Enter your Email Address to subscribe to our newsletters

Thiruvanathapuram, 24 ഡിസംബര്‍ (H.S.)
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പിലാക്കിയ തീവ്ര വോട്ടർ പട്ടിക പുതുക്കലിന്റെ ഭാഗമായി കേരളം, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ആൻഡമാൻ നിക്കോബാർ എന്നിവിടങ്ങളിലെ കരട് പട്ടിക പ്രസിദ്ധീകരിച്ചു.
പുതിയ കണക്കുകൾ പ്രകാരം ഈ സംസ്ഥാനങ്ങളിൽ നിന്നായി ആകെ 95 ലക്ഷത്തിലധികം വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കി. പട്ടികയുമായി ബന്ധപ്പെട്ട പരാതികളും ആക്ഷേപങ്ങളും സമർപ്പിക്കാനുള്ള അവസരം ഇന്ന് മുതൽ പൊതുജനങ്ങൾക്ക് ലഭ്യമാണ്.
ഇതിനായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക പോർട്ടലായ voters.eci.gov.in സന്ദർശിക്കുക. 'Search your name in E-roll' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് EPIC നമ്പർ അല്ലെങ്കിൽ വ്യക്തിഗത വിവരങ്ങൾ നൽകി പേര് പരിശോധിക്കാം. വോട്ടർ ഹെൽപ്പ്‌ലൈൻ ആപ്പ് വഴിയും പരിശോധന നടത്താം.
കരട് പട്ടികയിൽ പേരില്ലാത്തവർക്കും തെറ്റുകൾ ഉള്ളവർക്കും ഇപ്പോൾ പരാതി നൽകാം. പേര് ചേർക്കാൻ ആഗ്രഹിക്കുന്നവർ ഫോം 6 ആണ് സമർപ്പിക്കേണ്ടത്. ജനുവരി 22 വരെ പരാതികൾ സ്വീകരിക്കും. അന്തിമ വോട്ടർ പട്ടിക 2026 ഫെബ്രുവരിയിൽ പ്രസിദ്ധീകരിക്കും. അനർഹരായവർ വോട്ടർ പട്ടികയിൽ തുടരുന്നത് ഒഴിവാക്കാനും അർഹരായ ഒരാൾ പോലും പുറത്താകാതിരിക്കാനും വോട്ടർമാർ തങ്ങളുടെ വിവരങ്ങൾ കൃത്യമായി പരിശോധിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചു.
നിലവിലെ കരട് പട്ടിക അനുസരിച്ച് കേരളത്തിൽ ആകെ 2,54,42,352 വോട്ടർമാരാണുള്ളത്. ഇതിൽ 1,23,83,341 പുരുഷന്മാരും 1,30,58,731 സ്ത്രീകളും 280 ട്രാൻസ്‌ജെൻഡർമാരും ഉൾപ്പെടുന്നു. ആയിരത്തോളം ഉദ്യോഗസ്ഥരെയാണ് പരാതികൾ പരിഗണിക്കുന്നതിനായി നിയോഗിച്ചിട്ടുള്ളതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ അറിയിച്ചു. പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവർക്ക് വീണ്ടും പേര് ചേർക്കണമെങ്കിൽ നിശ്ചിത ഫോമുകൾ പൂരിപ്പിച്ചു നൽകേണ്ടതുണ്ട്. കളക്ടറേറ്റുകൾ വഴി രാഷ്ട്രീയ പാർട്ടികൾക്കും പട്ടികയുടെ പകർപ്പുകൾ കൈമാറിയിട്ടുണ്ട്.
---------------
Hindusthan Samachar / Sreejith S