Enter your Email Address to subscribe to our newsletters

Thiruvanathapuram, 25 ഡിസംബര്‍ (H.S.)
തിരുവനന്തപുരെം കോര്‍പ്പറേഷനിലെ കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞയില്‍ ചട്ടലംഘനം ആരോപിച്ച് സിപിഎം. ബിജെപി കൗണ്‍സിലര്‍മാര്‍ ദൈവങ്ങളുടെ പേരു പറഞ്ഞ് സത്യപ്രതിജ്ഞ ചെയ്തതിലെ ചട്ടലംഘനം ചൂണ്ടിക്കാട്ടിയാണ് സിപിഎം രംഗത്ത് എത്തിയിരിക്കുന്നത്. ഇവരുടെ മേയര്‍ തിരഞ്ഞെടുപ്പിലെ വോട്ടുകളുടെ സാധുതയും സിപിഎം ചോദ്യം ചെയ്യുന്നുണ്ട്. 20 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം ജില്ലാ കലക്ടര്‍ക്കും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ക്കും പരാതി നല്‍കി.
ദൈവങ്ങളുടെ പേരില്‍ സത്യപ്രതിജ്ഞ ചെയ്തത് ചട്ടലംഘനമാണെന്നു ചൂണ്ടിക്കാട്ടി ജില്ലാ സെക്രട്ടറി വി.ജോയിയും എസ്.പി.ദീപക്കുമാണ് പരാതി നല്‍കിയത്. നാളെ കോടതിലും പരാതി നല്‍കും. സത്യപ്രതിജ്ഞ അസാധുവാക്കപ്പെട്ടാല്‍ നാളത്തെ മേയര്‍ തിരഞ്ഞെടുപ്പില്‍ ഇവര്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ കഴിയുമോ എന്ന ചോദ്യമാണ് ഉയരുന്നത്. മുന്‍സിപ്പല്‍ നിയമപ്രകാരം നിശ്ചിതദിവസം സത്യപ്രതിജ്ഞ ചെയ്ത അംഗങ്ങള്‍ക്കു മാത്രമേ അധ്യക്ഷ, ഉപാധ്യക്ഷ സ്ഥാനങ്ങളിലേക്കു മത്സരിക്കാനും വോട്ട് ചെയ്യാനും കഴിയൂ. മുനിസിപ്പല്‍ നിയമത്തിന്റെ മൂന്നാം ഷെഡ്യൂളില്‍ 'ദൈവ നാമത്തില്‍ (in the name of god)' സത്യപ്രതിജ്ഞ ചെയ്യണമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.
ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യണമെന്നാണ് ചട്ടമെന്നിരിക്കെ ദൈവങ്ങളുടെ പേര് പറഞ്ഞ് സത്യപ്രതിജ്ഞ ചെയ്തത് അസാധുവാണെന്ന് വി.ജോയി എംഎല്‍എ മനോരമ ഓണ്‍ലൈനിനോടു പറഞ്ഞു. നിയമപ്രകാരം സത്യപ്രതിജ്ഞ ചെയ്യാത്ത അംഗങ്ങള്‍ നാളെ നടക്കുന്ന മേയര്‍ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ യോഗ്യരാണോ എന്ന നിയമപ്രശ്നമാണ് ഉടലെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 20 പേരാണ് ചട്ടം ലംഘിച്ച് സത്യപ്രതിജ്ഞ ചെയ്തിരിക്കുന്നത്. ഇതു സംബന്ധിച്ച് നിരവധി സുപ്രീംകോടതി വിധികള്‍ നിലവിലുണ്ട്. ചട്ടംലംഘിച്ച് സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ തന്നെ അവിടെയുണ്ടായിരുന്ന കലക്ടര്‍ തിരുത്തണമായിരുന്നു. പരാതി ഉയര്‍ന്നഘട്ടത്തില്‍ അവര്‍ക്കു വേണ്ടി വീണ്ടും സത്യപ്രതിജ്ഞാ ചടങ്ങ് നടത്താനും കഴിയുമായിരുന്നു. എന്നാല്‍ അതൊന്നും ഇവിടെ ചെയ്തിട്ടില്ല. ആ സാഹചര്യത്തില്‍ നിയമപ്രകാരം സത്യപ്രതിജ്ഞ ചെയ്യാത്തവര്‍ക്ക് അംഗങ്ങളെന്ന നിലയില്‍ നാളെ നടക്കുന്ന മേയര്‍ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ നിയമപരമായ അവകാശം ഉണ്ടോ എന്ന പ്രശ്നമാണ് ഉയരുന്നതെന്നും വി.ജോയി പറഞ്ഞു.
---------------
Hindusthan Samachar / Sreejith S