Enter your Email Address to subscribe to our newsletters

Kochi, 24 ഡിസംബര്‍ (H.S.)
കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനത്തേക്ക് ദീപ്തി മേരി വര്‍ഗീസിനെ പരിഗണിക്കാത്തതിനെതിരെ കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍ രംഗത്ത്. അനിയത്തിയെ കാണിച്ച് ചേട്ടത്തിയെ കല്യാണം കഴിച്ച് കൊടുക്കുന്ന വിചിത്ര നടപടിയാണ് നടന്നതെന്നായിരുന്നു അജയ് തറയില്‍ വിമര്‍ശിച്ചത്. മേയര്‍ തെരഞ്ഞെടുപ്പില്‍ നടന്നത് ഗ്രൂപ്പുകളുടെ നഗ്‌നനൃത്തമാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ഏകപക്ഷീയമായ പെരുമാറ്റമാണ് ഡിസിസി പ്രസിഡന്റിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും. കോര്‍ കമ്മിറ്റി ചേരാതെയാണ് മേയറെയും ഡെപ്യൂട്ടി മേയറേയും തെരഞ്ഞെടുത്തതെന്നും അജയ് തറയില്‍ വിമര്‍ശിച്ചു. ഗ്രൂപ്പാണ് വലുത് എന്ന പ്രതീതി ഉണ്ടാക്കി. ദീപ്തി കേവലം കൗണ്‍സിലര്‍ മാത്രമല്ലെന്നും നിരന്തരമായ പോരാട്ടങ്ങളിലൂടെ വന്ന ആളാണെന്നും അജയ് തറയില്‍ പറഞ്ഞു. അങ്ങനെയുള്ള ഒരാളെ ഒഴിവാക്കിയതിന് ഒരിക്കലും ന്യായീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
കൊച്ചി മേയര്‍ സ്ഥാനത്തെ ചൊല്ലി ഉണ്ടായ അഭിപ്രായ ഭിന്നതയില്‍ വെട്ടിലായിരിക്കുകയാണ് കോണ്‍ഗ്രസ്. ദീപ്തി മേരി വര്‍ഗീസിന് മേയര്‍ സ്ഥാനം നിഷേധിച്ച നടപടിക്കെതിരെ കടുത്ത പ്രതിഷേധത്തിലാണ് എറണാകുളം ജില്ലയിലെ ഒരു വിഭാഗം നേതാക്കള്‍. കെപിസിസി നിശ്ചയിച്ച മാനദണ്ഡങ്ങള്‍ കൊച്ചിയില്‍ അട്ടിമറിക്കപ്പെട്ടുവെന്ന് ദീപ്തി ആരോപിച്ചു. മേയര്‍ പദവി മോഹിച്ചല്ല മത്സരത്തിനിറങ്ങിയതെന്നും പാര്‍ട്ടിക്കൊപ്പം ഉറച്ചുനില്‍ക്കുമെന്നും വ്യക്തമാക്കിയ അവര്‍, തിരഞ്ഞെടുപ്പ് പ്രക്രിയയിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി. തര്‍ക്കമുള്ള സാഹചര്യത്തില്‍ കെപിസിസി നിരീക്ഷകന്‍ എത്തി പ്രശ്‌നം പരിഹരിക്കണമെന്ന നിര്‍ദ്ദേശം പാലിക്കപ്പെട്ടില്ല. കൗണ്‍സിലര്‍മാരുടെ അഭിപ്രായം രഹസ്യ ബാലറ്റിലൂടെ തേടണമെന്ന ആവശ്യം അവസാന നിമിഷം ഒഴിവാക്കിയത് എന്തിനെന്ന് ദീപ്തി ചോദിച്ചു. തീരുമാനമെടുക്കുന്നതിന് മുന്‍പ് ഔദ്യോഗികമായ ആശയവിനിമയം നടത്തിയില്ലെന്നും കോര്‍ കമ്മിറ്റി വിളിച്ചില്ലെന്നും അവര്‍ പറഞ്ഞു. കോര്‍ കമ്മറ്റി കൂടുമെന്ന് പറഞ്ഞ് പറ്റിച്ചു. നാലരക്ക് യോഗം വിളിച്ചു. എന്നാല്‍ 3,50ന് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. കെപിസിസിയുടെ നിരീക്ഷകന്‍ എത്തി കൗണ്‍സിലര്‍മാരെ കേള്‍ക്കണം എന്നാണ് സര്‍ക്കുലറില്‍ ഉള്ളത്. ഗ്രൂപ്പ് നേതാക്കളായ ഡൊമിനിക് പ്രസന്റേഷനും എന്‍ വേണുഗോപാലുമാണ് കൗണ്‍സിലര്‍മാരെ കേട്ടത്. അവര്‍ പുറത്ത് പറഞ്ഞ കണക്ക് അവിശ്വസനീയെന്നും ദീപ്തി മേരി വര്‍ഗീസ് മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം, ദീപ്തിയെ ഒഴിവാക്കിയതിനെതിരെ കെപിസിസി ജനറല്‍ സെക്രട്ടറി എം ആര്‍ അഭിലാഷും പരസ്യപ്രതികരണവുമായി രംഗത്തെത്തി. ദീപ്തി മേരി വര്‍ഗീസിനെ മേയര്‍ സ്ഥാനത്തുനിന്ന് വെട്ടിയ നടപടിയില്‍ പ്രതിപക്ഷ നേതാവിനെതിരെയാണ് എം ആര്‍ അഭിലാഷ് വിമര്‍ശനം ഉന്നയിച്ചത്. കെപിസിസി മാനദണ്ഡങ്ങള്‍ എന്തുകൊണ്ട് ലംഘിക്കപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവും ഡിസിസി പ്രസിഡണ്ടും പറയണമെന്ന് അദ്ദേഹം പറഞ്ഞു. ചില ആളുകളുടെ താല്പര്യങ്ങളാണ് മേയര്‍ തെരഞ്ഞെടുപ്പില്‍ കണ്ടതെന്നും. കെപിസിസി ജനറല്‍ സെക്രട്ടറിക്ക് ദേശാഭിമാനി പത്രത്തിന്റെ വില പോലും നല്‍കിയില്ലെന്നും ആയിരുന്നു അഭിലാഷിന്റെ പ്രതികരണം.
---------------
Hindusthan Samachar / Sreejith S