അനിശ്ചിതത്വങ്ങൾക്ക് വിരാമം; വി വി രാജേഷ് തിരുവനന്തപുരം മേയർ സ്ഥാനാർത്ഥി
Trivandrum , 25 ഡിസംബര്‍ (H.S.) ബിജെപി നേതാവ് വിവി രാജേഷ് തിരുവനന്തപുരം മേയർ സ്ഥാനാർത്ഥി. നീണ്ട ചർച്ചകൾക്ക് ശേഷമാണ് തീരുമാനം. ആര്‍ ശ്രീലേഖ മേയറാകും എന്നുള്ള തരത്തിലാണ് ചർച്ചകൾ നടന്നിരുന്നത്. എന്നാല്‍ ശ്രീലേഖ മേയർ ആവുന്നതിനെ ഒരു വിഭാഗം എതിർപ്പുയർത്
അനിശ്ചിതത്വങ്ങൾക്ക് വിരാമം; വി വി രാജേഷ് തിരുവനന്തപുരം മേയർ സ്ഥാനാർത്ഥി


Trivandrum , 25 ഡിസംബര്‍ (H.S.)

ബിജെപി നേതാവ് വിവി രാജേഷ് തിരുവനന്തപുരം മേയർ സ്ഥാനാർത്ഥി. നീണ്ട ചർച്ചകൾക്ക് ശേഷമാണ് തീരുമാനം. ആര്‍ ശ്രീലേഖ മേയറാകും എന്നുള്ള തരത്തിലാണ് ചർച്ചകൾ നടന്നിരുന്നത്. എന്നാല്‍ ശ്രീലേഖ മേയർ ആവുന്നതിനെ ഒരു വിഭാഗം എതിർപ്പുയർത്തുകയായിരുന്നു. ശ്രീലേഖ ഡെപ്യൂട്ടി മേയറും ആകില്ല എന്നാണ് വിവരം. ആശാനാഥ് ഡെപ്യൂട്ടി മേയർ ആയേക്കും.

തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ സ്ഥാനാർത്ഥി തീരുമാനിക്കുന്നതിൽ ബിജെപിയിൽ ഭിന്നത രൂക്ഷമായിരുന്നു. വി വി രാജേഷിനായി നേതൃത്വത്തിൽ ഭൂരിപക്ഷ അഭിപ്രായം രൂപപ്പെട്ടു. ആർ ശ്രീലേഖയെ വീട്ടിലെത്തി ബിജെപി നേതാക്കൾ കാര്യങ്ങൾ ധരിപ്പിച്ചു.

ബിജെപി ജില്ലാ അധ്യക്ഷനായിരുന്ന വി വി രാജേഷിന്റെയും ആർ ശ്രീലേഖയുടെയും പേരുകൾ ആയിരുന്നു കൂടുതൽ സാധ്യതയിൽ ഉണ്ടായിരുന്നത്. വി വി രാജേഷിനെ മേയർ ആക്കണമെന്നായിരുന്നു ആർ എസ് എസിന്റെയും അഭിപ്രായം. ഒപ്പം കരമന അജിത്, എം ആർ ഗോപൻ തുടങ്ങിയവരുടെ പേരുകൾ പരിഗണിക്കപ്പെട്ടെങ്കിലും ഇവരെയൊക്കെയും അവഗണിച്ച് ബിജെപിയിൽ പ്രവർത്തി പരിചയം പോലുമില്ലാത്ത ആർ ശ്രീലേഖയ്ക്കാണ് സംസ്ഥാന അധ്യക്ഷൻ ഉൾപ്പെടെയുള്ള ഒരു വിഭാഗം പിന്തുണ പ്രഖ്യാപിച്ചത്. കഴിഞ്ഞദിവസം കൗൺസിലർമാരെ നേരിൽകണ്ടും സംസ്ഥാന അധ്യക്ഷൻ അഭിപ്രായം ആരാഞ്ഞിരുന്നു. കൂടുതൽപേരും ആർ ശ്രീലേഖക്കെതിരെ എതിർപ്പ് രേഖപ്പെടുത്തി.

തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ പതിറ്റാണ്ടുകൾ നീണ്ട ഇടതുകോട്ട തകർത്ത് ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ (NDA) ചരിത്രവിജയം സ്വന്തമാക്കി. 101 വാർഡുകളിലേക്ക് നടന്ന മത്സരത്തിൽ 50 സീറ്റുകൾ നേടിയാണ് ബിജെപി തലസ്ഥാന നഗരസഭയുടെ ഭരണം പിടിച്ചെടുത്തത്. കഴിഞ്ഞ 45 വർഷമായി കോർപ്പറേഷൻ ഭരിച്ചിരുന്ന എൽഡിഎഫിന് (LDF) ഇത്തവണ 29 സീറ്റുകൾ മാത്രമേ നേടാനായുള്ളൂ. യുഡിഎഫ് (UDF) 19 സീറ്റുകളുമായി നില മെച്ചപ്പെടുത്തിയപ്പോൾ രണ്ട് സ്വതന്ത്ര സ്ഥാനാർത്ഥികളും വിജയിച്ചു. ഡിസംബർ 13-ന് പുറത്തുവന്ന ഫലങ്ങൾ കേരള രാഷ്ട്രീയത്തിലെ വലിയൊരു മാറ്റത്തിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.

മുൻ ഡിജിപി ആർ. ശ്രീലേഖ ശാസ്തമംഗലം വാർഡിൽ നിന്നും ബിജെപി സ്ഥാനാർത്ഥിയായി ജയിച്ചതാണ് ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും ശ്രദ്ധേയമായ നേട്ടം. എൽഡിഎഫിന്റെ പ്രമുഖ നേതാക്കളും സിറ്റിംഗ് കൗൺസിലർമാരും പരാജയപ്പെട്ടത് അവർക്ക് കനത്ത തിരിച്ചടിയായി. കോൺഗ്രസ് നയിക്കുന്ന യുഡിഎഫ് കഴിഞ്ഞ തവണത്തേക്കാൾ ഒൻപത് സീറ്റുകൾ അധികം നേടി നഗരസഭയിൽ തങ്ങളുടെ സാന്നിധ്യം ശക്തമാക്കി. ഭരണത്തുടർച്ച ലക്ഷ്യമിട്ടിറങ്ങിയ എൽഡിഎഫിനെ അഴിമതി ആരോപണങ്ങളും വികസന മുരടിപ്പും പ്രതികൂലമായി ബാധിച്ചപ്പോൾ, കൃത്യമായ തെരഞ്ഞെടുപ്പ് തന്ത്രങ്ങളിലൂടെ ബിജെപി അധികാരം പിടിച്ചെടുക്കുകയായിരുന്നു.

---------------

Hindusthan Samachar / Roshith K


Latest News