Enter your Email Address to subscribe to our newsletters

Thrissur, 27 ഡിസംബര്‍ (H.S.)
തൃശ്ശൂര്‍ മറ്റത്തൂരില്‍ ബിജെപിയുമായി സഖ്യം ചേര്‍ന്ന് കോണ്‍ഗ്രസ് മെമ്പര്‍മാര്‍. മറ്റത്തൂര്‍ പഞ്ചായത്ത് ഭരണം പിടിക്കാനാണ് കോണ്‍ഗ്രസ് മെമ്പര്‍മാര്‍ ബിജെപിക്കൊപ്പം ചേര്‍ന്നത്. പഞ്ചായത്തില്‍ ജയിച്ചു വന്ന എട്ട് കോണ്‍ഗ്രസ് മെമ്പര്‍മാരും പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് ബിജെപിയുമായി സഖ്യമുണ്ടാക്കി. സ്വത്രന്ത സ്ഥാനാര്‍ത്ഥിയായി ജയിച്ച ടെസി ജോസ് കല്ലറയ്ക്കലിന് പിന്തുണച്ചു.
23 അംഗ പഞ്ചായത്തില്‍ കോണ്‍ഗ്രസ് 8, ബിജെപി 4, എല്‍ഡിഎഫ് 9, സ്വതന്ത്രര്‍ 2 എന്നിങ്ങനെ ആയിരുന്നു കക്ഷി നില. സ്വതന്ത്രരായി മത്സരിച്ച് ജയിച്ച് ജോസ് കല്ലറയ്ക്കല്‍, കെആര്‍ ഔസേപ്പ് എന്നിവര്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു. കോണ്‍ഗ്രസ് വിമതനായി മത്സരിച്ചു ജയിച്ച ഔസേപ്പിന് എല്‍ഡിഎഫ് പിന്തുണയും പ്രഖ്യാപിച്ചു. വോട്ടെടുപ്പ് ദിവസമായ ഇന്നാണ് അപ്രതീക്ഷിത ട്വിസ്റ്റ് ഉണ്ടായത്.
കോണ്‍ഗ്രസില്‍ നിന്ന് ജയിച്ച 8 മെമ്പര്‍മാരും പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. പിന്നാലെ ബിജെപി അംഗങ്ങള്‍ക്ക് ഒപ്പം ചേര്‍ന്ന് ജോസ് കല്ലറയ്ക്കലിന് പിന്തുണയും പ്രഖ്യാപിച്ചു. വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ 12 വോട്ട് നേടി ജോസ് പ്രസിഡന്റായി. ബിജെപിയുടെ ഒരു വോട്ട് അസാധുവായി. കെ.ആര്‍ ഔസേഫിന് പത്ത് വോട്ടും ലഭിച്ചു. സ്വതന്ത്ര അംഗത്തെ കൂട്ടുപിടിച്ച് ഭരണം ഉറപ്പാക്കാനുള്ള എല്‍ഡിഎഫ് നീക്കങ്ങള്‍ ചെറുക്കാനാണ് ഈ നീക്കം നടത്തിയത്. രാഷ്ട്രീയ നീക്കങ്ങള്‍ കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസിന് പഞ്ചായത്തില്‍ ഒരു അംഗംപോലും ഇല്ലാത്ത അവസ്ഥയാണ്.
മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയോടും സാധാരണക്കാരായ പാര്‍ട്ടി പ്രവര്‍ത്തകരോടും നേതൃത്വം കാണിച്ച നീതികേടില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് മെമ്പര്‍മാര് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. മിനിമോള്‍, ശ്രീജ, സുമ ആന്റണി, അക്ഷയ് സന്തോഷ്, പ്രിന്റോ പള്ളിപ്പറമ്പന്‍, സിജി രാജേഷ്, സിബി പൗലോസ്, നൂര്‍ജഹാന്‍ നവാസ് എന്നിവരാണ് രാജി സമര്‍പ്പിച്ചത്.
സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുകയാണ്. തിരുവനന്തപുരം ജില്ല പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ എല്‍ ഡി എഫിലെ വി പ്രിയദര്‍ശിനിക്ക് വിജയം. തിരുവനന്തപുരം ജില്ലാ പഞ്ചായത്തില്‍ 15 സീറ്റുകള്‍ നേടിയ എല്‍ ഡി എഫ് നേരത്തെ തന്നെ ജയമുറപ്പിച്ചിരുന്നു. 13 സീറ്റുകളുടെ ബലത്തില്‍ യു ഡി എഫിന് വേണ്ടി പോരിനിറങ്ങിയ ആഗ്‌നസ് റാണി അധ്യക്ഷ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. തിരുവനന്തപുരം കല്ലമ്പലം ഡിവിഷനില്‍ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗമാണ് വി പ്രിയദര്‍ശിനി. സി പി എം വര്‍ക്കല ഏരിയ കമ്മിറ്റി അംഗമായി പ്രവര്‍ത്തിക്കുന്ന പ്രിയദര്‍ശിനി മികച്ച ഭൂരിപക്ഷത്തിനാണ് കല്ലമ്പലത്ത് വിജയം സ്വന്തമാക്കിയത്. എതിരാളികളില്ലാതെ ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തേക്ക് പ്രിയദര്‍ശിനി എത്തുന്നത് തടയാനാണ് യു ഡി എഫ് ആഗ്‌നസ് റാണിയെ രംഗത്തിറക്കിയത്. വെങ്ങാനൂരില്‍ നിന്നാണ് ആഗ്‌നസ് റാണി ജില്ലാ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
---------------
Hindusthan Samachar / Sreejith S