Enter your Email Address to subscribe to our newsletters

Kochi , 23 ഡിസംബര്‍ (H.S.)
കൊച്ചി: വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റതോടെ ജീവൻരക്ഷിക്കാനായി റോഡിൽതന്നെ ശസ്‌ത്രക്രിയയ്‌ക്ക് വിധേയനായ ലിനു(40) ചികിത്സയിലിരിക്കെ മരിച്ചു. ബൈക്ക് അപകടത്തിൽ പെട്ട് ഗുരുതരാവസ്ഥയിലായ കൊല്ലം സ്വദേശിയായ ലിനുവിന്റെ ജീവൻ രക്ഷിക്കാൻ യുവഡോക്‌ടർമാർ നടുറോഡിൽ ശസ്‌ത്രക്രിയ നടത്തിയത് ശ്രദ്ധേയമായിരുന്നു. ശേഷം ഉടൻ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായിരുന്നതിനാൽ ജീവൻ രക്ഷിക്കാനായില്ല.
കൊച്ചി ഉദയംപേരൂരിൽ വച്ചാണ് അപകടമുണ്ടായത്. അപകടത്തിലുണ്ടായ പരിക്കിനെ തുടർന്ന് ശ്വാസകോശത്തിൽ രക്തവും മണ്ണും കയറി ശ്വസനം തടസപ്പെട്ടതിനാലാണ് ലിനുവിന് അടിയന്തര ശസ്ത്രക്രിയ നൽകാൻ ഡോക്ടർമാർ തീരുമാനിച്ചത്. ആവശ്യത്തിനുള്ള മെഡിക്കൽ ഉപകരണങ്ങൾ ലഭ്യമല്ലാതിരുന്ന സാഹചര്യത്തിൽ നാട്ടുകാർ സംഘടിപ്പിച്ചുനൽകിയ ബ്ലേയ്ഡും പേപ്പർ സ്‌ട്രോയും ഉപയോഗിച്ചാണ് ശസ്ത്രക്രിയ നടത്തിയത്.
ആശുപത്രിയിൽ എത്തുന്നതുവരെ യുവാവിന്റെ ജീവൻ നിലനിൽക്കില്ലെന്ന് മനസിലായതിനാൽ മൂന്ന് ഡോക്ടർമാരും ചേർന്ന് റോഡരികിൽ തന്നെ ശസ്ത്രക്രിയ നടത്തുകയായിരുന്നു. മൊബൈൽ വെളിച്ചത്തിലായിരുന്നു ശസ്ത്രക്രിയ. അടിയന്തര ഘട്ടത്തിൽ ശസ്‌ത്രക്രിയ നടത്തിയ ഡോക്‌ടർമാർക്ക് ഗവർണർ രാജേന്ദ്ര ആർലേക്കർ അഭിനന്ദനങ്ങൾ അറിയിച്ചിരുന്നു.
---------------
Hindusthan Samachar / Roshith K