Enter your Email Address to subscribe to our newsletters

Kochi, 24 ഡിസംബര്‍ (H.S.)
നടിയെ ആക്രമിച്ച കേസിൽ ശിക്ഷ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് രണ്ടാം പ്രതി മാർട്ടിൻ ഹൈക്കോടതിയിൽ. കേസുമായി ബന്ധമില്ലെന്നും എട്ടാം പ്രതിയെ കുറ്റവിമുക്തനാക്കിയെന്നും മാർട്ടിൻ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു. കേസിൽ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തുകയും മാർട്ടിന് 20 വർഷം തടവ് വിധിക്കുകയും ചെയ്തിരുന്നു. ഗൂഢാലോചനയടക്കം 12 വകുപ്പുകൾ മാർട്ടിനെതിരെ നിലനിൽക്കുമെന്നും വിചാരണക്കോടതി കണ്ടെത്തിയിരുന്നു. എന്നാൽ ചുമത്തിയ വകുപ്പുകളും തനിക്കെതിരായ വിചാരണക്കോടതിയുടെ കണ്ടെത്തലുകളും ശരിയല്ല എന്നാണ് മാർട്ടിൻ ഹർജിയിൽ പറയുന്നത്.
കേസിലെ എട്ടാം പ്രതിയായ ദിലീപിനും തനിക്കുമെതിരെ ചുമത്തിയിരിക്കുന്നത് ഒരേ വകുപ്പാണ്. എന്നാൽ ദിലീപിനെതിരെ ചുമത്തിയ വകുപ്പുകൾ തെളിയിക്കാനായില്ല. അങ്ങനെയെങ്കിൽ തനിക്കെതിരായ വകുപ്പുകൾ എങ്ങനെ നിലനിൽക്കുമെന്നും മാർട്ടിൻ ഹർജിയിൽ ചോദിക്കുന്നുണ്ട്. മാർട്ടിൻ്റെ അപ്പീൽ ഹൈക്കോടതിയിൽ ഫയൽ ചെയ്തിട്ടുണ്ട്. ക്രിസ്മസ് അവധിക്ക് ശേഷമാകും ഹർജി പരിഗണിക്കുന്നതിൽ കോടതിയുടെ തീരുമാനം ആകുക. നേരത്തെ അഞ്ചാം പ്രതി വടിവാൾ സലിം, ആറാം പ്രതി പ്രദീപ് തുടങ്ങിയവരും ഇതേ ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയെ സമീപിച്ചിരുന്നു.
അതേസമയം, നടിയെ ആക്രമിച്ച കേസിൽ അപ്പീൽ നൽകാൻ ഉത്തരവിട്ട് സർക്കാർ. ഡിജിപിയുടെയും സ്പെഷ്യൽ പ്രോസിക്യൂട്ടറുടെയും ശുപാർശകൾ അംഗീകരിച്ചാണ് അനുമതി നൽകിയത്. ക്രിസ്‍മസ് അവധിക്ക് ശേഷം അപ്പീൽ സമർപ്പിക്കും. ഡിജിറ്റൽ തെളിവുകൾ തള്ളിയത് നിസാര കാരണങ്ങൾ പറഞ്ഞെന്ന് അപ്പിലീൽ ചുണ്ടിക്കാട്ടും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR