Enter your Email Address to subscribe to our newsletters

Kochi, 24 ഡിസംബര്‍ (H.S.)
കോർപ്പറേഷൻ മേയറായി മിനിമോളും ഡെപ്യൂട്ടി മേയറായി ദീപക്ക് ജോയിയും ചുമതലയേൽക്കും. എന്നാൽ മേയർ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയ ജില്ലാ നേതൃത്വത്തിൻ്റെ നടപടിക്കെതിരെ പരാതി നൽകാനൊരുങ്ങുകയാണ് മുന്‍ മേയര്‍ ദീപ്തി മേരി വർഗീസ്. എഐസിസിക്കും കെപിസിസിക്കുമായി ഇന്ന് പരാതി നൽക്കും.
മേയർ സ്ഥാനത്തേക്ക് പരിഗണിക്കാത്തതിൽ പരിഭവമില്ലെന്നായിരുന്നു ദീപ്തി മേരി വര്‍ഗീസിൻ്റെ ആദ്യ പ്രതികരണം. മേയര്‍ ആക്കാത്തതില്‍ പ്രതിഷേധിച്ച് താന്‍ കെപിസിസി നേതൃത്വത്തിന്‍ ഒരു പരാതിയും നല്‍കിയിട്ടില്ലെന്നും ദീപ്തി മേരി വര്‍ഗീസ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പിന്നാലെയാണ് ഹൈക്കമാൻ്റിനടക്കം പരാതി നൽകുകയാണെന്ന വാർത്ത പുറത്തുവരുന്നത്.
കോർ കമ്മിറ്റി യോഗം ചേരാതെ ഏകപക്ഷീയമായാണ് ജില്ലാ നേതൃത്വം തീരുമാനമെടുത്തതെന്നാണ് ദീപ്തിയുടെ ആരോപണം. അതേസമയം പാര്‍ട്ടിക്ക് തെറ്റു പറ്റിയിട്ടുണ്ടെങ്കില്‍ തിരുത്തേണ്ടത് നേതൃത്വത്തില്‍ ഇരിക്കുന്നവരാണെന്ന് കഴിഞ്ഞ ദിവസം ദീപ്തി പറഞ്ഞിരുന്നു. ചില കാര്യങ്ങള്‍ എന്തുകൊണ്ട് പാലിക്കപ്പെട്ടില്ലെന്ന് നേതൃത്വം തന്നെയാണ് ആലോചിക്കേണ്ടതെന്നും ദീപ്തി മേരി വര്‍ഗീസ് നേതൃത്വത്തിനെതിരെ ഒളിയമ്പെയ്യുകയും ചെയ്തു.
'സര്‍ക്കുലറില്‍ ഏതൊക്കെയാണ് പാലിച്ചതെന്നും ഏതാണ് പാലിക്കപ്പെടാത്തതെന്നുമൊക്കെയുള്ള കാര്യങ്ങള്‍ കെപിസിസിക്ക് അറിയാമല്ലോ. ഗ്രൂപ്പ് ഇടപെടലുണ്ടായോ എന്ന് നോക്കിയിട്ടേ പറയാനാകൂ. ഇപ്പോള്‍ പറയാന്‍ പറ്റില്ല. എന്നെ ആരും അവഗണിച്ചിട്ടില്ല. എന്നെ പാര്‍ട്ടി വലിയ ഉത്തരവാദിത്തമാണ് നല്‍കിയത്. കൊച്ചി നഗരസഭയുടെ തെരഞ്ഞെടുപ്പിന്റെ ചാര്‍ജ് ഏറ്റെടുത്ത് വിഡി സതീശന്‍ വന്ന ദിവസം തന്നെ തന്നോട് മത്സരിക്കണമെന്ന് പറഞ്ഞു. അതിന്റെ നേതൃത്വം ഏറ്റെടുക്കണമെന്നും പറഞ്ഞു. പുതുതായി മത്സരിക്കാന്‍ വരുന്നവര്‍ക്ക് എല്ലാ പിന്തുണയും ഞാന്‍ നല്‍കിയിട്ടുണ്ട്,' ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു.
താന്‍ ഇരിക്കുന്നത് പാര്‍ട്ടിയുടെ ഉന്നത സമിതിയിലാണ്. ഇപ്പോള്‍ മേയറായി തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് കീഴില്‍ ഇരിക്കേണ്ടി വരുന്നതില്‍ ഒരു ബുദ്ധിമുട്ടുമില്ല. അവര്‍ ഒക്കെ സഹപ്രവര്‍ത്തകരാണെന്നും ദീപ്തി പറഞ്ഞു.
പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്ന് വലിയ പിന്തുണ ലഭിച്ചു. അതാണ് തന്റെ ശക്തി. ആ പിന്തുണ പാര്‍ട്ടിക്ക് ലഭിക്കുന്നതാണ്. ദീപ്തിക്കെന്ന വ്യക്തിക്കല്ല. മേയറാകുന്നതോ പാര്‍ലമെന്ററി രംഗത്ത് മത്സരിക്കുന്നതോ ഒന്നുമല്ല വലിയ കാര്യം. പാര്‍ട്ടി പ്രവര്‍ത്തകയെന്ന നിലയില്‍ അതിശക്തമായി മുന്നോട്ട് പോകും. ആരോടും പരിഭവമില്ല.
നിലവിലെ പ്രഖ്യാപനത്തില്‍ പാര്‍ട്ടിക്ക് എന്തെങ്കിലും തരത്തില്‍ തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ അത് നേതൃത്വം ആലോചിക്കട്ടെ. അത്രമാത്രമേ പറയാന്‍ കഴിയൂ. തെറ്റുകള്‍ എപ്പോഴും നമ്മള്‍ തിരുത്തണം. പാര്‍ട്ടിക്ക് എന്തെങ്കിലും തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ അത് തിരുത്തേണ്ടത് നേതൃത്വത്തില്‍ ഇരിക്കുന്നവരാണ്. അങ്ങനെ തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ കൂടിയാലോചിച്ച് വേണം തെറ്റ് പറ്റിയിട്ടുണ്ടോ എന്ന് വിശകലനം ചെയ്യാന്‍ എന്നും ദീപ്തി പറഞ്ഞു.
പാര്‍ട്ടി എന്ത് തീരുമാനിച്ചാലും അതിനൊപ്പമാണ് താന്‍ നിലകൊള്ളുന്നത്. അതില്‍ പാര്‍ട്ടിക്ക് എന്തെങ്കിലും തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിക്കേണ്ട സ്ഥലത്ത് ചൂണ്ടിക്കാണിക്കും. മത്സരിക്കാനിറങ്ങുമ്പോള്‍ നഗരസഭ എല്‍ഡിഎഫില്‍ നിന്നും തിരിച്ചുപിടിക്കുക എന്നത് മാത്രമായിരുന്നു ലക്ഷ്യം. അത് ചെയ്തതില്‍ അതിയായ സന്തോഷമുണ്ടെന്നും ദീപ്തി പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR