സ്വകാര്യ ആശുപത്രി ജീവനക്കാരുടെ മിനിമം വേതനം: കരട് വിജ്ഞാപനം ഒരു മാസത്തിനകം പുറപ്പെടുവിക്കാൻ മന്ത്രി വി. ശിവൻകുട്ടിയുടെ നിർദേശം
Thiruvananthapuram, 27 ഡിസംബര്‍ (H.S.) സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി മേഖലയിലെ ജീവനക്കാരുടെ മിനിമം വേതനം പരിഷ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു മാസത്തിനുള്ളിൽ ഔദ്യോഗിക ഗസറ്റിൽ കരട് വിജ്ഞാപനം പുറപ്പെടുവിക്കാൻ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത
V Shivankutti


Thiruvananthapuram, 27 ഡിസംബര്‍ (H.S.)

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി മേഖലയിലെ ജീവനക്കാരുടെ മിനിമം വേതനം പരിഷ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു മാസത്തിനുള്ളിൽ ഔദ്യോഗിക ഗസറ്റിൽ കരട് വിജ്ഞാപനം പുറപ്പെടുവിക്കാൻ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർദേശം നൽകി. തിരുവനന്തപുരത്ത് ചേർന്ന സ്വകാര്യ ആശുപത്രി വ്യവസായബന്ധ സമിതി യോഗത്തിലാണ് തൊഴിൽ വകുപ്പ് സെക്രട്ടറിക്ക് മന്ത്രി നിർദേശം നൽകിയത്.

മാനേജ്‌മെന്റ് പ്രതിനിധികളുടെ നിസ്സഹകരണം മൂലം മിനിമം വേതന കമ്മിറ്റി മുഖേന നടത്തിയ ചർച്ചകളിൽ തീരുമാനമാകാത്ത സാഹചര്യത്തിലാണ് 1948 ലെ മിനിമം വേതന നിയമത്തിലെ സെക്ഷൻ 5 (1) (ബി) പ്രകാരം സർക്കാർ നേരിട്ട് വിജ്ഞാപനം ഇറക്കാൻ തീരുമാനിച്ചത്. വേതന പരിഷ്‌കരണത്തിനായി 2023 ഒക്ടോബറിൽ സർക്കാർ രൂപീകരിച്ച കമ്മിറ്റി 14 ജില്ലകളിലും തെളിവെടുപ്പ് നടത്തുകയും നിരവധി യോഗങ്ങൾ ചേരുകയും ചെയ്തിരുന്നു. എന്നാൽ മാനേജ്‌മെന്റ് പ്രതിനിധികളുടെ പ്രതികൂല നിലപാട് മൂലം സമവായത്തിൽ എത്തിച്ചേരാൻ സാധിച്ചില്ല. ഭൂരിപക്ഷം ആശുപത്രികളിലും ഇപ്പോഴും 2013-ലെ നോട്ടിഫിക്കേഷൻ പ്രകാരമുള്ള വേതനമാണ് നൽകുന്നത്. നിലവിലെ ജീവിത സാഹചര്യത്തിൽ തൊഴിലാളികൾക്ക് കുടുംബമായി ജീവിച്ചുപോകാൻ ഇത് പര്യാപ്തമല്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

തൊഴിലാളികൾക്ക് മെച്ചപ്പെട്ട വേതനം ഉറപ്പാക്കേണ്ടത് സർക്കാരിന്റെ കടമയാണ്. ചർച്ചകൾ ഇനിയും അനന്തമായി നീട്ടിക്കൊണ്ടുപോകാൻ കഴിയില്ല. ഡിപ്പാർട്ട്‌മെന്റ് തലത്തിൽ തയ്യാറാക്കിയ, 2013 നോട്ടിഫിക്കേഷൻ ആസ്പദമാക്കിയുള്ള 60% വർദ്ധനവ് സംബന്ധിച്ച നിർദ്ദേശം ട്രേഡ് യൂണിയനുകൾ അംഗീകരിച്ചിരുന്നു. ഒരു ആശുപത്രിക്കും അധിക ബാധ്യതയുണ്ടാക്കുന്നതല്ല ഈ നിർദ്ദേശമെന്നും മന്ത്രി വ്യക്തമാക്കി.

കരട് വിജ്ഞാപനം പുറപ്പെടുവിക്കുമ്പോൾ ഇന്ത്യൻ അസ്സോസിയേഷൻ ഓഫ് ഫിസിയോതെറാപ്പിസ്റ്റ്, കേരള പ്രൈവറ്റ് ഫാർമസിസ്റ്റ് അസോസിയേഷൻ, ഇന്ത്യൻ സൊസൈറ്റി ഓഫ് റേഡിയോഗ്രാഫേഴ്സ് & ടെക്നോളജിസ്റ്റ്, ഇന്ത്യൻ സ്പീച്ച് ലാംഗേജ് & ഹിയറിങ് അസ്സോസിയേഷൻ തുടങ്ങിയ സംഘടനകൾ ഉന്നയിച്ച ആവശ്യങ്ങളും പരിഗണിക്കും. യോഗത്തിൽ അഡീഷണൽ ലേബർ കമ്മീഷണർ കെ.എം സുനിൽ, സ്വകാര്യ ആശുപത്രി മിനിമം വേതനം കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

2018 ഏപ്രിലിലാണ് അവസാനമായി കുറഞ്ഞ വേതനം നിശ്ചയിച്ച് വിജ്ഞാപനം ഇറക്കിയത്. എന്നാൽ അത് പൂർണമായി നടപ്പാക്കിയിരുന്നില്ല. ഈ സാഹചര്യത്തിൽ കുറഞ്ഞ വേദന നിശ്ചയിക്കാനും മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾ ഉറപ്പുവരുത്താനും കേരളസർക്കാർ 2023 ഒക്ടോബറിൽ ലേബർ കമ്മീഷണറുടെ നേതൃത്വത്തിൽ ഒരു സമിതിയെ രൂപീകരിച്ചിരുന്നു.

ഈ സമിതിയുടെ ശുപാർശകൾ പ്രകാരമാണ് വേതനത്തിൽ വർദ്ധനവ് വരുത്താനും എല്ലാ ആശുപത്രികളിലും അത് നടപ്പിലാക്കാനുമുള്ള നടപടികൾ പുരോഗമിച്ചുകൊണ്ടിരുന്നത്. നഴ്സുമാർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് കുറഞ്ഞ വേദനവും മികച്ച തൊഴിൽ സാഹചര്യവും ഉറപ്പാക്കാൻ സുപ്രീം കോടതിയും നിർദ്ദേശിച്ചിട്ടുണ്ട്.

സർക്കാർ നിയോഗിച്ച സമിതി കുറഞ്ഞ വേദന സംബന്ധിച്ച് സർക്കാരിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. വേതനത്തോടൊപ്പം മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾ ഉറപ്പാക്കുക എന്നത് മെഡിക്കൽ രംഗത്ത് പ്രവർത്തിക്കുന്നവരുടെ ക്ഷേമത്തിന് അത്യന്താപേക്ഷിതമാണ്

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News