Enter your Email Address to subscribe to our newsletters

Kottayam, 25 ഡിസംബര്‍ (H.S.)
സ്വതന്ത്ര സ്ഥാനാര്‍ഥികളായി മത്സരിച്ച പുളുക്കകണ്ടം കുടുംബം പിന്തുണച്ചതോടെ പാലാ നഗരസഭാ ഭരണം യുഡിഎഫിന്. ബിനു പുളിക്കക്കണ്ടവും മകള്‍ ദിയാ ബിനു പുളിക്കക്കണ്ടവും ബിനുവിന്റെ സഹോദരന്‍ ബിജു പുളിക്കക്കണ്ടവും യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചു. ചെയര്‍പേഴ്സണ്‍ സ്ഥാനം പങ്കുവെക്കാനും ധാരണയായിട്ടുണ്ട്. ആദ്യ ടേമില്‍ ദിയയ്ക്ക് പാലാ നഗരസഭയുടെ ചെയര്‍പേഴ്സണ്‍ സ്ഥാനം നല്‍കാനാണ് ധാരണ. കോണ്‍ഗ്രസ് വിമതയായി മത്സരിച്ച മായാ രാഹുലിനെ വൈസ് ചെയര്‍പേഴ്‌സണുമാക്കും. 1985-ന് ശേഷം ഇതാദ്യമായാണ് പാലാ നഗരസഭയുടെ ഭരണത്തില്‍നിന്ന് കേരളാ കോണ്‍ഗ്രസ് എം പുറത്താകുന്നത്.
തിരഞ്ഞെടുപ്പ് ഫലത്തില്‍ എല്‍ഡിഎഫിനും യുഡിഎഫിനും കേവലഭൂരിപക്ഷമില്ലാതെവന്നതോടെയാണ് പുളിക്കക്കണ്ടം കുടുംബത്തിന്റെ പിന്തുണ നിര്‍ണായകമായത്. ബിനു മുന്നോട്ടുവെച്ച പല ആവശ്യങ്ങളും യുഡിഎഫ് അംഗീകരിച്ചതായാണ് വിവരം. 21-കാരിയായ ദിയ, നഗരസഭാധ്യക്ഷയാകുന്നതോടെ ഈ സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായംകുറഞ്ഞ വ്യക്തിയായി മാറും.
ബിനു പുളിക്കക്കണ്ടം, പാലാ നഗരസഭയുടെ 14-ാം വാര്‍ഡിലും ബിജു പുളിക്കക്കണ്ടം 13-ാം വാര്‍ഡിലും ബിനുവിന്റെ മകള്‍ ദിയ 15-ാം വാര്‍ഡിലുമായിരുന്നു ജനവിധി തേടിയത്. ഈ മൂന്ന് വാര്‍ഡുകളിലും യുഡിഎഫിന് സ്ഥനാര്‍ഥികളുണ്ടായിരുന്നില്ല. മൂന്നു വാര്‍ഡുകളിലും ബിനു പുളിക്കക്കണ്ടത്തിന്റെ നേതൃത്വത്തിലുള്ള സ്വതന്ത്രരുടെ കൂട്ടായ്മയെ യുഡിഎഫ് പിന്തുണയ്ക്കുകയായിരുന്നു.
26 അംഗ നഗരസഭയില്‍ എല്‍ഡിഎഫിന് പതിനൊന്നും യുഡിഎഫിന് പത്തംഗങ്ങളുമായിരുന്നു ഉണ്ടായിരുന്നത്. ബിജു, ബിനു, ദിയ എന്നിവരെ കൂടാതെ മറ്റ് രണ്ട് സ്വതന്ത്രരും വിജയിച്ചിരുന്നു. ഇതിലൊരാള്‍ കോണ്‍ഗ്രസ് വിമതയായിരുന്ന മായാ രാഹുലായിരുന്നു. ഇവര്‍ക്ക് ആദ്യ ടേമില്‍ വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനം നല്‍കിയിട്ടുണ്ട്. പുളിക്കക്കണ്ടം കുടുംബത്തിന്റെയും മായയുടെയും പിന്തുണ ലഭിച്ചതോടെ യുഡിഎഫിന്റെ അംഗബലം 14 ആയി.
കോണ്‍ഗ്രസ് പ്രതിനിധിയായാണ് ബിനു പുളിക്കക്കണ്ടം ആദ്യം നഗരസഭാംഗമായത്. പിന്നീട് സ്വതന്ത്രനായി വിജയിച്ചു. 2015-ല്‍ ബിജെപി ടിക്കറ്റില്‍ വിജയിച്ച് പാലായില്‍ ആദ്യമായി താമര വിരിയിച്ചു. അന്ന് യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച സഹോദരന്‍ ബിജുവായിരുന്നു പ്രധാന എതിരാളി. 2020-ല്‍ സിപിഎം സ്ഥാനാര്‍ഥിയായി പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച് വിജയിച്ചു. സിപിഎമ്മിന്റെ ചിഹ്നത്തില്‍ വിജയിച്ച ഏക ഇടതുപക്ഷ അംഗമായിരുന്നു ബിനു. ജോസ് കെ. മാണിയെ പരസ്യമായി വിമര്‍ശിച്ചിരുന്ന ബിനുവിന് കേരള കോണ്‍ഗ്രസിന്റെ സമ്മര്‍ദംമൂലം ചെയര്‍മാന്‍ സ്ഥാനം നല്‍കാന്‍ സിപിഎം തയ്യാറായില്ല. ഇക്കുറി വീണ്ടും സ്വതന്ത്രനായി രംഗത്തിറങ്ങുകയായിരുന്നു.
---------------
Hindusthan Samachar / Sreejith S