വടകര ബ്ലോക്ക് പഞ്ചായത്തിൽ ആർജെഡി പിന്തുണയോടെ യുഡിഎഫ് അധികാരത്തിൽ.
Kozhikode, 27 ഡിസംബര്‍ (H.S.) എൽഡിഎഫ് യുഡിഎഫ് മുന്നണികൾക്ക് തുല്യ സീറ്റ് ആയിരുന്ന വടകര ബ്ലോക്ക് പഞ്ചായത്തിൽ യുഡിഎഫ് അധികാരത്തിലെത്തി. ആർജെഡി അംഗത്തിൻ്റെ വോട്ട് യുഡിഎഫിന് ലഭിച്ചതാണ് അധികാരം ലഭിക്കാൻ കാരണം. കുഞ്ഞിപ്പള്ളി വാർഡിൽ നിന്ന് ജയിച്ച രജനിയു
Vadakara block panchayat


Kozhikode, 27 ഡിസംബര്‍ (H.S.)

എൽഡിഎഫ് യുഡിഎഫ് മുന്നണികൾക്ക് തുല്യ സീറ്റ് ആയിരുന്ന വടകര ബ്ലോക്ക് പഞ്ചായത്തിൽ യുഡിഎഫ് അധികാരത്തിലെത്തി. ആർജെഡി അംഗത്തിൻ്റെ വോട്ട് യുഡിഎഫിന് ലഭിച്ചതാണ് അധികാരം ലഭിക്കാൻ കാരണം. കുഞ്ഞിപ്പള്ളി വാർഡിൽ നിന്ന് ജയിച്ച രജനിയുടെ വോട്ടാണ് യുഡിഎഫ് സ്ഥാനാർഥിക്ക് ലഭിച്ചത്. ഇരു മുന്നണികൾക്കും ഏഴു വീതം സീറ്റുകൾ ഉണ്ടായിരുന്ന ബ്ലോക്കിൽ 8 സീറ്റുകളോടെയാണ് യുഡിഎഫ് ഭരണത്തിൽ എത്തിയത്.

നറുക്കെടുപ്പിന് മുന്നോടിയായി നടത്തിയ തെരഞ്ഞെടുപ്പിലാണ് ഇടതുപക്ഷത്തെ പാർട്ടിയുടെ വോട്ട് വലതുപക്ഷത്ത് എത്തിയത്. എന്നാൽ ഈ തെരഞ്ഞെടുപ്പിൽ മെമ്പർക്ക് സംഭവിച്ച അബദ്ധമാണ് യുഡിഎഫിന് അധികാരം ലഭിക്കാൻ കാരണമായത്. മെമ്പർ അത് മനപ്പൂർവ്വം ചെയ്‌തതല്ലെന്നും ആർജെഡി നേതാവ് എം കെ ഭാസ്‌കരൻ പറഞ്ഞു. സിപിഎമ്മിലെ സത്യൻ മാഷ് ആയിരുന്നു ബ്ലോക്കിലെ ഇടതുപക്ഷത്തിന് സ്ഥാനാർഥി.

ഇന്നലെ നടന്ന മോക്ക് പോളിങ്ങിൽ ഒന്നാം നമ്പറിൽ വരുന്ന സ്ഥാനാർഥി സിപിഎമ്മിൻ്റെ സത്യൻ മാഷ് ആണെന്നും ഒന്നാം നമ്പർ നേരെ മാർക്ക് ചെയ്യണമെന്നും പാർട്ടിക്കാർ രജനിയെ പഠിപ്പിച്ചു. എന്നാൽ ഇന്ന് ബാലറ്റ് കയ്യിൽ കിട്ടിയ സമയത്ത് ഒന്നാം നമ്പറിൽ യുഡിഎഫ് സ്ഥാനാർഥിയായ കോട്ടയിൽ രാധാകൃഷ്‌ണൻ്റെ പേരായിരുന്നു ഉണ്ടായിരുന്നത്. ഇന്നലെ ലഭിച്ച നിർദ്ദേശപ്രകാരം പേരുപോലും വായിച്ചു നോക്കാതെ രജനി ഒന്നാം നമ്പർ നേരെ മാർക്ക് ചെയ്‌തു. ഇങ്ങനെ പറഞ്ഞു പഠിപ്പിച്ചതാണ് സത്യത്തിൽ വിനയായതും.

ഫലം വന്നപ്പോൾ യുഡിഎഫിന് എട്ടും എൽഡിഎഫിന് ആറും. അബദ്ധം പറ്റിയതോടെ രജനി കൗൺസിൽ ഹാളിൽ നിന്ന് പുറത്ത് വരാതെ കരഞ്ഞു ഇരിപ്പായിരുന്നു എന്ന് എം കെ ഭാസ്‌കരൻ പറഞ്ഞു. എന്തായാലും അവർക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് ആർജെഡി നേതൃത്വം പറയുന്നത്. ഈ അബദ്ധത്തിന് പരിഹാരമായി തങ്ങൾക്ക് അനുവദിച്ച വൈസ് പ്രസിഡണ്ട് സീറ്റ് സിപിഎമ്മിന് നൽകുകയാണെന്നും ഭാസ്‌കരൻ പറഞ്ഞു.

എൽഡിഎഫിൽ ആർജെഡി അസ്വസ്ഥരാണെന്നും യുഡിഎഫ് പക്ഷത്തേക്ക് പോകുമെന്നുമുള്ള വാർത്തകൾ പുറത്തുവരുന്നതിനിടെയാണ് സോഷ്യലിസ്റ്റുകളുടെ തട്ടകമായ വടകരയിൽ ഭരണം യുഡിഎഫിന് പോയത്. കോൺഗ്രസും ആർഎംപിയും അടങ്ങുന്ന ജനകീയ മുന്നണിയാണ് ഇനി ബ്ലോക്ക് പഞ്ചായത്ത് ഭരിക്കുക.

അതിനിടെ ഇരുമുന്നണികളും തുല്യത പാലിച്ച ബാലുശേരി, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തുകളിൽ നറുക്കെടുപ്പിലൂടെ യുഡിഎഫ് വിജയിച്ചു. ഗ്രാമ പഞ്ചായത്തുകളിൽ തുല്യത വന്ന നാലു പഞ്ചായത്തുകളിൽ കോട്ടൂരിലും നന്മണ്ടയിലും യുഡിഎഫ് നറുക്കെടുപ്പിലൂടെ വിജയിച്ചു. തിരുവള്ളൂരിൽ എൽഡിഎഫ് ആണ് ഭരണത്തിൽ എത്തിയത്. മൂടാടിയിൽ തർക്കം തുടരുകയാണ്.

എന്തായാലും ജില്ലയിൽ യുഡിഎഫിന് തെരഞ്ഞെടുപ്പിൽ മേൽക്കൈ ഉണ്ടായതിന് പുറമേ നറുക്കെടുപ്പിലും ഭാഗ്യം കടാക്ഷിച്ചിരിക്കുകയാണ്. ഇങ്ങനെയൊക്കെ സംഭവിക്കാൻ യുഡിഎഫ് എന്തോ പ്രത്യേക പൂജ ചെയ്‌തിട്ടുണ്ടാകും എന്നായിരുന്നു വിഷയത്തോട് ആർജെഡി നേതാവ് എം കെ ഭാസ്‌കരൻ്റെ പ്രതികരണം.

കോഴിക്കോട് ജില്ലാ പഞ്ചായത്തിൽ ചരിത്രത്തിൽ ആദ്യമായി യുഡിഎഫ് ഭരണ കസേരയിൽ ഇരുന്നു. കോൺഗ്രസിലെ മില്ലി മോഹനാണ് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്. കോടഞ്ചേരി ഡിവിഷനിൽ നിന്നാണ് മില്ലി മോഹൻ കൊട്ടാരത്തിൽ 6822 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ ജയിച്ചത്. നിലവിൽ മഹിളാ കോൺഗ്രസ് സംസ്ഥാന ഉപദേശക ബോർഡ് അംഗവും ജനശ്രീയുടെ സംസ്ഥാന പ്രവർത്തക സമിതി അംഗവുമാണു മില്ലി മോഹൻ. മഹിളാകോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറിയുമാണ്.

അതിനിടെ തെരഞ്ഞെടുപ്പ് ഫലം വന്ന ആഹ്ലാദ പ്രകടനത്തിനിടെ വെള്ളമാണെന്ന് കരുതി വിനാഗിരി കുടിച്ച് ആശുപത്രിയിലായ താമരശേരി ഡിവിഷൻ അംഗം പിജി മുഹമ്മദ് വോട്ട് ചെയ്യാൻ എത്തി. ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് വോട്ട് ചെയ്യാൻ എത്തിയത്. 28 അംഗ ജില്ലാ പഞ്ചായത്ത് യുഡിഎഫ് 15 എൽഡിഎഫ് 13 എന്നിങ്ങനെയാണ് കക്ഷിനില.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News