Enter your Email Address to subscribe to our newsletters

Kochi, 24 ഡിസംബര്‍ (H.S.)
കേരളത്തിലെ വ്യവസായ നഗരമായ കൊച്ചിയുടെ ഭരണം തിരികെ പിടിക്കാൻ കഴിഞ്ഞതിന്റെ ആവേശത്തിലായിരുന്നു കോണ്‍ഗ്രസ്. എന്നാല്‍ മേയർ സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം രൂക്ഷമാവുകയും ഇരുവിഭാഗമായി ചേരിതിരിഞ്ഞത് ആരോപണവും പ്രത്യാരോപണവുമായി രംഗത്തുവന്നതോടെ തിരഞ്ഞെടുപ്പിലുണ്ടായ നേട്ടങ്ങളുടെ ശോഭ കെടുത്തുകയാണ് നേതാക്കള്‍.
ഒരു വിഭാഗം നേതാക്കള്‍ കൊച്ചി മേയറായി ഉയർത്തിക്കാട്ടിയ ദീപ്തി മേരി വർഗീസിനെ നേതൃത്വം തഴഞ്ഞതോടെയാണ് കോണ്‍ഗ്രസില്‍ തർക്കങ്ങള്‍ക്ക് തുടക്കമായത്. മേയർ സ്ഥാനത്തേക്ക് ലത്തീൻ കത്തോലിക്കരായവരെ പരിഗണിക്കണമെന്ന രൂപതാതാദ്ധ്യക്ഷന്റെ ആവശ്യവും ദീപ്തിയെ തഴയാൻ കാരണമായതായി ആരോപണം ഉയർന്നതോടെ വിഷയം കൂടുതല്‍ സങ്കീർണമായി.
ദീപ്തി മേരി വർഗീസിനെ പരിഗണിക്കേണ്ടതില്ലെന്നും, പകരം മിനിമോള്‍, ഷൈനി എന്നിവരെ പരിഗണിക്കാനും ഡി സി സി തീരുമാനം പ്രഖ്യാപിച്ചതോടെ ദീപ്തിയെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയവർ ക്ഷുഭിതരായി. കൊച്ചി മേയർ സ്ഥാനം ഇത്തവണ വനിതാ സംവരണമാണെന്ന പ്രഖ്യാപനം വന്നതുമുതല്‍ യു ഡി എഫ് ഉയർത്തിക്കാട്ടിയ പേരായിരുന്നു ദീപ്തി മേരി വർഗീസിന്റേത്. മുതിർന്ന നേതാക്കളെ കളത്തിലിറക്കി കോർപ്പറേഷൻ ഭരണം പിടിക്കുകയെന്ന കെ പി സി സി യുടെ നിർദേശം പരിഗണിച്ചാണ് കെ പി സി സി ജനറല്‍ സെക്രട്ടറിയും വനിതാ നേതാവുമായ ദീപ്തിയെ മത്സരരംഗത്തിറക്കിയത്. കലൂർ സ്റ്റേഡിയം ഡിവിഷനില്‍ നിന്നും മത്സരിച്ച് വിജയിച്ച ദീപ്തി മേയറാവുമെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന അന്നുമുതല്‍ വന്നതോടെ പാർട്ടി അണികളും ആവേശത്തിലായിരുന്നു. എന്നാല്‍ മേയർ സ്ഥാനത്തേക്ക് കൂടുതല്‍ വനിതാ നേതാക്കള്‍ പരിഗണിക്കപ്പെട്ടതോടെ വിഷയം സങ്കീർണമായി.
നാല് തവണ കൗണ്‍സിലറും, അതില്‍ ഒരു തവണ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ വി കെ മിനി മോള്‍ മേയറാവട്ടെ എന്നായി പാർട്ടിയിലെ ഒരു പക്ഷം. സൗമിനി ജയിൻ മേയറായ ഘട്ടത്തില്‍ ഒരു വർഷം മേയർ സ്ഥാനം ആവശ്യപ്പെട്ട ഷൈനി മാത്യുവിനെ ഇത്തവണ മേയറാക്കമമെന്ന് പശ്ചിമ കൊച്ചിയില്‍ നിന്നുള്ള നേതാക്കള്‍ ആവശ്യമുന്നയിച്ചു. മേയറായി അണികള്‍ കൊണ്ടുനടന്ന ദീപ്തി ഔട്ടായി. മിനിമോള്‍, ഷൈനി മാത്യു എന്നീ രണ്ട് വനിതാ നേതാക്കള്‍ രണ്ടര വർഷം വീതം മേയർ സ്ഥാനം പങ്കിടാൻ തീരുമാനമുണ്ടായി. ഇതോടെ ദീപ്തിയെ പിന്തുണച്ചിരുന്ന ഒരു വിഭാഗം നേതാക്കള്‍ പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ച് രംഗത്തെത്തുകയായിരുന്നു. ഇതോടെ കോണ്‍ഗ്രസില്‍ തമ്മിലടിയും പഴിചാരലും തകൃതിയായി അരങ്ങേറുകയാണ്. തിരഞ്ഞെടുപ്പ് വിജയത്തിന്റെ ശോഭകെടുത്തുന്ന നീക്കങ്ങളാണ് ചില നേതാക്കളില്‍ നിന്നും ഉണ്ടായത്. മാത്യു കുഴല്‍നാടൻ, അജയ് തറയില്‍ എന്നിവർ പരസ്യപ്രതികരണവുമായി രംഗത്തെത്തിയതോടെ നേതാക്കള്‍ ഇരു ചേരികളിലായി. തീരുമാനത്തിനെതിരെ ആദ്യം രംഗത്തെത്തിയത് മാത്യു കുഴല്‍നാടനായിരുന്നു. തൊട്ടു പിന്നാലെ മുതിർന്ന നേതാവായ അജയ് തറയിലും രംഗത്തെത്തി.
ദീപ്തിയുടെ അധ്വാനം പാർട്ടി പരിഗണിക്കുമെന്നായിരുന്നു കരുതിയിരുന്നതെന്നും എന്നാല്‍ അതുണ്ടായില്ലെന്നുമായിരുന്നു കുഴല്‍നാടന്റെ പ്രതികരണം. ഒരു വാതില്‍ അടയുമ്ബോള്‍ ഒരുപാട് വാതിലുകള്‍ തുറക്കും. രാഷ്ട്രീയത്തില്‍ എന്നത്തേക്കും ആർക്കും ആരേയും മാറ്റി നിർത്താനാവില്ലെന്നും കുഴല്‍നാടൻ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. കെ എസ് യു മുതല്‍ കെ പി സി സി വരെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരാള്‍ക്ക് പാർട്ടിയില്‍ എതിർപ്പുണ്ടാവുമെന്നും അതേസമയം പല സാഹചര്യങ്ങളില്‍ നിന്നും പല പദവികളിലേക്കും, പാർട്ടിയുടെ മുന്നണികളിലേക്ക് വരുന്നവരുമുണ്ട്, അവർക്ക് എതിർപ്പുകള്‍ കുറവായിരിക്കും. പാർട്ടിക്ക് വേണ്ടി ത്യാഗം സഹിക്കാത്തവർക്ക് എതിർപ്പുകള്‍ കുറവായിരിക്കുമെന്നുമായിരുന്നു മാത്യു കുഴല്‍ നാടന്റെ കുറിപ്പ്. കൂടിയാലോചനകളില്ലാതെയാണ് മേയർ പ്രഖ്യാപനമെന്നാണ് അജയ് തറയില്‍ ആരോപിച്ചത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR