Enter your Email Address to subscribe to our newsletters

Kozhikkode, 26 ഡിസംബര്‍ (H.S.)
മുഖ്യമന്ത്രി പിണറായി വിജയനും ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും ഒരുമിച്ച് നില്‍ക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച സംഭവത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനെതിരെ പോലീസ് കേസെടുത്തു. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എന്‍. സുബ്രഹ്‌മണ്യനെതിരെയാണ് കോഴിക്കോട് ചേവായൂര്‍ പോലീസ് കേസെടുത്തത്. കലാപത്തിന് ആഹ്വാനം ലക്ഷ്യമിട്ട് വ്യാജ ചിത്രം പ്രചരിപ്പിച്ചു എന്നതാണ് കേസ്. മുഖ്യമന്ത്രിയും ഉണ്ണികൃഷ്ണന്‍ പോറ്റിയും അഗാധമായ ബന്ധത്തിലാണെന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള ചിത്രങ്ങളും കുറിപ്പുകളുമാണ് സുബ്രഹ്‌മണ്യന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്.
ഈ ചിത്രങ്ങളില്‍ ഒന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് നിര്‍മ്മിച്ചതാണെന്ന് ഇതിനോടകം ആരോപണമുയര്‍ന്നിട്ടുണ്ട്. ചിത്രങ്ങളുടെ ആധികാരികതയെ കുറിച്ച് മുഖ്യമന്ത്രി തന്നെ പത്ര സമ്മേളനം നടത്തി വ്യക്തത നല്‍കിയിരുന്നു. സെക്രട്ടറിയേറ്റിന് മുന്നിലുള്ള പോര്‍ട്ടിക്കോയില്‍ വച്ച് ശബരിമലയ്ക്ക് കൊടുക്കുന്ന ആംബുലന്‍സിന്റെ ഉദ്ഘാടനം നടന്നിരുന്നു. ആള്‍ക്കുട്ടത്തിനിടയില്‍ പോറ്റി ഉണ്ടായിരുന്നു എന്നും പിണറായി വിജയന്‍ വ്യക്തമാക്കി. അന്നത്തെ ചിത്രത്തോടൊപ്പം മുഖ്യമന്ത്രി പോറ്റിയുടെ ചെവിയില്‍ സംസാരിക്കുന്ന രീതിയില്‍ പ്രചരിച്ച ചിത്രം വ്യാജമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ കോണ്‍ഗ്രസ് വ്യാജ രേഖകള്‍ നിര്‍മ്മിക്കുകയാണെന്ന് എല്‍ഡിഎഫ് ആരോപിച്ചു.
ശബരിമല ക്ഷേത്രത്തിലെ സ്വര്‍ണ്ണ കവര്‍ച്ചയുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കെയാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള രാഷ്ട്രീയ നേതാക്കളുടെ ബന്ധം വലിയ വിവാദമായത്. യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ പ്രതിയോടൊപ്പം നില്‍ക്കുന്ന ചിത്രം നേരത്തെ പുറത്തുവന്നിരുന്നു. ഇതിന് മറുപടിയായാണ് കോണ്‍ഗ്രസ് നേതാക്കള്‍ മുഖ്യമന്ത്രിയുടെയും പ്രതിയുടെയും ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്.
---------------
Hindusthan Samachar / Sreejith S