Enter your Email Address to subscribe to our newsletters

Thiruvanathapuram, 24 ഡിസംബര്‍ (H.S.)
പൊലീസിലെ ദുഷ്പ്രവണതകള്‍ക്കെതിരെയും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള വീഴ്ചകള്‍ക്കെതിരെയും നിരന്തരമായി ശബ്ദമുയര്‍ത്തിയ സിവില്‍ പോലീസ് ഓഫീസര്‍ ഉമേഷ് വള്ളിക്കുന്നിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. ഗുരുതരമായ അച്ചടക്കലംഘനം, കൃത്യവിലോപം, പെരുമാറ്റദൂഷ്യം എന്നീ ആരോപണങ്ങള്‍ ഉന്നയിച്ചാണ് ഔദ്യോഗിക നടപടി.
പോലീസ് ഉദ്യോഗസ്ഥന്‍ എന്ന നിലയിലുള്ള കടമകള്‍ നിറവേറ്റുന്നതില്‍ ഉമേഷ് പരാജയപ്പെട്ടുവെന്ന് ഉത്തരവില്‍ പറയുന്നു. സേനയുടെയും സര്‍ക്കാരിന്റെയും അന്തസ്സിന് കളങ്കമുണ്ടാക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ സര്‍വീസില്‍ തുടരുന്നത് മറ്റ് ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുമെന്നും, അതിനാല്‍ പിരിച്ചുവിടാനുള്ള താത്കാലിക തീരുമാനം സ്ഥിരപ്പെടുത്തുകയാണെന്നും ഉത്തരവ് വ്യക്തമാക്കുന്നു. ഏറെ നാളായി ഉമേഷ് സസ്‌പെന്‍ഷനിലായിരുന്നു.
തനിക്കെതിരെയുള്ള നടപടി സ്വാഭാവികമാണെന്നും പൊലീസിനെ ബാധിച്ച പുഴുക്കുത്തുകളെ ചൂണ്ടിക്കാണിച്ചതിനാണ് തനിക്ക് ശിക്ഷ ലഭിച്ചതെന്നും ഉമേഷ് വള്ളിക്കുന്ന് പ്രതികരിച്ചു. സര്‍ക്കാരിനെതിരെയോ സേനയ്ക്കെതിരെയോ അല്ല, മറിച്ച് തെറ്റായ പ്രവണതകള്‍ക്കെതിരെയാണ് താന്‍ സംസാരിച്ചത്. പിരിച്ചുവിടല്‍ നടപടിക്കെതിരെ ട്രൈബ്യൂണലിനെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുന്‍പും പലതവണ അച്ചടക്ക നടപടികള്‍ നേരിട്ടിട്ടുള്ള ഉമേഷിന്, ഈ മാസമാദ്യമാണ് പിരിച്ചുവിടല്‍ സംബന്ധിച്ച കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചത്.
---------------
Hindusthan Samachar / Sreejith S