Enter your Email Address to subscribe to our newsletters

Pathanamthitta, 23 ഡിസംബര്‍ (H.S.)
ആറന്മുള ന്മ ശബരീശ വിഗ്രഹത്തില്‍ മണ്ഡല പൂജയ്ക്ക് ചാര്‍ത്താനുള്ള തങ്ക അങ്കി ഘോഷയാത്ര ആറന്മുളയില്‍ നിന്ന് പുറപ്പെട്ടു. പ്രത്യേകം അലങ്കരിച്ച രഥത്തിലാണ് ഘോഷയാത്ര. നാലു ദിവസം നീണ്ടു നില്‍ക്കുന്ന ഘോഷയാത്ര രാവിലെ ഏഴിനാണ് പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്നു പുറപ്പെട്ടത്. രാവിലെ 5 മുതല്‍ 7 വരെ ക്ഷേത്രാങ്കണത്തില്‍ തങ്ക അങ്കി ദര്‍ശനത്തിന് സൗകര്യം ഒരുക്കിയിരുന്നു. തിരുവിതാംകൂര്‍ മഹാരാജാവ് ചിത്തിര തിരുനാള്‍ ബാല രാമവര്‍മ ശബരിമല അയ്യപ്പസ്വാമിക്ക് മണ്ഡല പൂജയ്ക്ക് ചാര്‍ത്താനായി നടയ്ക്കു വച്ചതാണ് തങ്ക അങ്കി. വിവിധ സ്ഥലങ്ങളിലെ സ്വീകരണങ്ങള്‍ക്കു ശേഷം ഘോഷയാത്ര 26 ന് പമ്പയില്‍ എത്തും.
ആറന്മുളയില്‍ നിന്നു പുറപ്പെട്ട ഘോഷയാത്ര മൂര്‍ത്തിട്ട ഗണപതി ക്ഷേത്രം, പുന്നംതോട്ടം ദേവീക്ഷേത്രം, ചവുട്ടുകുളം, തിരുവഞ്ചാംകാവ് , നെടുംപ്രയാര്‍, കോഴഞ്ചേരി ടൗണ്‍, പാമ്പാടിമണ്‍ , കാരംവേലി, ഇലന്തൂര്‍ ഭഗവതിക്കുന്ന്, ഇലന്തൂര്‍ ഗണപതി ക്ഷേത്രം, അയത്തില്‍, മെഴുവേലി, ഇലവുംതിട്ട ,മുട്ടത്തുകോണം, പ്രക്കാനം കൈതവന, ഇടനാട്, ചീക്കനാല്‍, ഊപ്പമണ്‍ എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്കു ശേഷം രാത്രി 8ന് ഓമല്ലൂര്‍ രക്തകണ്ഠ സ്വാമി ക്ഷേത്രത്തില്‍ എത്തി വിശ്രമിക്കും. രണ്ടാം ദിവസം കോന്നി മുരിങ്ങമംഗലത്തും മൂന്നാം ദിവസം രാത്രി പെരുനാട് ക്ഷേത്രത്തിലുമാണ് വിശ്രമിക്കുന്നത്.
നാളെ രാവിലെ 8ന് ഓമല്ലൂര്‍ നിന്നു പുറപ്പെട്ട് കൊടുന്തറ,അഴൂര്‍ വഴി 10.45ന് പത്തനംതിട്ട ഊരമ്മന്‍ കോവില്‍, 11ന് പത്തനംതിട്ട ശാസ്താ ക്ഷേത്രം എന്നിവിടങ്ങളില്‍ എത്തും. കരിമ്പനയ്ക്കല്‍, മുണ്ടുകോട്ടയ്ക്കല്‍, കടമ്മനിട്ട ക്ഷേത്രം, കോട്ടപ്പാറ, കല്ലേലിമുക്ക്, പേഴുംകാട്, മേക്കൊഴൂര്‍, മൈലപ്ര, കുമ്പഴ, പാലമറൂര്‍ അമ്പലമുക്ക്, പുളിമുക്ക്, വെട്ടൂര്‍, ഇളകൊള്ളൂര്‍ മഹാദേവക്ഷേത്രം, ചിറ്റൂര്‍ മുക്ക്, ചിറയ്ക്കല്‍ എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം രാത്രി 8.30ന് കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തില്‍ എത്തി വിശ്രമിക്കും.
25ന് രാവിലെ 7.30ന് കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തില്‍നിന്നു പുറപ്പെട്ട് ചിറ്റൂര്‍ മഹാദേവ ക്ഷേത്രം, അട്ടച്ചാക്കല്‍, വെട്ടൂര്‍, മൈലാടുംപാറ, കോട്ടമുക്ക്, മലയാലപ്പുഴ ക്ഷേത്രം, മണ്ണാറക്കുളഞ്ഞി,റാന്നി തോട്ടമണ്‍കാവ് ക്ഷേത്രം എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം 3.30ന് റാന്നി രാമപുരം ക്ഷേത്രത്തില്‍ എത്തും. ഭക്ഷണത്തിനും വിശ്രമത്തിനും ശേഷം 5.30ന് ഇടക്കുളം ശാസ്താക്ഷേത്രം. വടശേരിക്കര ചെറുകാവ്, പ്രയാര്‍ മഹാവിഷ്ണു, മാടമണ്‍ ക്ഷേത്രം. എന്നിവിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി രാത്രി പെരുനാട് ശാസ്താ ക്ഷേത്രത്തില്‍ എത്തി വിശ്രമിക്കും.
26ന് രാവിലെ 8ന് പെരുനാട് ശാസ്താ ക്ഷേത്രത്തില്‍ ആരംഭിച്ച് ളാഹ സത്രം, പ്ലാപ്പള്ളി, ഇലവുങ്കല്‍, നിലയ്ക്കല്‍,ചാലക്കയം വഴി ഉച്ചയോടെ പമ്പ ത്രിവേണിയില്‍ എത്തും. അവിടെ പമ്പ ദേവസ്വം അധികൃതര്‍ സ്വീകരിച്ച് ഗണപതികോവിലിലേക്ക് ആനയിക്കും. വൈകിട്ട് 3 വരെ പമ്പ ഗണപതികോവിലില്‍ തീര്‍ഥാടകര്‍ക്ക് തങ്ക അങ്കി കണ്ടുതൊഴാന്‍ അവസരം ഉണ്ടാകും. 3ന് തങ്ക അങ്കി പെട്ടിയിലാക്കി സായുധ പൊലീസിന്റെ അകമ്പടിയോടെ സന്നിധാനത്തേക്കു പുറപ്പെടും. നീലിമലയും അപ്പാച്ചിമേടും കയറി വൈകിട്ട് 5ന് ശരംകുത്തിയില്‍ എത്തും. ദേവസ്വം അധികൃതര്‍ സ്വീകരിച്ച് വാദ്യമേളങ്ങളുടെ അകമ്പടിയില്‍ സന്നിധാനത്തേക്ക് ആനയിക്കും. പതിനെട്ടാംപടി കയറി സോപാനത്ത് എത്തുമ്പോള്‍ തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ഏറ്റുവാങ്ങി അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടത്തും. തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധന തൊഴാനാണ് ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ എത്തുന്നത്.
---------------
Hindusthan Samachar / Sreejith S