Enter your Email Address to subscribe to our newsletters

New delhi, 26 ഡിസംബര്‍ (H.S.)
ബംഗ്ലാദേശില്‍ അടുത്തിടെയുണ്ടായ ഹിന്ദു യുവാക്കളുടെ കൊലപാതകങ്ങളില്‍ ശക്തമായി പ്രതികരിച്ച് ഇന്ത്യ. ന്യൂനപക്ഷ വിഭാഗങ്ങളെ ലക്ഷ്യംവെച്ചുള്ള നീക്കങ്ങളെ ഖേദകരമെന്ന് വിശേഷിപ്പിച്ച ഇന്ത്യ, ഇത്തരം അക്രമങ്ങള്‍ അവഗണിക്കാനാവില്ലെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാളാണ് രൂക്ഷമായ പ്രതികരണം നടത്തിയത്. ഹിന്ദുക്കള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളെ അപലപിക്കുന്നുവെന്നും കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കുമെന്നും അദ്ദേഹം അറിയിച്ചു.
വിഷയം ഇന്ത്യ ഗൗരവായിത്തന്നെ പരിഗണിച്ചിട്ടുണ്ട്. ഇത്തരം ആക്രമണങ്ങളെ പുറന്തള്ളാന്‍ കഴിയില്ല. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന നിരന്തര ക്രൂരത വലിയ ആശങ്കയുളവാക്കുന്നതാണ്. ഹിന്ദു യുവാക്കളുടെ കൊലപാതകത്തില്‍ അപലപിക്കുന്നു. കുറ്റകൃത്യം ചെയ്തവരെ നീതിക്കുമുന്നില്‍ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.
ബുധനാഴ്ച രാജ്ബോരി ടൗണിലെ പംഗ്ഷാ ഉപസില്ലയിലാണ് അമിത് മൊണ്ഡല്‍ എന്ന യുവാവിനെ തല്ലിക്കൊന്നത്. പണം ആവശ്യപ്പെട്ടെന്ന ആരോപണത്തെത്തുടര്‍ന്ന് പ്രദേശവാസികള്‍ തല്ലിക്കൊല്ലുകയായിരുന്നുവെന്ന് ദി ഡെയ്ലി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്തു. മൊണ്ഡല്‍ ഒരു ക്രിമിനല്‍ സംഘത്തിന്റെ തലവനും മറ്റു നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നയാളുമായിരുന്നെന്ന് പോലീസ് സംശയിക്കുന്നു. സംഭവദിവസം ഇയാളും കൂട്ടരും ചേര്‍ന്ന് ഒരാളുടെ വീട്ടില്‍നിന്ന് പണംതട്ടാന്‍ ശ്രമിച്ചതായി ആരോപണമുണ്ട്. ഇതേത്തുടര്‍ന്ന് നാട്ടുകാര്‍ മൊണ്ഡലിനെ തടയുകയും ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. ഗുരുതരാവസ്ഥയിലായ ഇയാളെ പോലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി രണ്ടുമണിയോടെ മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
---------------
Hindusthan Samachar / Sreejith S