Enter your Email Address to subscribe to our newsletters

Thiruvanathapuram, 25 ഡിസംബര്‍ (H.S.)
തലസ്ഥാനത്ത് സ്വാധീനമുറപ്പിക്കാൻ ബിജെപി. തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിച്ചെടുത്തതിന് പിന്നാലെ തലസ്ഥാന നഗരിയിലെ സ്വാധീനമുറപ്പിക്കാനുള്ള വിപുലമായ ഒരുക്കങ്ങളാണ് ബിജെപി ക്യാമ്പിൽ നടക്കുന്നത്. അതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ തന്നെ കളത്തിലിറക്കാനുമുള്ള നീക്കങ്ങൾ നടക്കുകയാണ്. അധികം വൈകാതെ നരേന്ദ്രമോദിയെ തലസ്ഥാനത്തെത്തും. തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്ന പ്രചാരണം വിപുലമായ രീതിയിൽ ബിജെപി ഇലക്ഷൻ സമയത്ത് തന്നെ നടത്തിയിരുന്നു.
ജനുവരി അവസാനത്തോടെ മോദി തിരുവനന്തപുരത്ത് എത്തുമെന്നാണ് സൂചന. നഗരത്തിലെ കൗൺസിലർമാരുമായി അദ്ദേഹം പ്രത്യേക കൂടിക്കാഴ്ച നടത്തും. മോദിയെ നഗരത്തിൽ കൊണ്ടുവരുന്നത് മുതൽ ഒളിമ്പിക്സിലെ ഒരിനം തിരുവനന്തപുരത്തു നടത്തും എന്നതുൾപ്പെടെ വാഗ്‌ദാനങ്ങൾ പാലിക്കുമെന്ന് ബിജെപി മേയർ സ്ഥാനാർത്ഥിയായി വി വി രാജേഷിനെ പ്രഖ്യാപിച്ചു. തെരുവുനായ ശല്യത്തിന് അന്ത്യമുണ്ടാക്കുമെന്നും വി വി രാജേഷ് പ്രതികരിച്ചു.
നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് വിവി രാജേഷിനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. ആര്‍ ശ്രീലേഖ മേയറാകും എന്നുള്ള തരത്തിലാണ് ചര്‍ച്ചകള്‍ നടന്നിരുന്നത്. എന്നാല്‍ ശ്രീലേഖ മേയര്‍ ആവുന്നതിനെ ഒരു വിഭാഗം എതിര്‍പ്പുയര്‍ത്തുകയായിരുന്നു. ശ്രീലേഖ ഡെപ്യൂട്ടി മേയറും ആകില്ല എന്നാണ് വിവരം. ആശാനാഥ് ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ത്ഥി.
ബിജെപി ജില്ലാ അധ്യക്ഷനായിരുന്ന വി വി രാജേഷിന്റെയും ആര്‍ ശ്രീലേഖയുടെയും പേരുകള്‍ ആയിരുന്നു കൂടുതല്‍ സാധ്യതയില്‍ ഉണ്ടായിരുന്നത്. വി വി രാജേഷിനെ മേയര്‍ ആക്കണമെന്നായിരുന്നു ആര്‍ എസ് എസിന്റെയും അഭിപ്രായം. ഒപ്പം കരമന അജിത്, എം ആര്‍ ഗോപന്‍ തുടങ്ങിയവരുടെ പേരുകള്‍ പരിഗണിക്കപ്പെട്ടെങ്കിലും ഇവരെയൊക്കെയും അവഗണിച്ച് ബിജെപിയില്‍ പ്രവര്‍ത്തി പരിചയം പോലുമില്ലാത്ത ആര്‍ ശ്രീലേഖയ്ക്കാണ് സംസ്ഥാന അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ള ഒരു വിഭാഗം പിന്തുണ പ്രഖ്യാപിച്ചത്. കഴിഞ്ഞദിവസം കൗണ്‍സിലര്‍മാരെ നേരില്‍കണ്ടും സംസ്ഥാന അധ്യക്ഷന്‍ അഭിപ്രായം ആരാഞ്ഞിരുന്നു. കൂടുതല്‍പേരും ആര്‍ ശ്രീലേഖക്കെതിരെ എതിര്‍പ്പ് രേഖപ്പെടുത്തി.
തിരുവനന്തപുരം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ പതിറ്റാണ്ടുകള്‍ നീണ്ട ഇടതുകോട്ട തകര്‍ത്ത് ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ (NDA) ചരിത്രവിജയം സ്വന്തമാക്കി. 101 വാര്‍ഡുകളിലേക്ക് നടന്ന മത്സരത്തില്‍ 50 സീറ്റുകള്‍ നേടിയാണ് ബിജെപി തലസ്ഥാന നഗരസഭയുടെ ഭരണം പിടിച്ചെടുത്തത്. കഴിഞ്ഞ 45 വര്‍ഷമായി കോര്‍പ്പറേഷന്‍ ഭരിച്ചിരുന്ന എല്‍ഡിഎഫിന് (LDF) ഇത്തവണ 29 സീറ്റുകള്‍ മാത്രമേ നേടാനായുള്ളൂ. യുഡിഎഫ് (UDF) 19 സീറ്റുകളുമായി നില മെച്ചപ്പെടുത്തിയപ്പോള്‍ രണ്ട് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും വിജയിച്ചു. ഡിസംബര്‍ 13-ന് പുറത്തുവന്ന ഫലങ്ങള്‍ കേരള രാഷ്ട്രീയത്തിലെ വലിയൊരു മാറ്റത്തിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.
---------------
Hindusthan Samachar / Sreejith S