Enter your Email Address to subscribe to our newsletters

Kazargod, 25 ഡിസംബര്‍ (H.S.)
കാസര്‍കോട് നഗരസഭയില്‍ വൈസ് ചെയര്‍മാന്‍ സ്ഥാനം വേണമെന്ന കോണ്‍ഗ്രസ് ആവശ്യത്തോട് മുഖം തിരിച്ച് മുസ്‍ലിം ലീഗ്. 38 അംഗ നഗരസഭയില്‍ യുഡിഎഫിന് 24 സീറ്റാണുള്ളത്. ഇതില്‍ മുസ്‍ലിം ലീഗിന് 24 അംഗങ്ങളും കോണ്‍ഗ്രസിന് രണ്ട് അംഗങ്ങളുമുണ്ട്. ഈ സാഹചര്യത്തില്‍ സാമുദായിക സന്തുലിതാവസ്ഥ ഉറപ്പാക്കാന്‍ വൈസ് ചെയര്‍മാന്‍ സ്ഥാനം കോണ്‍ഗ്രസിന് നല്‍കണമെന്നാണ് മണ്ഡലം കമ്മിറ്റിയുടെ ആവശ്യം. എന്നാല്‍ സ്ഥാനം വിട്ടുകൊടുക്കാന്‍ സാധിക്കില്ലെന്നാണ് ലീഗിന്‍റെ നിലപാട്.
കഴിഞ്ഞ തവണ കോണ്‍ഗ്രസിന് നഗരസഭയില്‍ അംഗങ്ങളുണ്ടായിരുന്നില്ല. ഇത്തവണ രണ്ട് അംഗങ്ങളെ കോണ്‍ഗ്രസിന് ജയിപ്പിക്കാനായി. വൈസ് ചെയര്‍മാന്‍ സ്ഥാനം എന്ന ആവശ്യം മണ്ഡലം കമ്മിറ്റി ജില്ലാ കോണ്‍ഗ്രസ് നേതൃത്വം വഴി യുഡിഎഫ് യോഗത്തില്‍ അറിയിച്ചിരുന്നു.
എന്നാല്‍ കൊച്ചി കോര്‍പ്പറേഷനില്‍ ലീഗിന് ഒരു വര്‍ഷം ഡെപ്യൂട്ടി മേയര്‍ പദവി നല്‍കാന്‍ തീരുമാനിച്ച കോണ്‍ഗ്രസിന്‍റെ സമീപനം കാസര്‍കോട്ടും ഉണ്ടാകണമെന്ന് കാസര്‍കോട് മണ്ഡലം പ്രസിഡന്‍റ് ഷാജിദ് കമ്മാടം ഫെയ്സ്ബുക്കില്‍ കുറിപ്പിട്ടു. കൊച്ചിയില്‍ ഒറ്റയ്ക്ക് ഭരിക്കാന്‍ ഭൂരിപക്ഷം ഉണ്ടായിട്ടും മൂന്നു സീറ്റു ജയിച്ച ലീഗിന് ഡെപ്യൂട്ടി മേയര്‍ സ്ഥാനം നല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. സമാനമായ സാഹചര്യം തന്നെയാണ് ഇപ്പോൾ കാസര്‍കോട് മുനിസിപ്പാലിറ്റിയിലും നിലനിൽക്കുന്നതെന്ന് ഷാജിദ് പറഞ്ഞു. സമൂഹ മാധ്യമമായ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് അദ്ദേഹം ഇ കാര്യം ആവശ്യപ്പെട്ടത്.
കോൺഗ്രസിന് വൈസ് ചെയർപേഴ്സണൻ സ്ഥാനം നൽകുന്നതിലൂടെ യുഡിഎഫിന് കൂടുതൽ ശക്തമായ രാഷ്ട്രീയ സന്ദേശം നൽകാൻ കഴിയും എന്നും ഷാജിദ് എഴുതി.
---------------
Hindusthan Samachar / Roshith K