Enter your Email Address to subscribe to our newsletters

Thiruvananthapuram, 26 ഡിസംബര്‍ (H.S.)
കോർപ്പറേഷൻ നിയുക്ത മേയർ വി.വി.രാജേഷിനെ മുഖ്യമന്ത്രി ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു എന്ന വാർത്ത തെറ്റെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. ഇന്ന് രാവിലെ മുഖ്യമന്ത്രിയോട് സംസാരിക്കാൻ പേഴ്സണൽ അസിസ്റ്റൻ്റിനെ വിളിച്ചത് വി.വി. രാജേഷാണെന്നും തെറ്റായ വാർത്തകളാണ് പ്രചരിച്ചതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
ഇന്ന് രാവിലെ നിയുക്ത മേയർ വി.വി. രാജേഷ് മുഖ്യമന്ത്രിയെ ബന്ധപ്പെടാൻ ശ്രമിക്കുകയായിരുന്നു. പേഴ്സണൽ അസിസ്റ്റന്റിനെയാണ് രാജേഷ് വിളിച്ചത്. മുഖ്യമന്ത്രി അടുത്ത ഇല്ലാത്തതിനാൽ പിന്നീട് കണക്ട് ചെയ്യുകയായിരുന്നു. മേയറാകാൻ പോകുകയാണെന്നും നേരിട്ട് കാണാമെന്നും രാജേഷ് പറഞ്ഞു. അങ്ങനെ ആകട്ടെ, അഭിനന്ദനങ്ങൾ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
എന്നാൽ, പിന്നീട് പ്രചരിപ്പിക്കപ്പെട്ട വാർത്ത വി. വി. രാജേഷിനെ മുഖ്യമന്ത്രി വിളിച്ച് ആശംസകൾ അറിയിച്ചു എന്നാണ്. ഇത് വസ്തുതാ വിരുദ്ധവും തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതുമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR