Enter your Email Address to subscribe to our newsletters

Odisha , 25 ഡിസംബര്‍ (H.S.)
ഒഡീഷയിലെ കന്ധമാൽ ജില്ലയിൽ സുരക്ഷാസേനയുമായുണ്ടായ രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ പ്രമുഖ മാവോയിസ്റ്റ് കമാൻഡർ ഗണേഷ് ഉയികെ ഉൾപ്പെടെ ആറ് നക്സലൈറ്റുകൾ കൊല്ലപ്പെട്ടു. വ്യാഴാഴ്ചയാണ് ഉദ്യോഗസ്ഥർ വിവരം പുറത്തുവിട്ടത്.
ബുധനാഴ്ച രാത്രി ബെൽഘർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഗുംമ വനത്തിലാണ് ആദ്യ ഏറ്റുമുട്ടൽ നടന്നത്. ഇവിടെ വെച്ച് രണ്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. രണ്ടാമത്തെ ഏറ്റുമുട്ടൽ വ്യാഴാഴ്ച രാവിലെ ചകപാദ് പോലീസ് സ്റ്റേഷൻ പരിധിയിലെ വനത്തിലാണ് നടന്നത്. ഗണേഷ് ഉയികെ ഉൾപ്പെടെ നാല് നക്സലൈറ്റുകളാണ് ഇവിടെ കൊല്ലപ്പെട്ടത്.
സി.പി.ഐ (മാവോയിസ്റ്റ്) സെൻട്രൽ കമ്മിറ്റി അംഗമായ ഗണേഷ് ഉയികെയുടെ തലയ്ക്ക് 1.1 കോടി രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. 69 വയസ്സുകാരനായ ഉയികെ, പക്ക ഹനുമന്തു, രാജേഷ് തിവാരി, ചമ്രു, രൂപ എന്നീ പേരുകളിലും അറിയപ്പെട്ടിരുന്നു. തെലങ്കാനയിലെ നൽഗൊണ്ട ജില്ല സ്വദേശിയാണ് ഇയാൾ. ഏറ്റുമുട്ടൽ നടന്ന സ്ഥലങ്ങളിൽ നിന്ന് രണ്ട് ഇൻസാസ് റൈഫിളുകളും ഒരു .303 റൈഫിളും ഉൾപ്പെടെയുള്ള ആയുധങ്ങൾ സുരക്ഷാസേന കണ്ടെടുത്തു. കൊല്ലപ്പെട്ട മറ്റ് നക്സലൈറ്റുകളെ തിരിച്ചറിഞ്ഞിട്ടില്ല.
സെൻട്രൽ കമ്മിറ്റി അംഗത്തെ വധിക്കാനായത് ഒഡീഷ പോലീസിന്റെ വലിയ വിജയമാണ്. ഇത് സംസ്ഥാനത്തെ മാവോയിസ്റ്റുകളുടെ നട്ടെല്ലൊടിച്ചിരിക്കുകയാണ്, ഒഡീഷ ഡി.ജി.പി യോഗേഷ് ബഹാദൂർ ഖുറാനിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കന്ധമാൽ-ഗഞ്ചം അതിർത്തി മേഖലകളിൽ തിരച്ചിൽ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്ത വർഷം മാർച്ചിനുള്ളിൽ നക്സലിസം തുടച്ചുനീക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ലക്ഷ്യം പൂർത്തീകരിക്കാൻ സുരക്ഷാസേന പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
വിജയകരമായ ഈ ദൗത്യത്തെ അമിത് ഷാ അഭിനന്ദിച്ചു. ഇന്ത്യയിൽ നിന്ന് നക്സലിസം പൂർണ്ണമായും ഇല്ലാതാക്കുന്നതിലെ പ്രധാന നാഴികക്കല്ലാണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഈ വലിയ മുന്നേറ്റത്തോടെ ഒഡീഷ നക്സൽ മുക്തമാകുന്നതിന്റെ വക്കിലെത്തിയിരിക്കുകയാണ്. 2026 മാർച്ച് 31-ന് മുമ്പ് നക്സലിസം പൂർണ്ണമായും ഇല്ലാതാക്കാൻ ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്, അദ്ദേഹം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ കുറിച്ചു.
---------------
Hindusthan Samachar / Roshith K