഷണം അട്ടിമറിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നതായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സിഎം ഓഫീസിന്റെ നിര്‍ദ്ദേശപ്രകാരം രണ്ട് മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥര്‍ പ്രത്യേക അന്വേഷണ സംഘത്തിന് മേല്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തുകയാണ്. ഈ ഉദ്യോഗസ്ഥര്‍ ഇടപെടല്‍ തുടരുകയാണെങ്കില്‍ അവരുടെ പേരുകള്‍ പരസ്യമായി വെളിപ്പെടുത്താന്‍ നിര്‍ബന്ധിതനാകുമെന്നും സതീശന്‍ മുന്നറിയിപ്പ് നല്‍കി.
ശബരിമലയിലെ സ്വര്‍ണ്ണം കവര്‍ന്ന കേസില്‍ നിലവിലെ അന്വേഷണം മന്ദഗതിയിലാണെന്നും തിരഞ്ഞെടുപ്പ് കാലത്ത് ബോധപൂര്‍വ്വമായ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായെന്നും പ്രതിപക്ഷം നേരത്തെ ആരോപിച്ചിരുന്നു. ഈ ആരോപണം ഹൈക്കോടതി ശരിവെച്ചതായും സതീശന്‍ അവകാശപ്പെട്ടു. ഹൈക്കോടതി നേരിട്ട് ഇടപെട്ട് ഒരു സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ നിയോഗിച്ചത് കൊണ്ടാണ് ഇപ്പോള്‍ അന്വേഷണം മുന്നോട്ട് പോകുന്നത്. സര്‍ക്കാര്‍ നിയന്ത്രണത്തിലായിരുന്നു എസ്.ഐ.ടി എങ്കില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരെ അറസ്റ്റ് ചെയ്യില്ലായിരുന്നുവെന്നും കേവലം ചില ജീവനക്കാരെ മാത്രം അറസ്റ്റ് ചെയ്ത് കേസ് അവസാനിപ്പിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വന്‍സ്രാവുകളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായും അന്വേഷണം പാളിയാല്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
യുഡിഎഫിലെ ഘടകകക്ഷികളുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കാന്‍ തീരുമാനിച്ചതായി പ്രതിപക്ഷ നേതാവ് അറിയിച്ചു. മുസ്ലിം ലീഗ്, കേരള കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുമായുള്ള ചര്‍ച്ചകളുടെ തീയതി ഉടന്‍ നിശ്ചയിക്കും. കോണ്‍ഗ്രസാണ് ഇതിന് മുന്‍കൈ എടുക്കുന്നത്. അതേസമയം, സംഘപരിവാര്‍ പശ്ചാത്തലമുള്ള വിഷ്ണുപുരം ചന്ദ്രശേഖരനെ യുഡിഎഫിലേക്ക് കൊണ്ടുവരാനുള്ള നീക്കം പൂര്‍ണ്ണമായും ഉപേക്ഷിച്ചതായി സതീശന്‍ വ്യക്തമാക്കി. മനസ്സുകൊണ്ട് ഇപ്പോഴും ആര്‍എസ്എസുകാരനായ ഒരാളെ മുന്നണിയിലേക്ക് പരിഗണിക്കുന്നത് പോലും തെറ്റാണെന്ന നിലപാടിലാണ് പ്രതിപക്ഷം. ഇക്കാര്യത്തില്‍ മുതിര്‍ന്ന നേതാക്കളായ രമേശ് ചെന്നിത്തല, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ നല്‍കിയ ഉപദേശങ്ങള്‍ ഗൗരവത്തോടെ കാണുന്നുവെന്നും വരുംദിവസങ്ങളില്‍ കൂടുതല്‍ സൂക്ഷ്മത പാലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
---------------
Hindusthan Samachar / Sreejith S