Enter your Email Address to subscribe to our newsletters

Kerala, 27 ഡിസംബര്‍ (H.S.)
മറ്റത്തൂർ പഞ്ചായത്തിൽ ബിജെപി പിന്തുണയിൽ കോൺഗ്രസ് വിമതയ്ക്ക് ജയം. കോൺഗ്രസ് വിമതയായി മത്സരിച്ച ടെസി ജോസ് കല്ലറയ്ക്കൽ പഞ്ചായത്ത് പ്രസിഡൻ്റാകും. 23 വർഷമായി എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്താണിത്. ഇത്തവണ എൽഡിഎഫിന് 10 യുഡിഎഫിന് 10 ( 2 വിമതരുടെ പിന്തുണയോടെ 10 )എൻഡിഎ നാല് എന്നീ സീറ്റുകളിലാണ് വിജയിച്ചത്. എൽഡിഎഫിനും യുഡിഎഫിനും 10 സീറ്റ് എന്ന നിലയിൽ എത്തിയതോടെ ടോസിലേക്കും നറുക്കെടുപ്പിലേക്കും കാര്യങ്ങൾ എത്തുകയായിരുന്നു.
ഇതിനിടയിലാണ് കോൺഗ്രസിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. യുഡിഎഫ് പാർലമെൻ്ററി പാർട്ടി യോഗം ചേർന്ന് വിമതനായി വിജയിച്ച കെ.ആർ. ഔസേപ്പിനെ പാർലമെൻററി പാർട്ടി നേതാവായി തെരഞ്ഞെടുത്തു. പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിപ്പിക്കാൻ തീരുമാനിച്ചു. എന്നാൽ മത്സരം നടക്കാനിരിക്കുന്നതിന് തൊട്ടുമുൻപ് കെ. ആർ. ഔസേപ്പ് എൽഡിഎഫുമായി ധാരണയുണ്ടാക്കി അവർക്കൊപ്പം ചേർന്നു. വിശ്വാസ വഞ്ചന കാണിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് അംഗങ്ങൾ രാജിവച്ചു.
എട്ട് കോൺഗ്രസ് അംഗങ്ങളും സ്വതന്ത്രനായി മാറിയതോടെ നാല് അംഗങ്ങളുള്ള ബിജെപിയും ഇവരെ പിന്തുണച്ചു. ഇവർ 12 പേരുടെയും പിന്തുണയോടെ കോൺഗ്രസ് വിമതയായി മത്സരിച്ച് ജയിച്ച രണ്ടാമത്തെ ആളായ ടെസി ജോസിനെ പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിപ്പിച്ച് ജയിച്ചു. ഫലത്തിൽ ബിജെപി പിന്തുണയോടെ കോൺഗ്രസ് വിമത പ്രസിഡൻ്റായി.
24 അംഗ പഞ്ചായത്തിൽ 10 അംഗങ്ങളുള്ള എൽഡിഎഫ് ഭരണം പിടിക്കുമെന്നായിരുന്നു പൊതുവെ കരുതപ്പെട്ടിരുന്നത്. എന്നാൽ എൽഡിഎഫിനെ പരാജയപ്പെടുത്താൻ കോൺഗ്രസ് – ബിജെപി അംഗങ്ങൾ ഒന്നിക്കുകയായിരുന്നു. എട്ട് കോൺഗ്രസ് അംഗങ്ങളും നാല് ബിജെപി അംഗങ്ങളും ഒരു സ്വതന്ത്രയും ചേർന്നതോടെ വോട്ടുനില 13 ആയി ഉയർന്നു. വോട്ടെടുപ്പിന് മുന്നോടിയായി എട്ട് കോൺഗ്രസ് അംഗങ്ങളും പാർട്ടിയിൽ നിന്ന് രാജിവച്ചു. ബിജെപി പിന്തുണ സ്വീകരിക്കുന്നത് വഴി ഉണ്ടാകാനിടയുള്ള പാർട്ടി അച്ചടക്ക നടപടികളും സാങ്കേതിക പ്രശ്നങ്ങളും ഒഴിവാക്കാനാണ് ഈ നീക്കമെന്നാണ് സൂചന.
പഞ്ചായത്തിലെ എൽഡിഎഫ് ആധിപത്യം തകർക്കാൻ പ്രാദേശിക തലത്തിൽ രൂപപ്പെട്ട ധാരണയുടെ അടിസ്ഥാനത്തിലാണ് ഈ നീക്കം നടന്നത്. 10 വോട്ടുകൾ ലഭിച്ച എൽഡിഎഫിന്റെ ഐബി അരുണനെതിരെ 13 വോട്ടുകൾ നേടിയാണ് ടെസ്സി ജോസ് വിജയിച്ചത്. കടുത്ത രാഷ്ട്രീയ വൈരികളായ കോൺഗ്രസും ബിജെപിയും ഭരണത്തിനായി ഒന്നിച്ചത് വരും ദിവസങ്ങളിൽ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിമരുന്നിടും.
ഇതുവരെ ജില്ലാ സംസ്ഥാന നേതൃത്വങ്ങൾ നിലപാട് പ്രഖ്യാപിക്കുകയോ രാജിവച്ച അംഗങ്ങളെ പുറത്താക്കുകയും ചെയ്തിട്ടില്ല.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR