Enter your Email Address to subscribe to our newsletters

Kannur , 26 ഡിസംബര്‍ (H.S.)
കർണാടകയിലെ ബുൾഡോസർ രാജിൽ രൂക്ഷവിമർശനവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥിന്റെ ‘ബുൾഡോസർ രാജ്’ കോൺഗ്രസിലൂടെ കർണാടകയിലും എത്തിയിരിക്കുകയാണെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു.
ബാംഗ്ലൂർ നഗരത്തിലെ യലഹങ്കയിലുള്ള ഫക്കീർ കോളനി, വസീം ലേഔട്ട് എന്നിവിടങ്ങളിലെ അഞ്ഞൂറോളം വീടുകളാണ് കഴിഞ്ഞ ദിവസം കർണാടക അധികൃതർ ബുൾഡോസർ ഉപയോഗിച്ച് തകർത്തത്. മൂന്ന് പതിറ്റാണ്ടിലേറെയായി അവിടെ താമസിക്കുന്ന മൂവായിരത്തോളം വരുന്ന മുസ്ലിം ജനവിഭാഗത്തെ യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് പുലർച്ചെ തെരുവിലേക്ക് തള്ളിവിട്ടതെന്ന് സനോജ് ചൂണ്ടിക്കാട്ടി.
പോസ്റ്റിന്റെ പൂർണ്ണ രൂപം
യോഗിയുടെ ബുൾഡോസർ രാജ് കോൺഗ്രസിലൂടെ കർണ്ണാടകയിലെത്തി നിൽക്കുകയാണ്.
ബാംഗ്ലൂർ നഗരത്തിലെ യലഹങ്കയിൽ മൂവായിരത്തോളം മുസ്ലിങ്ങൾ താമസിക്കുന്ന ഫക്കീർ കോളനിയിലും, വസീം ലേഔട്ടിലുമുള്ള അഞ്ഞൂറോളം വീടുകളാണ് കഴിഞ്ഞ ദിവസം പുലർച്ചെ കർണാടക പൊലീസും അധികൃതരും ബുൾഡോസർ വെച്ച് ഇടിച്ചു നിരത്തി പൊളിച്ചു മാറ്റിയത്.
സിദ്ധരാമയ്യയ സർക്കാരിന്റെ പോലീസ് മൂന്ന് പതിറ്റാണ്ടിലേറെ അവിടെ താമസിച്ചുവരുന്ന മൂവായിരത്തിലധികം മനുഷ്യരെ ഒരു മുന്നറിയിപ്പുമില്ലാതെ, പുലർച്ചെ തെരുവിലേക്ക് തള്ളി വിട്ടു, അവരുടെ കൂരകൾ ബുൾഡോസർ വച്ച് പൊളിച്ചടുക്കി.
കോൺഗ്രസുകാരും ലിബറലുകളും നിരന്തരം പാടുന്ന രാഹുൽ ഗാന്ധിയുടെ 'സ്നേഹത്തിന്റെ കട' ഇങ്ങനെയൊക്കെയാണ് സ്നേഹം പ്രകടിപ്പിക്കുന്നത്.
അടിയന്തരാവസ്ഥ കാലത്ത് ഡൽഹിയിലെ ചേരികളിൽ താമസിക്കുന്ന ദരിദ്ര മനുഷ്യർ ദില്ലിയുടെ സൗന്ദര്യം നശിപ്പിക്കുന്നു എന്ന് തോന്നിയപ്പോൾ ഇന്ദിരാ മകൻ സഞ്ജയ് ഇതുപോലെ ആയിരക്കണക്കിന് മനുഷ്യരുടെ കൂരകൾ ഇല്ലാതാക്കി അപ്പാവികളായ മനുഷ്യരെ ആട്ടിയോടിച്ചത് അടിയന്തരാവസ്ഥ ചരിത്രത്തിന്റെ കറുത്ത അധ്യായങ്ങളിലുണ്ട്. അത് സഞ്ജയ് ഗാന്ധിയിലൊതുങ്ങുന്നതല്ലെന്ന് കോൺഗ്രസ് പലവട്ടം പിന്നീടും തെളിയിച്ചിട്ടുണ്ട്.
പതിറ്റാണ്ടുകളായി വൈദ്യുതി ബില്ലും, വെള്ളക്കരവുമൊക്കെ അടച്ച് പോരുന്ന ഈ മനുഷ്യർ അവിടെ അനധികൃത തമാസക്കാരാണെന്നാണ് സിദ്ധരാമായ സർക്കാർ ഭാഷ്യം.
കേരളത്തിൽ പട്ടിണി കിടക്കേണ്ടി വരുന്ന അവസാന മനുഷ്യനേയും കണ്ടെത്തി അവർക്ക് ആവശ്യമായ രേഖകൾ നിർമ്മിച്ചു നൽകി അന്തസ്സുള്ള ജീവിതം നൽകി പൊതുസമൂഹത്തിന്റെ ഭാഗമാക്കാൻ ഒരു സർക്കാർ സംവിധാനം ആകെ പ്രവർത്തിച്ച് കേരളം അതി ദാരിദ്ര മുക്തമായി പ്രഖ്യാപിക്കപ്പെട്ടപ്പോൾ അതിനെ പരിഹസിച്ചു നടന്ന കോൺഗ്രസുകാരുടെ സ്വന്തം സർക്കാരാണ് പാവപ്പെട്ട മൂവായിരത്തോളം മുസ്ലീം ജനതയെ ദയയില്ലാതെ തെരുവിലിറക്കി വിട്ടത് എന്നോർക്കണം. അതും അവരുടെ തിരിച്ചറിയൽ രേഖകൾ ഉൾപ്പെടെ എല്ലാം ഉപജീവന സാമഗ്രികളും മണ്ണിനടിയിലാക്കി കൊണ്ട്.
കർണ്ണാടക നിയമ സഭക്കകത്ത് ആർ.എസ്.എസിന്റെ ഗണഗീതം പാടിയ ഡി.കെ ശിവകുമാറാണ് കർണ്ണാടക കോൺഗ്രസ് അധ്യക്ഷനും ബാഗ്ലൂർ വികസന അതോറിറ്റിയുടെ ചുമതലക്കാരനും. കോർപ്പറേറ്റ് മാഫിയകൾക്ക് വേണ്ടി ആയിരക്കണക്കിന് പാവപ്പെട്ട ജനതയെ തെരുവിലിറക്കാൻ യു.പിയിലെ യോഗിക്കും കർണ്ണാടകയിലെ സിദ്ധുവിനും ഡി.കെക്കുമൊക്കെ ഒരേ ആവേശമാണ്. ഇവിടെ ഇരയാക്കപ്പെടുന്നവരിൽ ഭൂരിപക്ഷം പാവപ്പെട്ട മുസ്ലീം ജനതയും.
ഇരുപത്തി നാല് മണിക്കൂർ എന്നോളം സംഘപരിവാറിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പോരാടുന്ന കമ്യൂണിസ്റ്റ് പാർടിയെ സിജെപി എന്ന് ചാപ്പയടിക്കുന്ന കേരളത്തിലെ സമുദായ സംരക്ഷണ പാർടി എന്നവകാശപ്പെടുന്ന മുസ്ലീം ലീഗോ, ഐക്യ ജമായത്തെ മുന്നണി നേതാക്കളോ ഇതിനെതിരെ കാമാ എന്നൊരക്ഷരം മിണ്ടിയിട്ടില്ല. ജമാ അത്തെ ഇസ്ലാമിയുടെ ഇരുട്ട് മുറി ഭടന്മാർ സിദ്ധാരമയ്യ സർക്കാരിന്റെ ഈ മുസ്ലീം വേട്ട എങ്ങനെ സൈദ്ധാന്തിക ഭാഷയിൽ അവതരിപ്പിച്ച് അന്റാർട്ടിക്ക വരെ കയറിയിറങ്ങി എങ്ങനെ കോൺഗ്രസിനെ രക്ഷിച്ചെടുക്കാം എന്ന ആലോചനയിലാവും.
---------------
Hindusthan Samachar / Roshith K