Enter your Email Address to subscribe to our newsletters

Thiruvanathapuram, 25 ഡിസംബര്‍ (H.S.)
തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപി മേയര്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം പാര്‍ട്ടി തീരുമാനമനുസരിച്ചാണെന്നും ആ തീരുമാനത്തില്‍ സന്തോഷമുണ്ടെന്നും വിവി രാജേഷ്. കോര്‍പ്പറേഷനിലെ ബിജെപിയുടെ വിജയം സാധാരണ ജനങ്ങളുടെ വിജയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങള്‍ ഏല്‍പ്പിച്ച ഉത്തരവാദിത്വമാണിത്. അത് കണ്ണിലെ കൃഷ്ണമണിപോലെ തങ്ങള്‍ കാത്തുസൂക്ഷിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. തിരഞ്ഞെടുപ്പില്‍ ബിജെപി മുന്നോട്ടുവെച്ച വാഗ്ദാനങ്ങളെല്ലാം സമയബന്ധിതമായി നടപ്പിലാക്കുമെന്നും സാമ്പത്തികമായും മറ്റുവിധത്തിലും പിന്തുണയ്ക്കാന്‍ കേന്ദ്ര സര്‍ക്കാരുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വെള്ളിയാഴ്ച നടക്കാനിരിക്കുന്ന മേയര്‍ തിരഞ്ഞെടുപ്പടക്കം എല്ലാ തിരഞ്ഞെടുപ്പുകളെയും ബിജെപി ഗൗരവമായാണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ശക്തമായ പ്രതിപക്ഷത്തെ ആരോഗ്യകരമായിട്ടാണ് കാണുന്നത്. കാരണം ശക്തമായ പ്രതിപക്ഷമുള്ള സ്ഥലത്താണ് ശക്തമായ ജനാധിപത്യ സംവാദങ്ങള്‍ ഉയര്‍ന്നുവരുന്നത്. ജനാധിപത്യത്തില്‍ പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്വം തിരുത്തല്‍ശക്തിയായി പ്രവര്‍ത്തക്കണം എന്നുള്ളതാണ്. ഞങ്ങള്‍ കഴിഞ്ഞ അഞ്ചുവര്‍ഷം തിരുത്തല്‍ശക്തിയായിട്ടു തന്നെയാണ് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പ്രവര്‍ത്തിച്ചത്. പരിചയസമ്പന്നരായ നേതാക്കള്‍ പ്രതിപക്ഷത്തുള്ളത് വളരെ സന്തോഷത്തോടെയാണ് നോക്കിക്കാണുന്നതെന്നും രാജേഷ് പറഞ്ഞു.
തലസ്ഥാനത്തെ ബിജെപിയുടെ മുഖമായ വിവി രാജേഷ് ബിജെപി സംസ്ഥാന സെക്രട്ടറിയാണ്. കൊടുങ്ങാനൂര്‍ കൗണ്‍സിലറുമാണ് ഇദ്ദേഹം. കൗണ്‍സിലറായി ഇത് രണ്ടാമൂഴമാണ്. ജില്ലാ കമ്മിറ്റി ഓഫീസില്‍ നടന്ന അടിയന്തര യോഗത്തിന് ശേഷമാണ് മോയര്‍ സ്ഥാനാര്‍ഥിയെ ബിജെപി പ്രഖ്യാപിച്ചത്. ആശാ നാഥ് ആണ് ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ഥി. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷ് ആണ് പേരുകള്‍ പ്രഖ്യാപിച്ചത്.
---------------
Hindusthan Samachar / Sreejith S