ആരേയും എതിര്‍ത്തിട്ടില്ല; തിരുവനന്തപുരം മേയര്‍ സ്ഥാനാര്‍ഥി ചര്‍ച്ചകളില്‍ ഇടപെട്ടിട്ടില്ലെന്ന് വി മുരളീധരന്‍
Thiruvanathapuram, 25 ഡിസംബര്‍ (H.S.) തിരുവനന്തപുരം മേയര്‍ സ്ഥാനാര്‍ഥി ചര്‍ച്ചകളില്‍ ഇടപെട്ടിട്ടില്ലെന്ന് ബി ജെ പി നേതാവ് വി മുരളീധരന്‍. വി വി രാജേഷിന് വേണ്ടി ഇടപെട്ടെന്ന മാധ്യമ വാര്‍ത്തകള്‍ തള്ളിക്കൊണ്ട് മുരളീധരന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് രം
V MURALEEDHARAN


Thiruvanathapuram, 25 ഡിസംബര്‍ (H.S.)

തിരുവനന്തപുരം മേയര്‍ സ്ഥാനാര്‍ഥി ചര്‍ച്ചകളില്‍ ഇടപെട്ടിട്ടില്ലെന്ന് ബി ജെ പി നേതാവ് വി മുരളീധരന്‍. വി വി രാജേഷിന് വേണ്ടി ഇടപെട്ടെന്ന മാധ്യമ വാര്‍ത്തകള്‍ തള്ളിക്കൊണ്ട് മുരളീധരന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് രംഗത്തെത്തിയത്. പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നാണ് മുരളീധരന്റെ പക്ഷം. തിരുവനന്തപുരം മേയര്‍ സ്ഥാനാര്‍ഥി ചര്‍ച്ചകളില്‍ ആരുടെയും പേര് പറയുകയോ ആരെയും എതിര്‍ക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം വിവരിച്ചു. പാര്‍ട്ടി സംസ്ഥാന നേതൃത്വം എല്ലാ വശങ്ങളും പരിശോധിച്ച് എടുത്ത തീരുമാനമാണ് ഇതെന്നാണ് മനസിലാക്കുന്നതെന്നും മുരളീധരന്‍ വിശദീകരിച്ചു. ആയിരംവട്ടം ആവര്‍ത്തിച്ചാലും നുണ, സത്യമാവില്ലെന്നും അഭിപ്രായപ്പെട്ട മുരളീധരന്‍, നിയുക്ത മേയര്‍ വി വി രാജേഷിനും ഡെപ്യൂട്ടി മേയര്‍ ആശാനാഥിനും ആശംസകളും നേര്‍ന്നു.

നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് വിവി രാജേഷിനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. ആര്‍ ശ്രീലേഖ മേയറാകും എന്നുള്ള തരത്തിലാണ് ചര്‍ച്ചകള്‍ നടന്നിരുന്നത്. എന്നാല്‍ ശ്രീലേഖ മേയര്‍ ആവുന്നതിനെ ഒരു വിഭാഗം എതിര്‍പ്പുയര്‍ത്തുകയായിരുന്നു. ശ്രീലേഖ ഡെപ്യൂട്ടി മേയറും ആകില്ല എന്നാണ് വിവരം. ആശാനാഥ് ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ത്ഥി.

ബിജെപി ജില്ലാ അധ്യക്ഷനായിരുന്ന വി വി രാജേഷിന്റെയും ആര്‍ ശ്രീലേഖയുടെയും പേരുകള്‍ ആയിരുന്നു കൂടുതല്‍ സാധ്യതയില്‍ ഉണ്ടായിരുന്നത്. വി വി രാജേഷിനെ മേയര്‍ ആക്കണമെന്നായിരുന്നു ആര്‍ എസ് എസിന്റെയും അഭിപ്രായം. ഒപ്പം കരമന അജിത്, എം ആര്‍ ഗോപന്‍ തുടങ്ങിയവരുടെ പേരുകള്‍ പരിഗണിക്കപ്പെട്ടെങ്കിലും ഇവരെയൊക്കെയും അവഗണിച്ച് ബിജെപിയില്‍ പ്രവര്‍ത്തി പരിചയം പോലുമില്ലാത്ത ആര്‍ ശ്രീലേഖയ്ക്കാണ് സംസ്ഥാന അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ള ഒരു വിഭാഗം പിന്തുണ പ്രഖ്യാപിച്ചത്. കഴിഞ്ഞദിവസം കൗണ്‍സിലര്‍മാരെ നേരില്‍കണ്ടും സംസ്ഥാന അധ്യക്ഷന്‍ അഭിപ്രായം ആരാഞ്ഞിരുന്നു. കൂടുതല്‍പേരും ആര്‍ ശ്രീലേഖക്കെതിരെ എതിര്‍പ്പ് രേഖപ്പെടുത്തി.

തിരുവനന്തപുരം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ പതിറ്റാണ്ടുകള്‍ നീണ്ട ഇടതുകോട്ട തകര്‍ത്ത് ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ (NDA) ചരിത്രവിജയം സ്വന്തമാക്കി. 101 വാര്‍ഡുകളിലേക്ക് നടന്ന മത്സരത്തില്‍ 50 സീറ്റുകള്‍ നേടിയാണ് ബിജെപി തലസ്ഥാന നഗരസഭയുടെ ഭരണം പിടിച്ചെടുത്തത്. കഴിഞ്ഞ 45 വര്‍ഷമായി കോര്‍പ്പറേഷന്‍ ഭരിച്ചിരുന്ന എല്‍ഡിഎഫിന് (LDF) ഇത്തവണ 29 സീറ്റുകള്‍ മാത്രമേ നേടാനായുള്ളൂ. യുഡിഎഫ് (UDF) 19 സീറ്റുകളുമായി നില മെച്ചപ്പെടുത്തിയപ്പോള്‍ രണ്ട് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും വിജയിച്ചു. ഡിസംബര്‍ 13-ന് പുറത്തുവന്ന ഫലങ്ങള്‍ കേരള രാഷ്ട്രീയത്തിലെ വലിയൊരു മാറ്റത്തിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.

---------------

Hindusthan Samachar / Sreejith S


Latest News