Enter your Email Address to subscribe to our newsletters

New delhi, 25 ഡിസംബര്‍ (H.S.)
ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹിയിലെ ചരിത്രപ്രസിദ്ധമായ 'കത്തീഡ്രല്‍ ചര്‍ച്ച് ഓഫ് ദി റിഡംപ്ഷന്‍' സന്ദര്‍ശിച്ചു. ക്രിസ്മസ് രാവില്‍ നടന്ന പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രൂഷകളില്‍ അദ്ദേഹം പങ്കുചേര്‍ന്നു. എന്നാല്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം വിശ്വാസികള്‍ രംഗത്തെത്തി.
ഡല്‍ഹിയിലെ ഏറ്റവും പഴയതും വലുതുമായ പള്ളികളിലൊന്നായ കത്തീഡ്രല്‍ ചര്‍ച്ച് ഓഫ് ദി റിഡംപ്ഷനില്‍ എത്തിയ പ്രധാനമന്ത്രി ബിഷപ്പ് ഡോ പോള്‍ സ്വരൂപിന്റെ നേതൃത്വത്തിലുള്ള പ്രാര്‍ത്ഥനകളില്‍ പങ്കെടുത്തു. സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം അദ്ദേഹം പങ്കുവെച്ചു.
പ്രധാനമന്ത്രിയുടെ സുരക്ഷയുടെ ഭാഗമായി പള്ളിക്ക് ചുറ്റും കര്‍ശനമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്. ബാരിക്കേഡുകള്‍ സ്ഥാപിച്ച് വിശ്വാസികളെ പള്ളിയില്‍ പ്രവേശിക്കുന്നതില്‍ നിന്നും തടഞ്ഞതാണ് പ്രതിഷേധത്തിന് കാരണമായത്. വിഐപി സന്ദര്‍ശനത്തിന്റെ പേരില്‍ തങ്ങളുടെ ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നു എന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്നും വിശ്വാസികള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ക്ഷമ ചോദിക്കുന്നുവെന്നും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്ന ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് നേരെ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ ഈ സന്ദര്‍ശനം എന്നതും ശ്രദ്ധേയമാണ്.
---------------
Hindusthan Samachar / Sreejith S