Enter your Email Address to subscribe to our newsletters

Dindigul, 26 ഡിസംബര്‍ (H.S.)
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ സംശയ നിഴലിലായ ഡി.മണിയുടെ വീട്ടിലും സ്ഥാപനങ്ങളിലും പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തുന്നു. ഡി. മണിയെ എസ്ഐടി ചോദ്യം ചെയ്തു. ഇടനിലക്കാരനായ ശ്രീകൃഷ്ണൻ്റെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്. പരിശോധയുടെ ദൃശ്യങ്ങൾ മാധ്യമങ്ങൾക്ക് ലഭിച്ചു.
ശബരിമല സ്വർണക്കടത്ത് സംബന്ധിച്ച് രമേശ് ചെന്നിത്തല പരാമർശിച്ച വ്യവസായിയുടെ മൊഴിയിലെ പ്രധാനപ്പെട്ട കണ്ണിയാണ് ഡി. മണി. മണിയെ എസ്ഐടി സംഘം രണ്ട് ദിവസമായി ചോദ്യം ചെയ്തുവരികയാണ്. ഡി. മണിയും ശ്രീകൃഷ്ണനും ഇറിഡിയം തട്ടിപ്പ് കേസിലെ പ്രതികൾ കൂടിയാണെന്ന വിവരവും പുറത്തുവരുന്നുണ്ട്. സംഘത്തിലെ കൂടുതൽ ആളുകളും തമിഴ്നാട് പൊലീസിന്റെ കേസിൽ പ്രതികളാണ്. ഈ കേസിന്റെ വിവരങ്ങളും എസ്ഐടി പരിശോധിക്കും.
തികച്ചും ദുരൂഹമാണ് ഡി. മണിയെന്ന ഡയമണ്ട് മണിയുടെ വളർച്ച. ബാലസുബ്രഹ്മണ്യൻ എന്നാണ് മണിയുടെ യഥാർഥ പേര്. ഓട്ടോ ഡ്രൈവർ ആയിരുന്ന മണിയെയാണ് നാട്ടുകാർക്ക് അറിയുക. അന്ന് ഓട്ടോ മണിയെന്ന് അറിയപ്പെട്ടിരുന്ന ഇയാൾ പിന്നീട് ഫിനാൻസ് സ്ഥാപനം ആരംഭിച്ചപ്പോൾ ഫിനാൻസ് മണിയായി. തിയ്യേറ്ററിൽ കാന്റീൻ നടത്തി പോപ്കോൺ വിറ്റിരുന്ന മണിയെയും നാട്ടുകാർക്ക് അറിയാം.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR