Enter your Email Address to subscribe to our newsletters

Ernakulam, 27 ഡിസംബര്‍ (H.S.)
അന്തരിച്ച തിരക്കഥാകൃത്തും നടനുമായ ശ്രീനിവാസനെ കുറിച്ചുള്ള ഓർമ്മകള്‍ പങ്കുവയ്ക്കുകയാണ് സിനിമാ രംഗത്തുള്ളവരും സഹപ്രവർത്തകരും എല്ലാം.
അക്കൂട്ടത്തില്‍ ഏറെ ഹൃദയഭേദകമായ അനുഭവം പങ്കുവച്ചത് ശ്രീനിവാസന്റെ ഡ്രൈവർ ആയിരുന്ന ഷിനോജ് പയ്യോളിയാണ്. ഒന്നര പതിറ്റാണ്ടില്‍ ഏറെക്കാലം ശ്രീനിവാസന്റെ വളയം പിടിച്ച ഷിനോജ് ആ കുടുംബത്തിലെ ഒരു അംഗത്തെ പോലെ തന്നെയായിരുന്നു എല്ലാവരും കണ്ടത്.ഇപ്പോഴിതാ വൈകാരികമായ ഒരു പോസ്‌റ്റ് പങ്കുവച്ച് രംഗത്ത് വന്നിരിക്കുകയാണ് ഷിനോജ് പയ്യോളി.
ശ്രീനിവാസനോടൊപ്പമുള്ള യാത്രകള്‍ ഒരുപാട് ഇഷ്‌ടമായിരുന്നു എന്നാണ് ഷിനോജ് കുറിക്കുന്നത്. ജീവിതത്തില്‍ ഇതുവരെ വാക്കുകൊണ്ടോ നോക്കുകൊണ്ടോ പോലും അദ്ദേഹം തന്നെ വേദനിപ്പിച്ചിട്ടില്ലെന്നും ഓർമ്മിക്കാൻ ഒരുപാട് ഓർമ്മകള്‍ സമ്മാനിച്ച അദ്ദേഹത്തിന് നന്ദിയെന്നും ഷിനോജ് പറയുന്നു.
ഷിനോജ് പയ്യോളിയുടെ ഫേസ്‌ബുക്ക് പോസ്‌റ്റ് പൂർണരൂപം:
പ്രിയപ്പെട്ട ശ്രീനി സർ.. ഒരുപാട് ഇഷ്ട്ടമായിരുന്നു സാറിന്റെ കൂടെയുള്ള യാത്രകള്‍. ഇക്കാലമത്രയും ഒരു ഡ്രൈവർ ആയിട്ടല്ല സാറിന്റെ മക്കളെ പോലെ തന്നെ എന്നെ കണ്ടു സ്നേഹിച്ചു. ഒരു നോട്ടം കൊണ്ടോ വാക്കുകള്‍ കൊണ്ടോ ഇന്നേവരെ എന്റെ മനസ് വേദനിപ്പിച്ചിട്ടില്ല. ഷിനോജിനു എന്ത് ആവിശ്യമുണ്ടെങ്കിലും എന്നോട് പറഞ്ഞാ മതി ജീവിതത്തില്‍ പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങള്‍ ഒന്നും തന്നെ ഇല്ല എന്ന് എപ്പോഴും പറയാറുള്ള ശ്രീനി സർ ഇപ്പൊ കൂടെ ഇല്ല.ആവിശ്യങ്ങള്‍ ഒന്നും തന്നെ ഒരിക്കലും ഞാൻ ചോദിക്കില്ല എന്ന് സാറിന് അറിയാവുന്നത് കൊണ്ടായിരിക്കാം വിനീതേട്ടനോടും ധ്യാനിനോടും പറഞ്ഞ് ചോറ്റാനിക്കരയില്‍ സ്ഥലം വാങ്ങി വീട് വെച്ച് തന്നത്.. എനിക്ക് ജീവിതത്തില്‍ കിട്ടിയ ഏറ്റവും വലിയ സമ്മാനം 'The gift of legend'. സാറിനെ പൊന്ന് പോലെ നോക്കിയ വിമല ടീച്ചറെ ഒരിക്കലും മറക്കാൻ കഴിയില്ല.ചേച്ചിക്ക് സാറായിരുന്നു ലോകം.. എവിടെ ആണെന്ന് അറിയില്ലെങ്കിലും അവിടെ ഒരു ഡ്രൈവറുടെ ആവിശ്യമുണ്ടെങ്കില്‍ എന്നെ വിളിക്കാൻ മറക്കരുതേ സർ. എന്നും ഓർമ്മിക്കാൻ ഒരു പാട് നല്ല ഓർമ്മകള്‍ സമ്മാനിച്ച ശ്രീനി സാറിന് ഹൃദയം നിറഞ്ഞ നന്ദി.അന്ന് ഷിനോജിന് ലഭിച്ചത് സ്വപ്‌നസാക്ഷത്കാരംശ്രീനിവാസന്റെ അവസാന നിമിഷം വരെ കൂടെയുണ്ടായിരുന്നയാളാണ് ഡ്രൈവര്‍ ഷിനോജ്. കഴിഞ്ഞ 17 വര്‍ഷമായി ഷിനോജ് ശ്രീനിവാസനൊപ്പമാണ്. സ്വന്തം കുടുംബത്തിലെ ഒരു അംഗത്തെപ്പോലെ തന്നെയായിരുന്നു ഷിനോജിനെ ശ്രീനിവാസനും ഭാര്യയും മക്കളും എല്ലാം കണക്കാക്കിയത്.കഴിഞ്ഞ വിഷുവിനാണ് ഷിനോജിന് സമ്മാനമായി വീട് ശ്രീനിവാസൻ വച്ച് നല്‍കിയത്.ശ്രീനിവാസന്റെ വീടിനോട് ചേര്‍ന്നുള്ള ഔട്ട്ഹൗസിലായിരുന്നു അതുവരെ ഷിനോജിന്റെ താമസം. തുടർന്ന് ശ്രീനിവാസന്‍ വീടിന്റെ കാര്യം പറഞ്ഞപ്പോള്‍ അത് വേണ്ട എന്നായിരുന്നു ഷിനോജിന്റെ ആദ്യ മറുപടി. എന്നാല്‍ പിന്നീട് വിനീത് ശ്രീനിവാസന്‍ അടക്കം ഇടപെട്ട് ഷിനോജിനെക്കൊണ്ട് ഇക്കാര്യം സമ്മതിപ്പിക്കുകയായിരുന്നു.ആ സമയത്ത് ആരോഗ്യാവസ്ഥ തീരെ മോശമായിരുന്നെങ്കിലും ഗൃഹപ്രവേശനത്തിന് ശ്രീനിവാസനും എത്തിയിരുന്നു. ശ്രീനിവാസന്റെ വീടിനോട് ചേര്‍ന്നുതന്നെയാണ് ഷിനോജിനും വീടൊരുക്കിയത്. പിന്നീട് ഷിനോജ് തന്നെയാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ഇപ്പോഴിതാ ജീവിതത്തില്‍ തനിക്ക് തന്നതിനെല്ലാം നന്ദി പറയുകയാണ് ഷിനോജ് ഇപ്പോള്‍.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR