Enter your Email Address to subscribe to our newsletters

Delhi, 27 ഡിസംബര്‍ (H.S.)
2025 ൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാരെ നാടുകടത്തിയത് സൗദി അറേബ്യയാണെന്ന വിവരം പുറത്തുവിട്ട് വിദേശകാര്യ മന്ത്രാലയം.
അമേരിക്കയില്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലേറിയതോടെ ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള വിദേശികളെ വ്യാപകമായി യുഎസില്‍ നിന്ന് നാടുകടത്തിയിരുന്നു. രാജ്യത്തെ കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമാക്കിയതിന്റെ ഭാഗമായിട്ടായിരുന്നു ഇത്. ഇന്ത്യക്കാരെ വിലങ്ങണിയിച്ച് നാട് കടത്തിയത് ഉള്‍പ്പെടെയുള്ള വാര്‍ത്തകള്‍ ഇന്ത്യയിലെ ദേശീയ മാധ്യമങ്ങളില്‍ നിറയുകയും ചെയ്തു. എന്നാല്‍ യുഎസിനേക്കാള്‍ കൂടുതല്‍ ഇന്ത്യക്കാരെ നാടു കടത്തിയ വിദേശ രാജ്യങ്ങളുണ്ട്. വിദേശകാര്യ മന്ത്രാലയമാണ് 2025-ല്‍ ഇന്ത്യക്കാരെ നാടുകടത്തിയ രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ടത്.
റിപ്പോര്‍ട്ടിലെ ഏറെ ശ്രദ്ധേയമായ കാര്യം ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരെ നാടുകടത്തിയ രാജ്യം യുഎസ് അല്ല, അത് സൗദി അറേബ്യയാണ്. 12 മാസത്തിനുള്ളില്‍ 11,000-ത്തിലധികം പേരെയാണ് സൗദി തിരിച്ചയച്ചത്. കുടിയേറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിച്ച അമേരിക്കയാകട്ടെ 3,800 ഇന്ത്യക്കാരെയാണ് മടക്കി അയച്ചത്.
81 രാജ്യങ്ങളില്‍ നിന്നായി ആകെ 24,600-ലധികം ഇന്ത്യക്കാരെയാണ് ഈ വര്‍ഷം നാട്ടിലേക്ക് തിരിച്ചയച്ചത്. ഇതില്‍ പകുതിയോളം പേരും സൗദിയില്‍ നിന്നു മാത്രമാണ്. ഗള്‍ഫ് നാടുകളിലെ തൊഴില്‍ നിയമങ്ങളിലെ മാറ്റങ്ങളും രേഖകളിലെ പിഴവുകളുമാണ് ഇത്രയധികം ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയായതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അമേരിക്കയില്‍ നിന്ന് ഈ വര്‍ഷം 3,800 ഇന്ത്യക്കാരെയാണ് നാടുകടത്തിയത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ അപേക്ഷിച്ച് യുഎസില്‍ നിന്നുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിതെങ്കിലും സൗദിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് വളരെ കുറവാണ്. യുഎസിലെ വാഷിങ്ടണ്‍ ഡിസി, ഹ്യൂസ്റ്റണ്‍ എന്നീ നഗരങ്ങളില്‍ അനധികൃതമായി താമസിച്ചിരുന്ന ഇന്ത്യക്കാരെയാണ് കൂടുതലും നാടുകടത്തിയത്. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമെ മ്യാന്‍മര്‍, യുഎഇ, മലേഷ്യ, ബഹ്റൈന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും വലിയ തോതില്‍ ഇന്ത്യക്കാരെ തിരിച്ചയച്ചിട്ടുണ്ട്.
മ്യാന്‍മര്‍ - 1,591, യുഎഇ - 1,469, ബഹ്റൈന്‍ - 764, മലേഷ്യ - 1,485), തായ്ലന്‍ഡ് - 481, കംബോഡിയ - 305 എന്നിങ്ങനെയാണ് തിരിച്ചയക്കപ്പെട്ട ഇന്ത്യക്കാരുടെ കണക്കുകള്‍.
81 രാജ്യങ്ങളില്‍ നിന്നാണ് 24,600-ലധികം ഇന്ത്യക്കാരെ നാട്ടിലേക്ക് തിരിച്ചയച്ചത്. ഇന്ത്യക്കാരെ നാടുകടത്തുന്നതിന് പിന്നില്‍ പ്രധാനമായും അഞ്ച് കാരണങ്ങളാണ് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നത്. വിസയുടെ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്നതാണ് ഇതില്‍ ഏറ്റവും പ്രധാനം. രണ്ടാമത്തെ കാരണം ശരിയായ വര്‍ക്ക് പെര്‍മിറ്റ് ഇല്ലാതെ ജോലി ചെയ്യുന്നത്. ആ രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ ലംഘിക്കുന്നത് കര്‍ശന നടപടികള്‍ക്ക് കാരണമാകുന്നു.
ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ത്യയില്‍ നിന്നുള്ള നിരവധി തൊഴിലാളികള്‍ നിര്‍മ്മാണ മേഖലയിലും വീട്ടുജോലിക്കാരായും ജോലി ചെയ്യുന്നുണ്ട്. അവരില്‍ ഭൂരിഭാഗവും ഏജന്റുമാര്‍ വഴി കുടിയേറുന്ന താഴ്ന്ന വൈദഗ്ധ്യമുള്ള തൊഴിലാളികളാണ്. പല കേസുകളിലും അധിക പണം സമ്പാദിക്കാനുള്ള ശ്രമത്തില്‍ ചെറിയ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നു. പ്രാദേശിക നിയമങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മ കാരണവും പല നിയമക്കുരുക്കുകളിലും ചെന്നു പെടാറുണ്ട്.
മൂന്നാമത്തെ കാരണം സൈബര്‍ തട്ടിപ്പുകളുമായി ബന്ധപ്പെട്ടതാണ്. മ്യാന്‍മര്‍, കംബോഡിയ തുടങ്ങിയ രാജ്യങ്ങളില്‍ ഉയര്‍ന്ന ശമ്പളം വാഗ്ദാനം ചെയ്ത് ഇന്ത്യക്കാരെ അവിടെ എത്തിച്ച് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ബന്ധിക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരികയാണ്. നാലാമതായി, തൊഴിലുടമകളില്‍ നിന്ന് ഒളിച്ചോടുന്നതും സിവില്‍-ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടുന്നതും നാടുകടത്തലിലേക്ക് നയിക്കുന്നു. അഞ്ചാമതായി, ഏജന്റുമാരുടെ തട്ടിപ്പിന് ഇരയായി വ്യാജ രേഖകളുമായി വിദേശത്തെത്തുന്നതും അവരെ പിടികൂടി നാട്ടിലേക്കു തിരിച്ചയക്കുന്നതും പതിവ് സംഭവമാണ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR