Enter your Email Address to subscribe to our newsletters

New delhi, 27 ഡിസംബര്‍ (H.S.)
തൊഴിലുറപ്പ് പദ്ധതിയില്‍ വരുത്തിയ മാറ്റങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് രാജ്യവ്യാപക പ്രക്ഷോഭം പ്രഖ്യാപിച്ചു. . ജനുവരി 5 മുതല്‍ തൊഴിലുറപ്പ് രക്ഷാ പ്രചാരണം നടത്തുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. മഹാത്മാ ഗാന്ധിയുടെ പേരും പഴയ നിയമവും പുനസ്ഥാപിക്കണം എന്നാണ് ആവശ്യം.
സ്ത്രീ ശാക്തീകരണവും നൂറ് തൊഴില്‍ ദിനങ്ങളും നേരത്തെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉറപ്പ് വരുത്തിയിരുന്നു. പുതിയ നിയമം ഇതിനെയെല്ലാം അട്ടിമറിക്കുകയാണ്. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടന്ന പോരാട്ടം ആവര്‍ത്തിക്കും. പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധം ശക്തമാക്കും. ഗാന്ധിയെന്ന പേര് സര്‍ക്കാരിനെ വിറളിപിടിപ്പിക്കുകയാണ്. ഗാന്ധികുടുംബത്തെ അവര്‍ വെറുക്കുന്നു. അതുപോലെ ഗാന്ധിജിയെയും എന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതികരിച്ചു.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിര്‍ത്തലാക്കാനുള്ള തീരുമാനം രാജ്യത്തെ പാവപ്പെട്ടവരുടെ ജീവിതം ദുസ്സഹമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലുറപ്പ് പദ്ധതി നിര്‍ത്തലാക്കിയതിലൂടെ പാവപ്പെട്ടവരുടെ ഉപജീവനമാര്‍ഗ്ഗമാണ് ഇല്ലാതാക്കിയത്. ഇത് രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ഖാര്‍ഗെ ചൂണ്ടിക്കാട്ടി. രാജ്യത്തെ ജനാധിപത്യവും ഭരണഘടനയും വലിയ വെല്ലുവിളികളാണ് നേരിടുന്നത്. മോദി സര്‍ക്കാരിന്റെ തീരുമാനങ്ങളെല്ലാം കോര്‍പ്പറേറ്റുകളെ സഹായിക്കാനാണെന്നും അദ്ദേഹം ആരോപിച്ചു.
വോട്ടുകള്‍ ഇല്ലാതാക്കാന്‍ ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും ചേര്‍ന്ന് ഗൂഢാലോചന നടത്തുകയാണ്. വോട്ടര്‍ പട്ടികയില്‍ നിന്ന് പേരുകള്‍ അനാവശ്യമായി ഒഴിവാക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.ക്രിസ്മസ് ദിനത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന അക്രമങ്ങള്‍ ഇന്ത്യയുടെ അന്താരാഷ്ട്ര പ്രതിച്ഛായയെ ബാധിച്ചു. ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെയും അദ്ദേഹം അപലപിച്ചു.കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് ഒരുങ്ങാന്‍ ഖാര്‍ഗെ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഫെഡറല്‍ സംവിധാനത്തിന് നേരെയുള്ള ആക്രമണം ഭരണഘടന തത്വങ്ങള്‍ക്ക് നേരെയുള്ള ആക്രമണമാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിയിലെ മാറ്റം പ്രധാനമന്തി നരേന്ദ്ര മോദിയുടെ ഓഫീസ് നേരിട്ട് തീരുമാനിച്ചതാണ്. വകുപ്പ് മന്ത്രി അറിഞ്ഞിട്ടില്ല, മന്ത്രിമാര്‍ക്കൊന്നും അറിയില്ല. വണ്‍മാന്‍ഷോ മാത്രമാണ്. നോട്ട് നിരോധനം പോലെയൊരു തീരുമാനം. ഇതിന്റെ നേട്ടം എല്ലാ അര്‍ത്ഥത്തിലും അദാനിക്ക് മാത്രമാണ്. സംസ്ഥാനങ്ങളോട് പണം കണ്ടെത്താന്‍ പറഞ്ഞിട്ട് കേന്ദ്ര വിഹിതമായ പണം അദാനിക്ക് പല വിധത്തില്‍ എത്തിച്ച് നല്‍കാനാണ് പ്രധാനമന്ത്രിയുടെ തീരുമാനമെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.
---------------
Hindusthan Samachar / Sreejith S