Enter your Email Address to subscribe to our newsletters

Kochi, 24 ഡിസംബര്‍ (H.S.)
കേന്ദ്ര പൊതുമേഖല സ്ഥാപനമായ കളമശേരി എച്ച്എംടിയിലെ വൈദ്യുതി പുനഃസ്ഥാപിച്ച് കെഎസ്ഇബി. 32 കോടിയുടെ കുടിശിക അടയ്‌ക്കാത്തതിനെത്തുടർന്ന് കഴിഞ്ഞ ദിവസമാണ് എച്ച്എംടിയുടെ ഫ്യൂസ് ഊരിയത്. പിന്നാലെ എച്ച്എംടി കമ്പനി അധികൃതർ മന്ത്രിമാരായ പി രാജീവ്, കെ കൃഷ്ണൻകുട്ടി എന്നിവരുമായി ചർച്ച നടത്തി.
മന്ത്രിതല ചർച്ചയിലാണ് വൈദ്യുതി ബന്ധം പുനസ്ഥാപിക്കാൻ തീരുമാനമായത്. ജനുവരി 15ന് ഉള്ളിൽ എച്ച്എംടിയും കെഎസ്ഇബിയും തമ്മിലുള്ള പ്രശ്നം പരിഹരിക്കാനും ചർച്ചയിൽ തീരുമാനമായി. കുടിശിക ഇനത്തിൽ 20 ലക്ഷം രൂപ എച്ച്എംടി അധികൃതർ തിങ്കളാഴ്ച കെഎസ്ഇബിയിൽ അടക്കും.
കുടിശിക അടയ്ക്കാത്തത് കാട്ടി ഡിസംബർ എട്ടിന് കമ്പനിക്ക് കെഎസ്ഇബി നോട്ടീസ് നൽകിയിരുന്നു. നോട്ടീസ് ലഭിച്ച കാര്യം ട്രേഡ് യൂണിയനുകളെപ്പോലും മാനേജ്മെൻ്റ് അറിയിച്ചിരുന്നില്ല. ഇത് എച്ച്‌എംടി മാനേജ്മെൻ്റ് ഗൗരവത്തിലെടുക്കാത്തതാണ് വൈദ്യുതി വിച്ഛേദിക്കുന്നതിന് കാരണമായത്. വൈദ്യുതി വിച്ഛേദിച്ചതോടെ കമ്പനിയുടെ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചു. എച്ച്എംടി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുമ്പോഴാണ് കെഎസ്ഇബി ഇത്തരത്തിലൊരു നടപടി എടുത്തത്.
2007-2008 കാലത്ത് കമ്പനിയുടെ വൈദ്യുതി കുടിശിക 14 കോടിയായിരുന്നു. അന്ന് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിൽ 10 കോടി രൂപ അടച്ചാൽ മതിയെന്ന് ധാരണയായി. അതോടൊപ്പം എച്ച്‌എംടിയുടെ വിൽപ്പനാവകാശമുള്ള അഞ്ചേക്കർ ഭൂമി കെഎസ്ഇബി ആവശ്യപ്പെടുകയും ചെയ്തു. ഈ ഘട്ടത്തിൽ എട്ടുകോടി രൂപയാണ് കമ്പനി കുടിശിക ഇനത്തിൽ അടച്ചത്. വിവിധ കാരണങ്ങളാൽ ഭൂമികൈമാറ്റവും നടന്നുമില്ല.
ഇതോടെ ഒറ്റത്തവണ തീർപ്പാക്കൽ ധാരണ അസാധുവായി. 14 കോടി രൂപ കുടിശികയിൽ ആറുകോടി അടയ്‌ക്കാൻ ബാക്കിയായി. കെഎസ്ഇബിയുടെ 2024ലെ കണക്കനുസരിച്ച് 9.75 കോടി രൂപ മുതലും 20.45 കോടി രൂപ പലിശയുമാണ്. നിലവിലെ കുടിശ്ശിക 30.20 കോടിയാണ്. എന്നാൽ ഇത്രയും തുക കുടിശിക വരില്ലെന്നാണ് കമ്പനിയുടെ നിലപാട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR