മുഖ്യമന്ത്രിയും ഉണ്ണികൃഷ്ണന്‍ പോറ്റിയും ഒരുമിച്ചുള്ള ചിത്രം പങ്കുവച്ചു; കോണ്‍ഗ്രസ് നേതാവിനെതിരെ കലാപശ്രമത്തിന് കേസ്
Kerala, 26 ഡിസംബര്‍ (H.S.) തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ഉണ്ണികൃഷ്ണന്‍ പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചതിന് കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്. കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം എന്‍. സുബ്രഹ്മണ്യന് എതിരെയാണ് കോ
മുഖ്യമന്ത്രിയും ഉണ്ണികൃഷ്ണന്‍ പോറ്റിയും ഒരുമിച്ചുള്ള ചിത്രം പങ്കുവച്ചു; കോണ്‍ഗ്രസ് നേതാവിനെതിരെ കലാപശ്രമത്തിന് കേസ്


Kerala, 26 ഡിസംബര്‍ (H.S.)

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ഉണ്ണികൃഷ്ണന്‍ പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചതിന് കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്. കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം എന്‍. സുബ്രഹ്മണ്യന് എതിരെയാണ് കോഴിക്കോട് ചേവായൂര്‍ പൊലീസ് കേസെടുത്തത്.’പിണറായിയും ഉണ്ണികൃഷ്ണന്‍ പോറ്റിയും തമ്മില്‍ അഗാധമായ ബന്ധമുണ്ടാകാന്‍ കാരണം എന്തായിരിക്കും എന്നായിരുന്നു സോഷ്യല്‍ മീഡിയ പോസ്റ്റ്. ചിത്രം എഐ ഉപയോഗിച്ച് നിര്‍മിച്ചതെന്ന് പല നേതാക്കളും ആരോപിച്ചിരുന്നു.

കലാപശ്രമത്തിനാണ് കേസ് എടുത്തത്. ചിത്രം പങ്കുവച്ച് എല്‍ഡിഎഫ്, യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ലക്ഷ്യമിട്ടു എന്ന് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് കലാപശ്രമത്തിന് കേസെടുത്തിരിക്കുന്നത്. ബിഎന്‍എസ് 192, കെപിഎ 120 എന്നീ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

നേരത്തെ, മുഖ്യമന്ത്രിക്കൊപ്പമുള്ള ഉണ്ണികൃഷ്ണ്‍ പോറ്റിയുടെ ചിത്രം എഐ നിര്‍മിച്ചതെന്ന ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ രംഗത്ത് വന്നിരുന്നു. മുഖ്യമന്ത്രി പോറ്റിയുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും എംവി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു. പുറത്തുവന്ന രണ്ട് ചിത്രത്തില്‍ ഒന്ന് ഒരുപരിപാടിയുടെ ഭാഗമായി നടന്നുപോകുമ്പോള്‍ കാണുന്ന ഫോട്ടോയാണ്.

കോണ്‍ഗ്രസ് നേതാവ് എന്‍ സുബ്രഹ്മണ്യന്‍ സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച ചിത്രമാണ് അടൂര്‍ പ്രകാശ് കാണിച്ചത്. അത് ഒരു നിര്‍മിത ഫോട്ടോയാണ്. മറ്റൊന്നും പ്രതികരിക്കാന്‍ ഇല്ലാത്തതുകൊണ്ടാണ് അങ്ങനെ പറയുന്നത്. സോണിയയുമായി കൂടിക്കാഴ്ച എങ്ങനെ നടത്തിയെന്ന് ചോദിക്കുമ്പോള്‍ പിണറായി കണ്ടു എന്നുപറഞ്ഞാല്‍ എങ്ങനെ ശരിയാകും?. എന്തായിരുന്നു അവര്‍ സംസാരിച്ചതെന്ന് പൊതുസമൂഹത്തിനോട് പറയുക തന്നെ വേണം. ആരാണ് അപ്പോയിന്റ്‌മെന്റ് പ്രതികള്‍ക്ക് ഒരുക്കി കൊടുത്തത്?. അത് ജനങ്ങള്‍ക്ക് അറിയണമെന്നും ഗോവിന്ദന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് സര്‍ക്കാരിനോ പാര്‍ട്ടിക്കോ ഒന്നും മറച്ചുവയ്ക്കാനില്ല. എല്ലാം അന്വേഷിച്ചോട്ടെ. അത് വിദേശത്തായാലും സ്വദേശത്തായാലും. കൂടിക്കാഴ്ചയും അന്വേഷണം നടത്തണം. എന്തിനാണ് ഈ പ്രതികള്‍ ഇന്ത്യയിലെ ഏറ്റവും പ്രമുഖയായ നേതാവിനെ കണ്ടതും സംസാരിച്ചതും സമ്മാനം നല്‍കിയതെന്നതും അന്വേഷിക്കണം.

യുഡിഎഫ് കണ്‍വീനര്‍ എന്തൊക്കെ മലക്കം മറിഞ്ഞാലും അതിന്റെ വിശദാംശങ്ങള്‍ വരും. യുഡിഎഫ് നേതാക്കളുടെ ഗുഡ്ബുക്കിലുള്ളവരാണ് ഇപ്പോള്‍ സ്വര്‍ണക്കേസില്‍ പ്രതിയായവരെന്നും ഗോവിന്ദന്‍ പറഞ്ഞു

---------------

Hindusthan Samachar / Roshith K


Latest News