Enter your Email Address to subscribe to our newsletters

Kozhikode, 26 ഡിസംബര്‍ (H.S.)
ദുബായില്‍ മദ്യപിച്ച് വാഹനമോടിച്ച് ഒരാളെ കൊലപ്പെടുത്തിയ കേസിലെ പ്രതി നാടുവിട്ടതോടെ, കുരുക്കിലായത് വാഹന ഉടമ. കോഴിക്കോട് സ്വദേശി നൗഫലാണ് ജീവനക്കാരന്‍ പ്രതിയായ കേസിലെ നിയമനടപടികളില്‍ കുടുങ്ങിയത്. 1.2 കോടി രൂപ പിഴ ചുമത്തി കോടതി ഉത്തരവിട്ടതോടെ, നാട്ടിലേക്ക് മുങ്ങിയ യഥാർഥ പ്രതിയെ കണ്ടെത്തി, പിഴ തുക ഈടാക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കുകയാണ് നൗഫല്‍.
2022 ഒക്ടോബർ 12നായിരുന്നു കേസിനാസ്പദമായ സംഭവം. ദുബായില്‍ കറൻസി- ടാക്സ് കൺസൾട്ടൻസിയും, ഓൺലൈൻ ഫുഡ് ഡെലിവറി സർവീസും നടത്തുന്ന കോഴിക്കോട് കുറ്റ്യാടി സ്വദേശി മംഗലശ്ശേരി നൗഫല്‍ അവധിക്ക് നാട്ടിലായിരുന്നു. ഈ സമയം, നൗഫലിന്‍റെ ഓഫീസിലെ ജീവനക്കാരനായ മലപ്പുറം തിരൂർ സ്വദേശി ഫഹദ് അനുമതിയില്ലാതെ സ്ഥാപനത്തിന്‍റെ വാഹനം എടുത്ത് പുറത്ത് പോയി.
മദ്യലഹരിയില്‍ ഫഹദ് ഓടിച്ചിരുന്ന വാഹനമുണ്ടാക്കിയ അപകടത്തില്‍ ഒരാള്‍ മരിച്ചു. നിസ്സാര പരിക്കേറ്റ ഫഹദിനെ ദുബായ് പൊലീസ് അറസ്റ്റു ചെയ്തു. എന്നാല്‍ നിയമനടപടികള്‍ക്കിടെ, ഫഹദ് ജാമ്യത്തിലിറങ്ങി നാട്ടിലേക്ക് മുങ്ങി. ഇതോടെയാണ് വാഹന ഉടമയായ നൗഫൽ വെട്ടിലായത്.
അപകടത്തിൽ കൊല്ലപ്പെട്ട വ്യക്തിക്ക് കോടതി നിർദേശ പ്രകാരം, ഇൻഷുറൻസ് കമ്പനി രണ്ടര ലക്ഷം ദിർഹം അതായത് 65 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചു. എന്നാൽ, മദ്യപിച്ച് വാഹനമോടിച്ചതാണ് അപകടത്തിന് കാരണമെന്നും ഇത്തരം അപകടങ്ങൾക്ക് നഷ്ടപരിഹാരം നൽകേണ്ട നിയമപരവും ധാർമികവുമായ ഉത്തരവാദിത്വമില്ലെന്ന് കാണിച്ച് ഇൻഷുറൻസ് കമ്പനി കോടതിയെ സമീപിച്ചു.
നൽകിയ നഷ്ടപരിഹാരവും പലിശയും കോടതി ചെലവുകളും അപകടം ഉണ്ടാക്കിയ വ്യക്തിയിൽ നിന്നോ, വാഹന ഉടമയിൽ നിന്നോ ഈടാക്കണമെന്നായിരുന്നു ആവശ്യം. ഈ വാദം ശരിവെച്ച ദുബായ് കോടതി, 4.16 ലക്ഷം ദിർഹം അതായത് 1.2 കോടി രൂപ പിഴയായി വിധിച്ചു. ഫഹദ് രാജ്യം വിട്ടതിനാൽ വാഹന ഉടമയായ നൗഫലിൽ നിന്ന് തുക ഈടാക്കാമെന്നായിരുന്നു വിധി. ഇതോടെയാണ്, നൗഫൽ നാട്ടിലെത്തി മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.
പരാതി വടകര ഡി.വൈ.എസ്.പിക്കും, കുറ്റ്യാടി പൊലീസിനും കൈമാറിയിട്ടുണ്ട്. ദുബായിലെ വാഹനാപകടവുമായി ബന്ധപ്പെട്ട കോടതി നടപടികളില്‍ നൗഫൽ കക്ഷി ചേർന്നിരുന്നില്ല. കേസിൽ കക്ഷിചേരുകയും തന്‍റെ ഭാഗം വിശദീകരിക്കാന്‍ അവസരം ലഭിക്കുകയും ചെയ്തിരുന്നെങ്കില്‍ ഇപ്പോഴുണ്ടായ നടപടി ഒഴിവാക്കാമായിരുന്നു എന്നാണ് നിയമോപദേശം ലഭിച്ചതെന്നും നൗഫൽ പറയുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR