Enter your Email Address to subscribe to our newsletters

Kozhikode, 25 ഡിസംബര്‍ (H.S.)
കോഴിക്കോട്: ക്രിസ്‌മസ് ദിവസം ഡീസൽ തീർന്ന് കെഎസ്‌ആർടിസി ബസ് വഴിയിൽ കുടുങ്ങി. കോഴിക്കോട് കാരശേരിയിലാണ് സംഭവം. തിരുവനന്തപുരത്ത് നിന്ന് സുൽത്താൻ ബത്തേരിയിലേക്ക് പോവുകയായിരുന്ന കെഎസ്‌ആർടിസി മിന്നൽ ബസിന്റെ ഡീസലാണ് തീർന്നത്. ഇതോടെ സ്‌ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള നിരവധി യാത്രക്കാർ പെരുവഴിയിലായി. ഇന്നലെ രാത്രി 11 മണിയോടെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ബസിന് ഡീസൽ നിറയ്‌ക്കുന്ന കാര്യത്തിൽ ഡ്രെെവർക്കും കണ്ടക്‌ടർക്കും ഉണ്ടായ വീഴ്‌ചയാണ് യാത്രക്കാരെ ദുരിതത്തിലാക്കിയത്.
രാവിലെ ഏഴരയ്‌ക്ക് സുൽത്താൻ ബത്തേരിയിൽ എത്തേണ്ട ബസ് പുറപ്പെടാനും വൈകിയിരുന്നു. ഇതിനിടെയാണ് രാവിലെ എട്ട് മണിയോടെ കാരശേരിയിൽ വച്ച് ഡീസൽ തീർന്ന് വഴിയിലായത്.യാത്രക്കാർ പ്രതിഷേധിച്ചെങ്കിലും പ്രശ്‌നം ഉടൻ പരിഹരിക്കാനായില്ല. മറ്റ് വാഹനങ്ങളിൽ പോകാൻ യാത്രക്കാർ വിസമ്മതിച്ചു. പിന്നീട് തിരുവമ്പാടി ഡിപ്പോയിൽ നിന്ന് ഡീസൽ എത്തിച്ചാണ് ബസ് സുൽത്താൻ ബത്തേരിയിലേക്ക് പുറപ്പെട്ടത്. രണ്ടര മണിക്കൂർ വൈകിയാണ് ബസ് സ്ഥലത്തെത്തിച്ചേർന്നത്.
---------------
Hindusthan Samachar / Roshith K