ടൈപ്പ് വണ്‍ പ്രമേഹബാധിതരായ സി.ബി.എസ്.ഇ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷകള്‍ക്ക് അധികസമയം അനുവദിക്കണം: മനുഷ്യാവകാശ കമ്മീഷന്‍
Kerala, 23 ഡിസംബര്‍ (H.S.) പത്തിലും പ്ലസ് ടുവിലും പരീക്ഷയെഴുതുന്ന ടൈപ്പ് വണ്‍ പ്രമേഹബാധിതരായ കുട്ടികള്‍ക്ക് കേരള സര്‍ക്കാര്‍ നല്‍കി വരുന്ന അധിക സമയമെന്ന ആനുകൂല്യം സി.ബി.എസ്.ഇയിലും നടപ്പിലാക്കണമെന്ന ആവശ്യം അതീവ ഗൗരവത്തോടെ സമയബന്ധിതമായി പരിഗണിക്കണമ
Kerala State Human Rights Commission


Kerala, 23 ഡിസംബര്‍ (H.S.)

പത്തിലും പ്ലസ് ടുവിലും പരീക്ഷയെഴുതുന്ന ടൈപ്പ് വണ്‍ പ്രമേഹബാധിതരായ കുട്ടികള്‍ക്ക് കേരള സര്‍ക്കാര്‍ നല്‍കി വരുന്ന അധിക സമയമെന്ന ആനുകൂല്യം സി.ബി.എസ്.ഇയിലും നടപ്പിലാക്കണമെന്ന ആവശ്യം അതീവ ഗൗരവത്തോടെ സമയബന്ധിതമായി പരിഗണിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഉത്തരവിട്ടു.

സി.ബി.എസ്.ഇ. സെക്രട്ടറിക്കും കേരള റീജണല്‍ ഡയറക്ടര്‍ക്കുമാണ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയത്. ടൈപ്പ് വണ്‍ ബാധിതരായ കുട്ടികള്‍ക്ക് പരീക്ഷകള്‍ക്ക് അധികസമയം അനുവദിക്കാതിരിക്കുന്നത് സമത്വത്തിനുള്ള അവകാശത്തിന്റെ ലംഘനമാണെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. രോഗബാധിതരായ കുട്ടികളോട് സി.ബി.എസ്.ഇ. ബോര്‍ഡ് ഇത്തരം സമീപനം തുടര്‍ന്നാല്‍ അത് നിയമലംഘനമായി മാറുമെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.

കേരള സര്‍ക്കാര്‍ 10, 12 ക്ലാസിലെ രോഗബാധിതരായ കുട്ടികള്‍ക്ക് പരീക്ഷയെഴുതാന്‍ മണിക്കൂറിന് 20 മിനിറ്റ് അധിക സമയം അനുവദിച്ചിട്ടുണ്ട്. അടുത്ത കാലത്ത് ഇത് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷയെഴുതുന്ന കുട്ടികള്‍ക്കും ബാധകമാക്കി.

കമ്മീഷന് പരാതി നല്‍കിയ ടൈപ്പ് വണ്‍ ഡയബറ്റ്‌സ് ഫൗണ്ടേഷന്‍ ഭാരവാഹിയായ ബുഷ്‌റ ഷിഹാബ് സി.ബി.എസ്.ഇ. ബോര്‍ഡ് സെക്രട്ടറിക്ക് അപേക്ഷ നല്‍കാന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. അപേക്ഷ ലഭിച്ചാല്‍ അത് ഓള്‍ ഇന്ത്യാ മെഡിക്കല്‍ സയന്‍സസ് പോലുള്ള സ്ഥാപനങ്ങളിലെ വിദഗ്ദ്ധര്‍ക്ക് കൈമാറണം. അവര്‍ നല്‍കുന്ന ഉപദേശം പരാതിക്കാരിക്ക് കൈമാറണം. തുടര്‍ന്ന് പരാതിക്കാരിയെ വീഡിയോ കോണ്‍ഫറസിലൂടെ കേട്ട് രണ്ടു മാസത്തിനകം തീരുമാനമെടുക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. അന്തസോടെ ജീവിക്കാനുള്ള കുട്ടികളുടെ അവകാശത്തിന് ലംഘനമുണ്ടാകരുതെന്നും ഉത്തരവില്‍ പറഞ്ഞു. തീരുമാനം മനുഷ്യാവകാശ കമ്മീഷനെ അറിയിക്കണം.

---------------

Hindusthan Samachar / Sreejith S


Latest News