Enter your Email Address to subscribe to our newsletters

Thiruvanathapuram, 25 ഡിസംബര്‍ (H.S.)
തിരുവനന്തപുരം: വരാനിരിക്കുന്ന ട്വന്റി-20 വനിതാ ലോകകപ്പിനുള്ള ഒരുക്കമായാണ് ഇന്ത്യ-ശ്രീലങ്ക പരമ്പരയെ വിലയിരുത്തുന്നതെന്ന് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകൻ അമോൽ മജൂംദാർ പറഞ്ഞു. ഏകദിന ക്രിക്കറ്റിൽ ലോക ചാമ്പ്യന്മാരായ ശേഷം ഇന്ത്യൻ ടീം നിലനിർത്തുന്ന സ്ഥിരതയാർന്ന പ്രകടനം സന്തോഷകരമാണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
ലോകകപ്പിന് മുന്നോടിയായി രണ്ട് പരമ്പരകൾ കൂടി ഇന്ത്യയ്ക്ക് ബാക്കിയുണ്ട്. ടീമിന് ഇനിയും മെച്ചപ്പെടാനുള്ള മേഖലകൾ തിരിച്ചറിയാൻ ഈ മത്സരങ്ങൾ സഹായിക്കും. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ഇന്ത്യ വിജയിച്ചെങ്കിലും ശ്രീലങ്കയെ നിസ്സാരമായി കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആഭ്യന്തര ക്രിക്കറ്റിന് സെലക്ടർമാർ നൽകുന്ന പ്രാധാന്യം ടീം തിരഞ്ഞെടുപ്പിനെ ഏറെ സഹായിക്കുന്നുണ്ട്. നിലവിൽ പരിശീലനത്തിലോ സെലക്ഷനിലോ വെല്ലുവിളികളൊന്നും നേരിടുന്നില്ല. എല്ലാ ദിവസവും കളിയുടെ എല്ലാ വശങ്ങളിലും പുരോഗതി കൈവരിക്കാനാണ് ടീം ശ്രമിക്കുന്നത്, മജൂംദാർ പറഞ്ഞു.
ഓൾറൗണ്ടർ ദീപ്തി ശർമ്മ ഈ പരമ്പരയിൽ കളിക്കുന്നില്ലെങ്കിലും താരം പൂർണ്ണ കായികക്ഷമതയിലാണ്. ജെമീമ റോഡ്രിഗസിന് ചെറിയ ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാലാണ് പരിശീലനത്തിന് ഇറങ്ങാത്തതെന്നും മുഖ്യ പരിശീലകൻ വിശദീകരിച്ചു.
---------------
Hindusthan Samachar / Sreejith S