Enter your Email Address to subscribe to our newsletters

Gurugram, 26 ഡിസംബര്‍ (H.S.)
ഗുരുഗ്രാമിലെ ഒരു ക്ലബ്ബിൽ വെച്ച് വിവാഹാഭ്യർത്ഥന നിരസിച്ചതിന് 25 കാരിയായ സ്ത്രീയ്ക്ക് നേരെ വെടിയുതിർത്ത് യുവാവ്. ഡിസംബർ 20 ന് പുലർച്ചെ ഗുരുഗ്രാമിലെ എംജി റോഡിലാണ് സംഭവം നടന്നത്. ഡൽഹിയിലെ നജഫ്ഗഢിൽ നിന്നുള്ള കൽപ്പന എന്ന യുവതിക്കാണ് വെടിയേറ്റത്. സംഭവത്തിൽ കൽപ്പനയുടെ ഭർത്താവ് പൊലീസിൽ പരാതി നൽകി.
ഗുരുഗ്രാമിലെ ഒരു ക്ലബ്ബിൽ ജോലി ചെയ്യുന്ന കൽപ്പനയെ ഡൽഹിയിലെ സംഗം വിഹാർ നിവാസിയായ തുഷാറാണ് വിവാഹാഭ്യർഥന നിരസിച്ചതിന് വെടിവെച്ചത്. ഒരു മാസം മുമ്പ് തുഷാർ ഇവരുടെ വീട്ടിലെത്തി വഴക്കുണ്ടാക്കിയതായും കൽപ്പനയുടെ ഭർത്താവിൻ്റെ പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ സെക്ടർ 29 പൊലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.
പ്രതിയായ തുഷാർ എന്ന ജോണ്ടി (25), ഇയാളുടെ സുഹൃത്ത് ശുഭം എന്ന ജോണി (24) എന്നിവരെ ഉത്തർപ്രദേശിലെ ബറാവുത്തിൽ നിന്ന് അറസ്റ്റ് ചെയ്തതായി പൊലീസ് വ്യക്തമാക്കി.
ആറ് മാസം മുമ്പ് പെൺകുട്ടിയുമായി പരിചയത്തിലായ തുഷാർ പെൺകുട്ടിയോട് നിരന്തരം വിവാഹാഭ്യർഥന നടത്തിയിരുന്നതായും എന്നാൽ പെൺകുട്ടി ഇത് നിരസിക്കുകയായിരുന്നുവെന്നും തുഷാർ പൊലീസിന് നൽകിയ മൊഴിയിൽ പറഞ്ഞു. ഡിസംബർ 19 ന് രാത്രി തുഷാറും ശുഭവും ക്ലബ്ബിൽ പോയി വീണ്ടും പെൺകുട്ടിയോട് വിവാഹാഭ്യർഥന നടത്തുകയും പെൺകുട്ടി വിസമ്മതിച്ചതിനെ തുടർന്ന് വെടിയുതിർക്കുകയുമായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണെന്നും പൊലീസ് അറിയിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR