കടലാമകളുടെ പ്രജനന കാലത്തിന് തുടക്കമായി; മലപ്പുറം ജില്ലയുടെ തീരപ്രദേശങ്ങളിലേക്ക് മുട്ടയിടാനായി എത്തുന്നത് ആയിരക്കണക്കിന് ആമകള്‍
Malappuram, 26 ഡിസംബര്‍ (H.S.) മലപ്പുറം ജില്ലയുടെ തീരപ്രദേശങ്ങള്‍ കടലാമകളുടെ പ്രജനന കാലത്തിന് തുടക്കം കുറിക്കുകയാണ്. മുട്ടയിടാനായാണ് കടലില്‍നിന്ന് തീരങ്ങളിലേക്ക് ഇവ കയറിവരുന്നത്. കടലാമകളുടെ പ്രജനന കാലത്തിന് തുടക്കമായി. ഡിസംബർ മുതല്‍ ഏപ്രില്‍ വരെയ
sea ​​turtles


Malappuram, 26 ഡിസംബര്‍ (H.S.)

മലപ്പുറം ജില്ലയുടെ തീരപ്രദേശങ്ങള്‍ കടലാമകളുടെ പ്രജനന കാലത്തിന് തുടക്കം കുറിക്കുകയാണ്. മുട്ടയിടാനായാണ് കടലില്‍നിന്ന് തീരങ്ങളിലേക്ക് ഇവ കയറിവരുന്നത്.

കടലാമകളുടെ പ്രജനന കാലത്തിന് തുടക്കമായി. ഡിസംബർ മുതല്‍ ഏപ്രില്‍ വരെയാണ് കടലാമയുടെ പ്രജനനകാലം. വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പ്രജനന അതിനാല്‍ ഏറെ പ്രധാനമാണ്. കടല്‍ ആവാസവ്യവസ്ഥ നിയന്ത്രിക്കുന്നതിലെ സുപ്രധാന പങ്കാളികളാണ് കടലാമകള്‍.

സമുദ്രത്തിന്റെ ആരോഗ്യവും സന്തുലിതാവസ്ഥയും വിളിച്ചോതുന്ന 'ഇൻഡിക്കേറ്റർ സ്പീഷിസ്' (സൂചന ജീവജാതി) ആയ കടലാമകള്‍ മുട്ടയിടാനായി തീരങ്ങളിലേക്ക് എത്തുന്ന കാഴ്ചയാണിപ്പോള്‍. ജില്ലാ സാമൂഹിക വനവത്കരണ ഡിവിഷന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ സീസണില്‍ (2024 ഡിസംബർ 25 മുതല്‍ 2025 മാർച്ച്‌ 2 വരെ) മികച്ച പ്രവർത്തനങ്ങളാണ് നടന്നത്. 7,289 മുട്ടകള്‍ ശേഖരിച്ചു. 2,112 കുഞ്ഞുങ്ങള്‍ വിരിയുകയും വിജയകരമായി കടലിലേക്ക് മടങ്ങുകയും ചെയ്തു. 523 മുട്ടകള്‍ കുറുനരികളും നായ്ക്കളും തിന്നു തീർത്തു. 4,654 എണ്ണം വിവിധ കാരണങ്ങളാല്‍ വിരിയാതെ നശിച്ചു പോവുകയുമായിരുന്നു.

കടല്‍ ആവാസവ്യവസ്ഥയില്‍ ചെമ്മീൻ, പവിഴപ്പുറ്റുകള്‍ എന്നിവയുടെ നിലനില്‍പ്പിന് കടലാമകള്‍ അനിവാര്യമാണ്. വംശനാശഭീഷണി നേരിടുന്നതിനാല്‍ 1972-ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം (ഷെഡ്യൂള്‍ 1, പാർട്ട് 2) ഇവയ്ക്ക് ഉയർന്ന പരിരക്ഷ നല്‍കുന്നുണ്ട്. പൊന്നാനി മുതല്‍ പെരുമ്ബടപ്പ് വരെയുള്ള തീരങ്ങളിലാണ് കടലാമകള്‍ കൂടുതലായി എത്തുന്നത്.

കടല്‍ഭിത്തികളില്ലാത്ത മണല്‍ത്തിട്ടകളാണ് ഇവ മുട്ടയിടാനായി തിരഞ്ഞെടുക്കുന്നത്. മുട്ടകള്‍ സുരക്ഷിതമായി വിരിയിക്കാൻ തീരങ്ങളില്‍ താല്‍ക്കാലിക പ്രജനന കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. ശരാശരി 40 ദിവസമാണ് മുട്ടകള്‍ വിരിയാൻ എടുക്കുന്നത്. വിരിഞ്ഞയുടൻ കുഞ്ഞുങ്ങളെ വനംവകുപ്പിന്റെ നേതൃത്വത്തില്‍ കടലിലേക്ക് തുറന്നുവിടുന്നു.

കുറുനരികള്‍, നായ്ക്കള്‍, പരുന്തുകള്‍ എന്നിവയ്ക്ക് പുറമെ മനുഷ്യരും കടലാമ മുട്ടകള്‍ എടുക്കുന്നത് വലിയ വെല്ലുവിളിയാണ്. സാമൂഹിക വനവത്കരണ വകുപ്പ്, മലപ്പുറം ഡിവിഷൻ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവർ സംയുക്തമായാണ് സംരക്ഷണ പ്രവർത്തനങ്ങള്‍ നടത്തുന്നത്. തീരദേശ പോലീസിന്റെയും വിവിധ സന്നദ്ധ സംഘടനകളുടെയും സഹകരണം ഈ പദ്ധതിക്ക് കരുത്തുപകരുന്നു.

കടലാമകളുടെ വംശം ക്ഷയിക്കാതിരിക്കാൻ കൂടൊരുക്കുന്നവരാണിവർ. ആമമുട്ടയും ഇറച്ചിയും രോഗശമനം തരുമെന്നു വിശ്വസിച്ച്‌ അവയെ പിടിച്ചു വില്‍ക്കുന്നവരുമുണ്ട് ഇപ്പോഴും നമ്മുടെ നാട്ടില്‍. എന്തായാലും വന്യജീവി സംരക്ഷണ നിയമത്തിന്റെ ഒന്നാം ഷെഡ്യൂളില്‍ പെടുത്തി സംരക്ഷണ കവചം തീർക്കപ്പെട്ടവയാണ് കടലാമകള്‍.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News