Enter your Email Address to subscribe to our newsletters

Karnataka, 26 ഡിസംബര്‍ (H.S.)
കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി ബുള്‍ഡോസര്‍ വിവാദം. സര്‍ക്കാര്‍ ഭൂമി കയ്യേറി താമസിക്കുന്നവര്‍ എന്നാരോപിച്ച് ബെംഗളൂരു യെലഹങ്കയില്‍ മുസ്ലീം ഭൂരിപക്ഷ മേഖലയില്‍ മുന്നൂറോളം വീടുകള്‍ തകര്‍ത്ത നടപടിയെ ചൊല്ലിയാണ് വിവാദം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന്റെ വിമര്‍ശനത്തിന് പിന്നാലെ കേരള മുഖ്യമന്ത്രി പിണറായി വിജയനും കര്‍ണാടക കോണ്‍ഗ്രസിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ബെംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് ലിമിറ്റഡ് എന്ന ബിഎസ്ഡബ്ലൂഎംഎല്‍ ഡിസംബര്‍ 20 ന് പുലര്‍ച്ചെ യെലഹങ്കയില്‍ നടത്തിയ ഈ പൊളിച്ചു മാറ്റലാണ് കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടക സര്‍ക്കാരിനെ വിവാദത്തിലാക്കിയിരിക്കുന്നത്.
അനധികൃതമായി താമസിപ്പിക്കുന്നവരെ ഒഴിപ്പിക്കാന്‍ എന്ന പേരില്‍ പുലര്‍ച്ചെ 4.15 നാണ് വസീം ലേ ഔട്ടിലും ഫക്കീര്‍ കോളനിയിലും സര്‍ക്കാര്‍ ബുള്‍ഡോസറുകള്‍ വീടുകളുടെ അടിത്തറ പിഴുതുമാറ്റിയത്. യുപിയിലുള്‍പ്പെടെ ബിജെപിയുടെ ബുള്‍ഡോസര്‍ രാജിനെ വിമര്‍ശിക്കുന്ന കോണ്‍ഗ്രസ്, യെലഹങ്കയില്‍ ബുള്‍ഡോസര്‍ രംഗത്തിറക്കിയതിന്റെ പേരില്‍ രൂക്ഷമായ വിമര്‍ശനം നേരിടുകയാണ് ഇപ്പോള്‍. സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷമായ ബിജെപി ഈ നടപടികളെ വിമര്‍ശിച്ചിട്ടെങ്കിലും പാര്‍ട്ടിക്കകത്ത് തന്നെ ബുള്‍ഡോസര്‍ നടപടി വിമര്‍ശനം നേരിട്ട് കഴിഞ്ഞു. ബിജെപിയുടെ വഴിയിലേക്കുള്ള പോക്കിന് വലിയ വില നല്‍കേണ്ടി വരും എന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം മുന്നറിയിപ്പ് നല്‍കിയത്. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനും കര്‍ണാടക സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുന്നത്.
ഉത്തരേന്ത്യയില്‍ സംഘപരിവാര്‍ നടപ്പാക്കുന്ന ന്യൂനപക്ഷ വിരുദ്ധ ആക്രമോത്സുക രാഷ്ട്രീയത്തിന്റെ മറ്റൊരു പതിപ്പാണ് കര്‍ണാടകയില്‍ കണ്ടതെന്നാണ് പിണറായി വിജയന്റെ വിമര്‍ശനം. ഇതിനെ രാഷ്ട്രീയ വിമര്‍ശനം എന്ന് പറഞ്ഞ് തള്ളാന്‍ കോണ്‍ഗ്രസിനാകുമെങ്കിലും അടുത്ത വര്‍ഷം ആദ്യം ബെംഗളൂരുവില്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് നേരിടാനൊരുങ്ങുന്ന സര്‍ക്കാരിന് ഇതേല്‍പിക്കുന്ന ആഘാതം ചെറുതാകില്ല എന്ന തിരിച്ചറിവ് കോണ്‍ഗ്രസിലെ തന്നെ ഒരു വിഭാഗത്തിനുണ്ട്.
---------------
Hindusthan Samachar / Sreejith S