Enter your Email Address to subscribe to our newsletters

Pathanamthitta, 24 ഡിസംബര്‍ (H.S.)
തുടർച്ചയായ രണ്ടാംദിവസവും സന്നിധാനത്തിന് ഉത്സവപ്രതീതി പകർന്നു കർപ്പൂരാഴി ഘോഷയാത്ര. സന്നിധാനത്തു സേവനമനുഷ്ഠിക്കുന്ന പോലീസുകാരുടെ നേതൃത്വത്തിലാണ് വർണാഭമായ കർപ്പൂരാഴി ഘോഷയാത്ര ബുധനാഴ്ച സന്ധ്യക്കു നടന്നത്.
ദീപാരാധനയ്ക്കുശേഷം കൊടിമരത്തിന് മുന്നിൽനിന്നു ക്ഷേത്രം തന്ത്രി കണ്ഠര് മഹേഷ് മോഹനരും മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരിയും ചേർന്ന് കർപ്പൂരാഴിയ്ക്ക് അഗ്‌നി പകർന്നു തുടക്കം കുറിച്ചു. ഘോഷയാത്ര ഫ്ളൈ ഓവർ കടന്നു മാളികപ്പുറം ക്ഷേത്രസന്നിധിവഴി നടപ്പന്തലിൽ വലം വച്ചു പതിനെട്ടാംപടിയ്ക്കു മുന്നിലാണ് സമാപിച്ചത്.
സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ, എ.ഡി.ജി.പിമാരായ എസ്. ശ്രീജിത്ത്്, എച്ച്. വെങ്കിടേഷ്, പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ്്, സന്നിധാനം സ്‌പെഷൽ ഓഫീസർ പി. ബാലകൃഷ്ണൻ നായർ, ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ ഒ.ജി. ബിജു, സ്പെഷൽ കമ്മിഷണർ ജയകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. സന്നിധാനത്തു ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥർ, ദേവസ്വം ബോർഡ് ജീവനക്കാർ, ശബരിമലയിൽ ചുമതലയുള്ള വിവിധ വകുപ്പുകളിലെ ജീവനക്കാർ എന്നിവർ ഘോഷയാത്രയിൽ പങ്കെടുത്തു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR