വിഷൻ 2030 തിരുവനന്തപുരത്തെ അവഗണിച്ചതായി ആക്ഷേപം ; ശശി തരൂർ എംപി റെയിൽവേ മന്ത്രിക്ക് കത്തയച്ചു
ന്യൂ ഡൽഹി, 27 ഡിസംബര്‍ (H.S.) ഇന്ത്യൻ റെയിൽവേയുടെ ''വിഷൻ 2030'' പദ്ധതിയുടെ ഭാഗമായി ട്രെയിൻ സർവീസുകൾ ആരംഭിക്കാനുള്ള ശേഷി ഇരട്ടിയാക്കുന്നതിനായി തിരഞ്ഞെടുത്ത 48 നഗരങ്ങളുടെ പട്ടികയിൽ നിന്ന് തിരുവനന്തപുരത്തെ ഒഴിവാക്കിയതായി ആക്ഷേപം.. അവഗണനയ്ക്കെതി
ശശി തരൂർ


ന്യൂ ഡൽഹി, 27 ഡിസംബര്‍ (H.S.)

ഇന്ത്യൻ റെയിൽവേയുടെ 'വിഷൻ 2030' പദ്ധതിയുടെ ഭാഗമായി ട്രെയിൻ സർവീസുകൾ ആരംഭിക്കാനുള്ള ശേഷി ഇരട്ടിയാക്കുന്നതിനായി തിരഞ്ഞെടുത്ത 48 നഗരങ്ങളുടെ പട്ടികയിൽ നിന്ന് തിരുവനന്തപുരത്തെ ഒഴിവാക്കിയതായി ആക്ഷേപം..

അവഗണനയ്ക്കെതിരെ തിരുവനന്തപുരം എം.പി ഡോ. ശശി തരൂർ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചു.

നഗരങ്ങളിലെ റെയിൽവേ ഹബ്ബുകളിലെ തിരക്ക് പരിഹരിക്കാനുള്ള മന്ത്രാലയത്തിന്റെ നീക്കത്തെ സ്വാഗതം ചെയ്യുന്നുവെന്നും, എന്നാൽ ഈ പട്ടികയിൽ നിന്ന് തിരുവനന്തപുരത്തെ ഒഴിവാക്കിയത് നീതീകരിക്കാനാവില്ലെന്ന് അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.

ദക്ഷിണ റെയിൽവേയിലെ ആറ് പ്രധാന ഡിവിഷനുകളിൽ ലൊന്നായ തിരുവനന്തപുരം റെയിൽവേ ഡിവിഷൻ്റെ ആസ്ഥാനമാണ് തിരുവനന്തപുരം. 625 റൂട്ട് കിലോമീറ്ററോളം വിസ്തൃതിയുള്ള ഒരു ഡിവിഷൻ ആസ്ഥാനത്തെ ഇത്തരമൊരു വികസന പദ്ധതിയിൽ നിന്ന് ഒഴിവാക്കിയത് അത്ഭുതകരമാണ്.

കേരളത്തിൻ്റെ തലസ്ഥാനം എന്ന നിലയിലും, ദേശീയ ഖജനാവിലേക്കും റെയിൽവേ വരുമാനത്തിലേക്കും ഗണ്യമായ സംഭാവന നൽകുന്ന നഗരം എന്ന നിലയിലും തിരുവനന്തപുരത്തിന് അർഹമായ പരിഗണന ലഭിക്കേണ്ടതുണ്ട്.

തിരുവനന്തപുരം സെൻട്രലിലെ (TVC) തിരക്ക് കുറയ്ക്കുന്നതിനായി സാറ്റലൈറ്റ് ടെർമിനലുകളായ നേമം (TVC സൗത്ത്), കൊച്ചുവേളി (TVC നോർത്ത്) എന്നിവയുടെ വികസനം അനിവാര്യമാണ്. ഈ ആവശ്യങ്ങൾ പാർലമെൻ്റിൽ നിരന്തരം ഉന്നയിച്ചിട്ടുള്ളതാണ്.

ഉപഭൂഖണ്ഡത്തിന്റെ തെക്കേ അറ്റത്തേക്കുള്ള കവാടം എന്ന നിലയിലും, വിനോദസഞ്ചാര ഇടനാഴിയായും വളർന്നുവരുന്ന ഐടി ഹബ്ബായും തിരുവനന്തപുരം പ്രവർത്തിക്കുന്നു.

പട്ടികയിൽ കൊച്ചിയെ ഉൾപ്പെടുത്തിയതിൽ സന്തോഷമുണ്ടെങ്കിലും, ഡിവിഷൻ ആസ്ഥാനം കൂടിയായ സംസ്ഥാന തലസ്ഥാനത്തെ ഒഴിവാക്കിയത് അടിയന്തരമായി തിരുത്തേണ്ട പിഴവാണ്.

ഈ വിഷയം നേരിട്ട് പരിശോധിച്ച്, തിരഞ്ഞെടുത്ത നഗരങ്ങളുടെ പട്ടികയിൽ തിരുവനന്തപുരത്തെ ഉൾപ്പെടുത്തുമെന്ന് ഉറപ്പാക്കണമെന്ന് ശശി തരൂർ എംപി റെയിൽവേ മന്ത്രിയോട് ആവശ്യപ്പെട്ടു.

റെയിൽവേ അടിസ്ഥാന സൗകര്യ വികസനം തിരഞ്ഞെടുത്ത ഇടങ്ങളിൽ മാത്രമായി ഒതുങ്ങരുതെന്നും, അത് പ്രദേശത്തിന്റെ ഭരണപരമായ പ്രാധാന്യത്തിനും ആവശ്യങ്ങൾക്കും അനുസൃതമായിരിക്കണമെന്നും അദ്ദേഹം കത്തിൽ ഓർമ്മിപ്പിച്ചു.

തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിലെ തിരക്കും സൗകര്യങ്ങളുടെ അപര്യാപ്തതയും പരിഗണിച്ച് തിരുവനന്തപുരം സൗത്ത് നോർത്ത് സ്റ്റേഷനുകളുടെ വികസനവും ഉദ്ദേശിച്ചിരുന്നു.. കൊച്ചുവേളി നിയമം സ്റ്റേഷനുകളെയാണ് ഇത്തരത്തിൽ വികസിപ്പിക്കാൻ തീരുമാനിച്ചിരുന്നത്.. എന്നാൽ കൊച്ചുവേളിയിൽ നിന്ന് ചുരുക്കം ചില ട്രെയിനുകൾ ഓപ്പറേറ്റ് ചെയ്യുന്നുണ്ടെങ്കിലും നിയമം സ്റ്റേഷനെ പാടെ തഴഞ്ഞ മട്ടാണ്.. ഇതിനെതിരെയും നേരത്തെ പ്രതിഷേധമുയർന്നിരുന്നു..

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News