Enter your Email Address to subscribe to our newsletters

Guwahati , 23 ഡിസംബര്‍ (H.S.)
അസമിലെ പശ്ചിമ കർബി ആംഗ്ലോങ് ജില്ലയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ, ക്രമ സമാധാന നില സംരക്ഷിക്കുന്നതിനായി നിരോധനാജ്ഞ ഏർപ്പെടുത്തി. കർബി ആംഗ്ലോങ് ജില്ലാ മജിസ്‌ട്രേറ്റ് നിരോള ഫാങ്‌ചോപ്പിയാണ് സെക്ഷൻ 163 പ്രകാരമുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ഡിസംബർ 22 മുതൽ പ്രാബല്യത്തിൽ വന്ന ഈ ഉത്തരവ് പ്രകാരം അഞ്ചോ അതിലധികമോ ആളുകൾ കൂട്ടംകൂടുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു. കൂടാതെ വൈകുന്നേരം 5:00 മുതൽ രാവിലെ 6:00 വരെ ആളുകളുടെയും സ്വകാര്യ വാഹനങ്ങളുടെയും സഞ്ചാരത്തിന് പൂർണ്ണ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ജില്ലയിലെ ക്രമസമാധാന നില തകർക്കാനോ ശത്രുത വളർത്താനോ സാധ്യതയുള്ള വാക്കാലുള്ളതോ, ലിഖിതമായതോ, അച്ചടിച്ചതോ അല്ലെങ്കിൽ സോഷ്യൽ മീഡിയ വഴിയുള്ളതോ ആയ പ്രകോപനപരമായ പ്രസ്താവനകളോ സന്ദേശങ്ങളോ പ്രചരിപ്പിക്കുന്നതിനും വിലക്കുണ്ട്. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ബി.എൻ.എസ്.എസ് സെക്ഷൻ 223 പ്രകാരം നടപടിയെടുക്കുമെന്ന് അധികൃതർ അറിയിച്ചു.
സംരക്ഷിത ഗോത്രവർഗ ഭൂമിയിലെ കൈയേറ്റം ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ രണ്ടാഴ്ചയായി തദ്ദേശീയരായ ഗോത്രവർഗക്കാർ നിരാഹാര സമരം നടത്തിവരികയായിരുന്നു. തിങ്കളാഴ്ച രാവിലെ സമരക്കാരെ പോലീസ് ബലംപ്രയോഗിച്ച് നീക്കം ചെയ്തതോടെയാണ് സാഹചര്യം വഷളായത്. ഇതിൽ പ്രതിഷേധിച്ച് ആയിരക്കണക്കിന് ആളുകൾ റോഡ് ഉപരോധിക്കുകയും ഖേരോണി പാലം തടയുകയും ചെയ്തു.
പ്രതിഷേധം അക്രമാസക്തമായതോടെ ജനക്കൂട്ടം കർബി ആംഗ്ലോങ് ഓട്ടോണമസ് കൗൺസിൽ (KAAC) ചീഫ് എക്സിക്യൂട്ടീവ് മെമ്പർ തുലിറാം റോങ്ഹാങ്ങിന്റെ വീടിന് തീയിട്ടു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ സുരക്ഷാ സേന വെടിവെച്ചതിനെ തുടർന്ന് പ്രതിഷേധക്കാർക്കും ഒരു പോലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. മേഖലയിലെ സ്ഥിതിഗതികൾ നിരീക്ഷിക്കാൻ ഉന്നത പോലീസ് ഉദ്യോഗസ്ഥരും മന്ത്രിമാരും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ ഒഴിപ്പിക്കൽ നടപടികളിൽ നിയമപരമായ തടസ്സങ്ങളുണ്ടെന്നും ചർച്ചകളിലൂടെ പ്രശ്നപരിഹാരത്തിന് ശ്രമിക്കുമെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ അറിയിച്ചു.
---------------
Hindusthan Samachar / Roshith K