Enter your Email Address to subscribe to our newsletters

Kozhikkode, 27 ഡിസംബര്‍ (H.S.)
മുഖ്യമന്ത്രി പിണറായി വിജയനും ഉണ്ണികൃഷ്ണൻ പോറ്റിയും ഒരുമിച്ചുള്ള എഐ ഫോട്ടോ പങ്കുവച്ച കോൺഗ്രസ് നേതാവ് എൻ. സുബ്രഹ്മണ്യൻ പൊലീസ് കസ്റ്റഡിയിൽ. സുബ്രഹ്മണ്യൻ്റെ ചാത്തമംഗലം ചെത്തുകടവിലെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. ഇതിനുപിന്നാലെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.കലാപാഹ്വാനത്തിനാണ് കേസ്. സ്റ്റേഷനിലേക്ക് പോകും വഴി ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് എൻ. സുബ്രഹ്മണ്യത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഫോട്ടോയിൽ കൃത്രിമം കാണിച്ചിട്ടില്ലെന്നും, ഫാക്ട് ചെക്ക് നടത്തിയിട്ടാണ് ഫോട്ടോ ഷെയർ ചെയ്തതെന്നും സുബ്രഹ്മണ്യൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. താൻ പങ്കുവച്ചത് യഥാർഥ ഫോട്ടോ ആണെന്നും, നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും സുബ്രഹ്മണ്യൻ പറഞ്ഞു. സോഷ്യൽ മീഡിയയിലുള്ള ഫോട്ടോകളാണ് താനും സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരൻ ഉൾപ്പെടെ ഈ ഫോട്ടോ പങ്കുവെച്ചിരുന്നു. എന്തുകൊണ്ട് അവർക്കെതിരെ നടപടി എടുക്കുന്നില്ല എന്നും സുബ്രഹ്മണ്യൻ ചോദ്യം ഉന്നയിച്ചു.
കൂടാതെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വർണക്കൊള്ള കേസ് പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി സംസാരിച്ചിട്ടില്ലെന്ന് വ്യക്തമാകുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. പോറ്റിയുമായി സംസാരിക്കുന്നതെന്ന പേരിൽ പ്രചരിച്ചത്, മുഖ്യമന്ത്രി കടന്ന് പോകുമ്പോൾ എടുത്ത ചിത്രമെന്ന് തെളിഞ്ഞു. പരിപാടിയുടെ നോട്ടീസിലും പോറ്റിയുടെ പേരില്ല.
ശബരിമലയിലേക്ക് ഭീമാ ഗ്രൂപ്പ് സ്പോൺസർ ചെയ്ത ആംബുലൻസ് ഉദ്ഘാടന പരിപാടിയിലാണ് ഉണ്ണികൃഷ്ണൻ പോറ്റി പങ്കെടുത്തത്. മട്ടന്നൂർ ശങ്കരൻകുട്ടി, പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ എന്നിവരുണ്ടെങ്കിലും, പരിപാടിയുടെ പോസ്റ്ററിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ പേരില്ല. സ്പോൺസർമാരുടെ ക്ഷണപ്രകാരമായിരുന്നു പോറ്റി എത്തിയത്.
മുഖ്യമന്ത്രി പിണറായി വിജയൻ പോറ്റിയോട് അടക്കം പറഞ്ഞു സംസാരിച്ചു എന്നടക്കമുള്ള വ്യാജവാദങ്ങളായിരുന്നു പ്രചരിച്ചത്. എന്നാൽ പോറ്റിയെ തൊഴുത് പോകുന്നത് മാത്രമാണ് ദൃശ്യങ്ങളിൽ കാണുന്നത്. ഇതിനിടെ പോറ്റിയെ മറികടന്ന് പോകുന്നതായും ദൃശ്യങ്ങളിൽ കാണാം. ഇത് പ്രത്യേകം മുറിച്ചെടുത്തായിരുന്നു പ്രചാരണം നടത്തിയത്.
കഴിഞ്ഞ ദിവസം പിണറായിയും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിൽ അഗാധമായ ബന്ധമുണ്ടാകാൻ എന്തായിരിക്കും കാരണം എന്ന ക്യാപ്ഷനോടെയായിരുന്നു എൻ. സുബ്രഹ്മണ്യൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവച്ചത്. ഇരുവരുടെയും എഐ ചിത്രങ്ങളും പോസ്റ്റിലുണ്ടായിരുന്നു.
അതേസമയം ചിത്രം എഐ ആണെന്ന് വ്യക്തമാക്കിക്കൊണ്ട് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്തെത്തിയിരുന്നു. ഇതിന്റെ പിന്നിലെ വസ്തുത വൈകാതെ പുറത്തുവരുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി പറഞ്ഞിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR