Enter your Email Address to subscribe to our newsletters

Kochi, 24 ഡിസംബര്‍ (H.S.)
മേയർ സ്ഥാനത്തെ ചൊല്ലി കോൺഗ്രസിൽ തർക്കം രൂക്ഷം. ഡിസിസിക്കെതിരെ തുറന്നടിച്ച് അജയ് തറയിലും ദീപ്തി മേരി വർഗീസും രംഗത്തെത്തി. ഡിസിസിക്ക് വീഴ്ച സംഭവിച്ചെന്നും കെപിസിസി സർക്കുലർ പാലിക്കപ്പെട്ടില്ലെന്നും ദീപ്തി മേരി വർഗീസ് ആരോപിച്ചു. ഡിസിസി അധ്യക്ഷൻ ജില്ലയിലെ ഗ്രൂപ്പ് കളിക്ക് നേതൃത്വം നൽകുന്നെന്നാണ് അജയ് തറയലിൻ്റെ ആരോപണം.
മേയർ പദവിയിലേക്ക് ഒന്നിലധികം സ്ഥാനാർഥികളുണ്ടെങ്കിൽ കോർ കമ്മിറ്റി കൂടണമെന്ന കെപിസിസി നിർദേശം പാലിക്കപ്പെട്ടില്ലെന്നാണ് ദീപ്തി മേരി വർഗീസിൻ്റെ ആരോപണം. തനിക്ക് പിന്തുണ ഇല്ലെന്ന് പറയുന്നത് തെറ്റാണെന്നും കൗൺസിലർമ്മാരുടെ അഭിപ്രായം തേടിയതിൽ സുതാര്യത ഇല്ലെന്നും ദീപ്തി ആരോപിച്ചു.
കൗൺസിലർമ്മാർക്ക് സ്വതന്ത്രമായി അഭിപ്രായം രേഖപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. സുതാര്യമായ തെരഞ്ഞെടുപ്പാണ് നടന്നതെങ്കിൽ തീരുമാനം മറ്റൊന്നായേനേ. നേതൃത്വം നൽകിയവർ മറുപടി പറയണം. തെരഞ്ഞെടുപ്പിന് ശേഷം മേയർ സ്ഥാനം സംബന്ധിച്ച് ഒരു ചർച്ചയും നടന്നിട്ടില്ലെന്നും ദീപ്തി പറഞ്ഞു.
അതേസമയം കൊച്ചി കോർപ്പറേഷനിൽ ദീപ്‌തിയെ മേയറാക്കാതിരിക്കാൻ ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിൽ ഗ്രൂപ്പ് പ്രവർത്തനം നടന്നെന്നാണ് അജയ് തറയിലിന്റെ ആരോപണം. ഗ്രൂപ്പ് മാനേജർമാർ കൗൺസിലർമാരെ ഭീഷണിപ്പെടുത്തി. എൻ. വേണുഗോപാൽ അടക്കമുള്ളവർ പുതിയ ഗ്രൂപ്പുണ്ടാക്കി പ്രവർത്തനം നടത്തിയെന്നും അജയ് തറയിൽ ആരോപിച്ചു. ദീപ്തിയോട് ചെയ്തത് നീതിയില്ലായ്‌മയാണെന്നും അജയ് തറയിൽ പറഞ്ഞു.
എന്നാൽ ദീപ്തിയുമായി യാതൊരു പ്രശ്നവും ഇല്ലെന്നാണ് കൊച്ചി നിയുക്ത മേയർ വി.കെ. മിനിമോൾ പറഞ്ഞത്. ദീപ്തി എന്നും നല്ല സുഹൃത്തായിരിക്കും. രണ്ടര വർഷക്കാലം നല്ല രീതിയിൽ മുന്നോട്ടു പോകുമെന്നും വി.കെ.മിനിമോൾ പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR