തിരുവമ്പാടിയില്‍ വിമതനെ ഒപ്പം നിര്‍ത്തി യുഡിഎഫ്; ജിതിന്‍ പല്ലാട്ട് പ്രസിഡന്റാകും
Kozhikkode, 25 ഡിസംബര്‍ (H.S.) കോഴിക്കോട് തിരുവമ്പാടി പഞ്ചായത്തില്‍ യുഡിഎഫിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ച കോണ്‍ഗ്രസ് വിമതന്‍ ജിതിന്‍ പല്ലാട്ട് പ്രസിഡന്റാകും. ഇടത് വലത് മുന്നണികള്‍ അംഗബലത്തില്‍ തുല്ല്യനിലയിലായതോടെയാണ് ഇവിടെ കോണ്‍ഗ്രസ് വിമതന്റെ നില
Kerala Congress


Kozhikkode, 25 ഡിസംബര്‍ (H.S.)

കോഴിക്കോട് തിരുവമ്പാടി പഞ്ചായത്തില്‍ യുഡിഎഫിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ച കോണ്‍ഗ്രസ് വിമതന്‍ ജിതിന്‍ പല്ലാട്ട് പ്രസിഡന്റാകും. ഇടത് വലത് മുന്നണികള്‍ അംഗബലത്തില്‍ തുല്ല്യനിലയിലായതോടെയാണ് ഇവിടെ കോണ്‍ഗ്രസ് വിമതന്റെ നിലപാട് നിര്‍ണ്ണായകമായത്. ഭരണസമിതിയുടെ ആദ്യ രണ്ടര വര്‍ഷം ജിതിന്‍ പല്ലാട്ടും ബാക്കി കാലയളവില്‍ കോണ്‍ഗ്രസ് പ്രതിനിധിയും അധ്യക്ഷനാകാനാണ് ധാരണ.

ഒന്‍പത് വീതം സീറ്റുകളില്‍ എല്‍ഡിഎഫും യുഡിഎഫും വിജയിച്ച സാഹചര്യത്തില്‍ ഏറെ നിര്‍ണായകമായിരുന്ന വിമതന്‍, നിലപാട് വ്യക്തമാക്കിയതോടെയാണ് തിരുവമ്പാടി പഞ്ചായത്തില്‍ പ്രശ്‌നത്തിന് പരിഹാരമായത്. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നാളെ ഉണ്ടാകും. അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് പുറത്താക്കിയ ജിതിനെ തിരിച്ചെടുക്കാനും തീരുമാനമായി. സീറ്റ് നിഷേധിക്കപ്പെട്ടതിനെത്തുടര്‍ന്ന് തിരുവമ്പാടി ഏഴാം വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കെതിരെ വിമതനായി മത്സരിച്ച ജിതില്‍ 535 വോട്ടുകള്‍ക്കാണ് ജയിച്ചത്. 19 അംഗ ഭരണസമിതിയില്‍ യുഡിഎഫിനും എല്‍ഡിഎഫിനും 9 അംഗങ്ങള്‍ വീതമായിരുന്നു ഉണ്ടായിരുന്നത്.

പഞ്ചായത്തിലെ ഏഴാം വാര്‍ഡായ പുന്നക്കലില്‍ നിന്നുമാണ് ജിതിന്‍ മത്സരിച്ച് ജയിച്ചത്. ഇവിടെ യു ഡി എഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി ടോമി കൊന്നക്കല്‍ ആയിരുന്നു. വാര്‍ഡില്‍ നിന്നും 20 കിലോമീറ്ററോളം ദൂരത്ത് താമസിക്കുന്ന ടോമിയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രദേശത്ത് വലിയ പ്രതിഷേധം ഉയര്‍ന്നു. ഇതിനെ തുടര്‍ന്നാണ് ജിതിന്‍ നേതൃത്വത്തെ അനുസരിക്കാതെ നാമനിര്‍ദേശ പത്രിക നല്‍കിയത്. കൈപ്പത്തി ചിഹ്നം ലഭിക്കാത്തതിനെത്തുടര്‍ന്ന് തുടര്‍ന്ന് തനിക്ക് അനുവദിച്ച ടെലിവിഷന്‍ ചിഹ്നത്തിലാണ് വോട്ടര്‍മാരോട് വോട്ടഭ്യര്‍ത്ഥിച്ചത്. അഞ്ഞൂറിലേറെ വോട്ടുകള്‍ക്കാണ് ജിതിന്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയത്.

---------------

Hindusthan Samachar / Sreejith S


Latest News