അയ്യപ്പന്റെ യോഗദണ്ഡ്, ജപമാല എന്നിവയും കടത്തിയെന്ന് മൊഴി; വിശദമായി അന്വേഷിക്കാന്‍ എസ്‌ഐടി
Kollam, 25 ഡിസംബര്‍ (H.S.) ശബരിമല ശ്രീകോവിലിലെ സ്വര്‍ണപ്പാളികള്‍ മാത്രമല്ല അയ്യപ്പന്റെ യോഗദണ്ഡ്, ജപമാല എന്നിവയും കടത്തിയെന്ന് മൊഴി. പഴയ യോഗദണ്ഡും ജപമാലയും മാറ്റി പുതിയവ സമര്‍പ്പിച്ചു എന്നാണ് മൊഴി നല്‍കിയിരിക്കുന്നത്. ഇതോടെ 2019ല്‍ നടന്ന് യോഗദണ്ഡ്,
Sabarimala Temple


Kollam, 25 ഡിസംബര്‍ (H.S.)

ശബരിമല ശ്രീകോവിലിലെ സ്വര്‍ണപ്പാളികള്‍ മാത്രമല്ല അയ്യപ്പന്റെ യോഗദണ്ഡ്, ജപമാല എന്നിവയും കടത്തിയെന്ന് മൊഴി. പഴയ യോഗദണ്ഡും ജപമാലയും മാറ്റി പുതിയവ സമര്‍പ്പിച്ചു എന്നാണ് മൊഴി നല്‍കിയിരിക്കുന്നത്. ഇതോടെ 2019ല്‍ നടന്ന് യോഗദണ്ഡ്, ജപമാല എന്നിവയിലെ അറ്റകുറ്റപ്പണിയും സംശയ നിഴലിലായിരിക്കുകയാണ്.

നിലവില്‍ റിമാന്‍ഡിലുള്ള ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന എ പത്മകുമാറിന്റെ മകന്റെ വഴിപാടായിട്ടാണ് അറ്റകുറ്റപണികള്‍ നത്തിയത്. സന്നിധാനത്ത് തന്നെയാണ് ഈ പണികള്‍ ചെയ്തത് എന്നാണ് ദേവസ്വം ബോര്‍ഡ് പറഞ്ഞിരുന്നരുന്നത്. എന്നാല്‍ ഇതിന് രേഖകളൊന്നും ഇല്ല. ഏപ്രിലില്‍ വിഷു ഉത്സവം നടക്കുമ്പോഴായിരുന്നു പണികള്‍ നടന്നത്. പിന്നാലെ ദ്വാരപാലക ശില്പങ്ങളിലെ പാളികള്‍ സ്വര്‍ണം പൂശാനായി ഇളക്കി കൊണ്ടുപോവുകയും ഇതിലെ സ്വര്‍ണം കവരുകയും ചെയ്തു.

ജയിലിലുള്ള അന്നത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു, എക്സിക്യുട്ടീവ് ഓഫീസര്‍ ഡി. സുധീഷ് കുമാര്‍, തിരുവാഭരണം കമ്മിഷണര്‍ കെ.എസ്. ബൈജു എന്നിവര്‍ മഹസറില്‍ ഒപ്പുവച്ചാണ് ജപമാലയും യോഗദണ്ഡും പുറത്ത് എടുത്തത്. 2019 മാര്‍ച്ച് 16-ലെ ദേവസ്വം ബോര്‍ഡ് തീരുമാനപ്രകാരമായിരുന്നു ശീകോവിലില്‍മാത്രം സൂക്ഷിക്കുന്ന ഇവ പുറത്ത് എടുത്തത്. യോഗദണ്ഡിലെ സ്വര്‍ണച്ചുറ്റുകള്‍ തൂക്കി 19.2 ഗ്രാം എന്ന് തിട്ടപ്പെടുത്തിയതായി രേഖയുണ്ട്. പിന്നീട് 44.54 ഗ്രാം സ്വര്‍ണം ഉപയോഗിച്ച് 18 ചുറ്റുകളും അടിഭാഗത്ത് സ്വര്‍ണക്കപ്പും തീര്‍ത്തെന്നും മഹസറില്‍ പറയുന്നുണ്ട്. ് എബണിമരം കൊണ്ടുള്ള യോഗദണ്ഡ് മാറ്റി ചൂരല്‍കൊണ്ടുള്ളത് സ്വര്‍ണംകെട്ടി സമര്‍പ്പിച്ചു എന്നും പറയുന്നു.

എന്നാല്‍ പ്രതികളായ മുരാരി ബാബു, ഡി. സുധീഷ് കുമാര്‍, കെ.എസ്. ബൈജു എന്നിവരില്‍ ഒരാളാണ് ഇവയെല്ലാം കടത്തി എന്ന് മൊഴി നല്‍കിയിരിക്കുന്നത്. ശബരിമല ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടന്നപ്പോള്‍ പന്തളം കൊട്ടാരം സമര്‍പ്പിച്ചതാണ് യോഗദണ്ഡ്. അതുകൊണ്ട് തന്നെ വിശ്വാസപരമായി ഏറെ പ്രധാന്യമുള്ളതാണ്. ഇവ കടത്തി വലിയ വിലയ്ക്ക് വിറ്റിട്ടുണ്ടോ എന്നാണ് സംശയിക്കുന്നത്. 2014 മുതലുള്ള തിരിമറികള്‍ അന്വേഷിക്കാന്‍ ഹൈക്കോടതി എസ്ഐടിക്ക് നിര്‍ദേശം കൊടുത്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇക്കാര്യവും വിശദമായി പരിശോധിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.

---------------

Hindusthan Samachar / Sreejith S


Latest News