Enter your Email Address to subscribe to our newsletters

Thiruvananthapuram, 24 ഡിസംബര്‍ (H.S.)
ഫെബ്രുവരി 12ന് പൊതു പണിമുടക്കിന് ആഹ്വാനം ചെയ്‌ത് ട്രേഡ് യൂണിയനുകളുടെ കൂട്ടായ്‌മ.
ലേബർ കോഡ്, വിബി-ജി റാം ജി നിയമം തുടങ്ങിയവ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പൊതുപണിമുടക്ക്. കേന്ദ്ര ട്രേഡ് യൂണിയനുകളുടെയും മേഖലാ ഫെഡറേഷനുകളുടെയും അസോസിയേഷനുകളുടെയും നേതൃത്വത്തിലാണ് പൊതുപണിമുടക്ക്.
ജനങ്ങളുടെ അവകാശങ്ങൾക്കു നേരെ മോദി സർക്കാർ നിരന്തരം അക്രമണം അഴിച്ചുവിടുകയാണെന്ന് സെൻട്രൽ ട്രേഡ് യൂണിയനുകളുടെ ജോയിന്റ് പ്ലാറ്റ്ഫോം ആരോപിച്ചു. സംയുക്ത കിസാൻ മോർച്ച ജനുവരി 16ന് രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്‌തിട്ടുണ്ട്.
മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കാനുള്ള ബി ജെ പി നീക്കം അവസാനിപ്പിക്കുക, സ്വകാര്യ കുത്തകളെ സഹായിക്കാൻ രാജ്യത്തെ ഉന്നതവിദ്യാഭ്യാസമേഖലയിൽ കേന്ദ്രസർക്കാർ കൊണ്ടുവരുന്ന വികസിത് ഭാരത് ശിക്ഷാ അധിഷ്ഠാൻ ബിൽ 2025 റദ്ദാക്കുക, കാർഷിക–ഗാർഹിക-ചെറുകിട ഇടത്തരം വ്യവസായ വൈദ്യുതി ഉപഭോക്താക്കളെയും രാജ്യത്തെ പൊതു വൈദ്യുതി മേഖലയെയും തകർക്കുന്ന കരട് വൈദ്യുതി (ഭേദഗതി) ബില്ലിൽ നിന്ന് പിന്തിരിയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.
ഇൻഷ്വറൻസ് മേഖലയിൽ 100 ശതമാനം നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിച്ചതിൽ പ്രതിഷേധിച്ചുമാണ് പണിമുടക്ക്.
ആണവോർജ്ജ മേഖല രാജ്യത്തെയും വിദേശത്തെയും സ്വകാര്യകുത്തകകൾക്ക് തുറന്നുകൊടുത്തതിൽ ട്രേഡ് യൂണിയനുകൾ ശക്തമായ രോഷം പ്രകടിപ്പിച്ചു. സിഐടിയു, ഐഎൻടിയുസി, എഐടിയുസി, എച്ച്എംഎസ്, എഐയുടിയുസി, ടിയുസിസി, സേവ, എഐസിസിടിയു, എൽപിഎഫ്, യുടിയുസി എന്നീ ട്രേഡ് യൂണിയനുകളുടെ ഐക്യവേദിയാണ് പണിമുടക്കിന് തീരുമാനമടുത്തത്.
ജനുവരി ഒമ്പതിന് ന്യൂഡൽഹിയിലെ എച്ച്കെഎസ് ഭവനിൽ നടക്കുന്ന ദേശീയ തൊഴിലാളി കൺവെൻഷനിൽ പണിമുടക്ക് പ്രഖ്യാപനമുണ്ടാകും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR