ശബരിമല മുതല്‍ പത്മനാഭസ്വാമി ക്ഷേത്രം വരെ; ലക്ഷ്യം 1000 കോടി; ഞെട്ടിക്കുന്ന മൊഴികള്‍ പുറത്ത്
Thiruvanathapuram, 25 ഡിസംബര്‍ (H.S.) ശബരിമല സ്വര്‍ണ മോഷണക്കേസിലെ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ പുറത്ത്. മോഷണസംഘത്തിന്റെ ലക്ഷ്യം കേവലം ശബരിമല മാത്രമായിരുന്നില്ലെന്നും, തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ കടത്ത
Sree Padmanabha Swamy Temple


Thiruvanathapuram, 25 ഡിസംബര്‍ (H.S.)

ശബരിമല സ്വര്‍ണ മോഷണക്കേസിലെ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ പുറത്ത്. മോഷണസംഘത്തിന്റെ ലക്ഷ്യം കേവലം ശബരിമല മാത്രമായിരുന്നില്ലെന്നും, തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ കടത്താനും ഇവര്‍ പദ്ധതിയിട്ടിരുന്നതായും പ്രവാസി വ്യവസായി മൊഴി നല്‍കി. ഏകദേശം 1000 കോടി രൂപയുടെ സ്വര്‍ണ്ണവും വിഗ്രഹങ്ങളുമാണ് സംഘം ലക്ഷ്യമിട്ടിരുന്നതെന്നുമാണ് പുറത്തുവരുന്ന വിവരങ്ങള്‍.

മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മൊഴിയെ തുടര്‍ന്നാണ് എസ്‌ഐടി സംഘം പ്രവാസി വ്യവസായിയുടെ അടുത്തെത്തിയത്. അന്താരാഷ്ട്ര വിഗ്രഹ മോഷണ സംഘത്തിലെ അംഗങ്ങള്‍ക്ക് ശബരിമല സ്വര്‍ണക്കൊള്ളയില്‍ പങ്കുണ്ടെന്നും ജയലളിതയുമായി ബന്ധമുള്ളവരാണ് ഡി മണിയെയും സംഘത്തെയും പരിചയപ്പെടുത്തിയതെന്നുമായിരുന്നു പ്രവാസി വ്യവസായിയുടെ മൊഴി.

കൂടാതെ, ഉണ്ണികൃഷ്ണന്‍ പോറ്റി ഇടനിലക്കാരനായി നിന്നുകൊണ്ട് 2019-20 കാലങ്ങളില്‍ ശബരിമലയില്‍ നിന്ന് 4 പഞ്ചലോഹ വിഗ്രഹങ്ങള്‍ രാജ്യാന്തര പുരാവസ്തു കടത്ത സംഘത്തിന് വിറ്റിട്ടുണ്ടെന്ന നിര്‍ണായക മൊഴിയും പ്രവാസി വ്യവസായി എസ്‌ഐടി സംഘത്തിന് നല്‍കി. മൊഴി സത്യമാണോ എന്ന പരിശോധനയിലാണ് പ്രത്യേക അന്വേഷണ സംഘം. ഇതുവരെയുള്ള അന്വേഷണത്തില്‍ പഞ്ചലോഹ വിഗ്രഹങ്ങള്‍ നഷ്ടമായതായി വിവരം ലഭിച്ചിരുന്നില്ല. പ്രവാസി വ്യവസായി പറഞ്ഞ ഡി മണി ദിണ്ടിഗല്‍ സ്വദേശിയായ ഡയമണ്ട് മണി എന്നറിയപ്പെടുന്ന ബാലമുരുഗനാണെന്ന് അന്വേഷണ സംഘം കണ്ടെത്തി.

ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിലൊന്നായ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സുരക്ഷാ ക്രമീകരണങ്ങള്‍ മറികടന്ന് വിഗ്രഹങ്ങള്‍ മോഷ്ടിക്കാന്‍ ഈ സംഘം പദ്ധതി തയ്യാറാക്കിയിരുന്നു. ഇതിനായി പ്രത്യേക നിരീക്ഷണം നടത്തിയിരുന്നതായും സൂചനയുണ്ട്. കേരളത്തിന് പുറത്തുള്ള ചില ഉന്നതര്‍ക്കും ഈ ഗൂഢാലോചനയില്‍ പങ്കുണ്ടോ എന്ന് അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്. ദേവസ്വം ജീവനക്കാര്‍ക്കോ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കോ ഇതില്‍ പങ്കുണ്ടോ എന്ന കാര്യവും അന്വേഷണ പരിധിയിലുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.

---------------

Hindusthan Samachar / Sreejith S


Latest News